ഭാര്യ കൊന്ന് കുഴിച്ചുമൂടിയ നൗഷാദിനെ കണ്ടെത്തിയത് എ.ആർ രാജേഷ്
1 min readമാധ്യമങ്ങളിലെ ചിത്രം കണ്ട് സംശയം തോന്നിയ രാജേഷ് പൊലീസിനെ അറിയിക്കുകയായിരുന്നു
ഭാര്യ ഒന്നര വർഷം മുമ്പ് കൊന്നു കുഴിച്ചുമൂടിയ നൗഷാദിനെ ജീവനോടെ കണ്ടെത്തിയത് എ.ആർ. രാജേഷിന്റെ സംശയം കാരണം. തൊമ്മൻകുത്തിൽ ആവണി സ്റ്റോഴ്സ് എന്ന കട നടത്തുകയാണ് രാജേഷ്. പത്രങ്ങളിൽ വന്ന നൗഷാദിന്റെ ചിത്രം കണ്ട് സംശയം തോന്നിയ രാജേഷ് അക്കാര്യം ബന്ധുവായ പൊലീസ് ഓഫീസർ ജെയമോനെ വിളിച്ചറിയിക്കുകയായിരുന്നു.
നൗഷാദിനെ കൊന്ന് കുഴിച്ചുമൂടി എന്ന ഭാര്യയുടെ മൊഴിയെ തുടർന്ന് വ്യാപകമായ പരിശോധനയിലായിരുന്നു പൊലീസ് . മണ്ണു നീക്കിയുള്ള പരിശോധനയും തുടങ്ങി. ഇതിനെത്തുടർന്ന് നൗഷാദിന്റെ ചിത്രമുൾപ്പെടെ പത്രങ്ങളിൽ വാർത്തയും നിറഞ്ഞു. നൗഷാദിന്റെ ചിത്രം കണ്ട് മുഖപരിചയം തോന്നിയ രാജേഷ് ജെയ്മോനെ വിളിച്ചറിയിച്ചു. നൗഷാദും അയാളുടെ തൊഴിലുടമ സന്തോഷും പലതവണ രാജേഷിന്റെ കടയിൽ വന്നിട്ടുണ്ട്. ഇവരുടെ താമസസ്ഥലത്തെ കുറിച്ചുള്ള വിവരവും സന്തോഷിന്റെ മൊബൈൽ നമ്പരും രാജേഷ് ജെയ്മോന് കൈമാറി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ കണ്ടെത്തിയത്.
നൗഷാദുമായോ സന്തോഷമായോ കൂടുതൽ അടുത്തിടപെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും പല പ്രാവശ്യം കണ്ടിട്ടുള്ളതുകൊണ്ടാണ് തിരിച്ചറിയാൻ പറ്റിയതെന്നും രാജേഷ് പറയുന്നു. പൊലീസ് കുഴിയിൽ തപ്പികൊണ്ടിരുന്ന ആളെ ജീവനോടെ കണ്ടെത്താൻ നിമിത്തമായതിന്റെ സന്തോഷത്തിലാണ് രാജേഷ്.
തന്നെ കൊന്ന് കുഴിച്ചുമൂടി എന്ന് ഭാര്യ പറഞ്ഞത് എന്തിനാണെന്നറിയില്ല. ഭാര്യയെ ഭയന്നാണ് ഇത്രകാലം ഒളിവിൽ കഴിഞ്ഞത് എന്ന് നൗഷാദ് പറയുന്നു. പരാതിയില്ല. അവർക്കെതിരെ നിയമനടപടിക്കുമില്ല. കുട്ടികളെ കാണാൻ ആഗഹമുണ്ട്. ഇന്നു തന്നെ ജോലിസ്ഥലത്തേക്കു മടങ്ങും. മകനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും നൗഷാദിനെ കണ്ടെത്തിയതും