പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡിയില്‍
1 min read
പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രതികളെന്നു സംശയിക്കുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. അടൂര്‍ സ്വദേശികളായ ഇവരെ ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ച വൈകിട്ടാണു ജോര്‍ജ് ഉണ്ണൂണ്ണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്..
ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മുഖത്തു ക്ഷതമേറ്റിട്ടുണ്ടെന്നും ഒരു വാരിയെല്ലില്‍ പൊട്ടലുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. കൊലപാതകം നടന്നതു മോഷണത്തിനിടെയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്തു മുറുക്കി കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍ ശരീരത്തിലുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി വി.അജിത് വ്യക്തമാക്കി. ജോര്‍ജ് ഉണ്ണൂണ്ണിയുടെ കഴുത്തിലുണ്ടായിരുന്ന 9 പവന്റെ മാലയും ലോക്കറ്റും കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. മാലയുടെ കൊളുത്തു തറയില്‍നിന്നു ലഭിച്ചിട്ടുണ്ട്. മേശ വലിപ്പു തുറന്നു കിടക്കുകയായിരുന്നു. കഴുത്തു ഞെരിച്ചു കൊല്ലാന്‍ ഉപയോഗിച്ചെന്നു കരുതുന്ന 2 കൈലി മുണ്ടുകളും ഷര്‍ട്ടും പൊലീസ് കടയ്ക്കുള്ളില്‍നിന്നു കണ്ടെടുത്തു. ശരീരത്തില്‍ മറ്റു പരുക്കുകള്‍ കാണാനില്ല.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. സംഭവ സ്ഥലത്തു നിന്നു മണം പിടിച്ച പൊലീസ് നായ, 400 മീറ്റര്‍ അകലെ ആള്‍ത്താമസമില്ലാത്ത വീട്ടിലേക്ക് ഓടിക്കയറി. പൊലീസ് ഇവിടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.