മണ്ണിന്റെ ഹൃദയത്തുടിപ്പറിഞ്ഞ പരുത്തിവീരന്‍

1 min read

ഉള്‍നാടന്‍ തമിഴ്ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകളിലൂടെ കടന്നു പോകുന്ന ഒരു പ്രണയകഥ…. ‘പരുത്തിവീരന്‍’. സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ ഒരുക്കിയ ആക്ഷന്‍ മെലോ ഡ്രാമാ ചിത്രം. പതിമൂന്ന് വര്‍ഷത്തെ കാര്‍ത്തിയുടെ അഭിനയ ജീവിതത്തിനിടയില്‍ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ‘പരുത്തിവീരന്‍’ എന്ന സിനിമയും അതിലെ കഥാപാത്രവും. അഭിനയ പാരമ്പര്യത്തില്‍ നിന്നും വന്ന് ആദ്യ ചിത്രമായ പരുത്തിവീരനില്‍ തന്നെ വിസ്മയം സൃഷ്ടിച്ചു കാര്‍ത്തി. അഭിനയിക്കുകയല്ല പരുത്തിവീരനായി ജീവിക്കുകയായിരുന്നു ചിത്രത്തില്‍.

തമിഴില്‍ മാത്രമല്ല, ലോകം മുഴുവനും ശ്രദ്ധ നേടിയ ചിത്രം. അണിനിരന്ന ഓരോരുത്തരും അസാധ്യ പ്രകടനം കൊണ്ട് ശ്രദ്ധേയമായ സിനിമ. അമീര്‍ സുല്‍ത്താന്റെ മൂന്നാമത്തെ ചിത്രം. ‘മൗനം പേസിയതേ’, ‘റാം’ എന്നീ സിനിമകള്‍ക്ക് ശേഷം ഏടുത്ത പരുത്തിവീരന്‍, അമീര്‍ രണ്ട് വര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി 2007ല്‍ റിലീസ് ചെയ്യുന്നു. കഥ നടക്കുന്നത് മധുരയിലെ പരുത്തിയൂര്‍ എന്ന ഗ്രാമത്തില്‍. മധുര സ്വദേശി കൂടിയായ അമീര്‍, പരുത്തിവീരന്‍ ഒരുക്കുന്നത്, തീര്‍ത്തും മധുരയുടെ ഉള്‍ത്തുടിപ്പറിഞ്ഞുകൊണ്ടാണ്. മണ്ണിന്റെ മണമുള്ളൊരു കഥ. ഉള്‍ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന ജാതി വേര്‍തിരിവിന്റെയൊക്കെ പശ്ചാത്തലം. ചിത്രത്തിലെ കാര്‍ത്തിയും ശരവണനും അവതരിപ്പിച്ച പരുത്തിയൂരിലെ പ്രമുഖ റൗഡികളായ വീരന്‍, ചിറ്റപ്പന്‍ ചെവ്വഴായി എന്നിവരും പ്രിയാമണി അവതരിപ്പിച്ച വീരന്റെ ബാല്യകാല സഖി മുത്തഴഗുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

വീരന്‍ ചെറുപ്പത്തില്‍ മുത്തഴഗിനെ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. അതോടെ മുത്തഴഗിന് വീരനോട് ഉള്ളില്‍ പ്രണയമുണ്ടാകുന്നു. വീരന്റെ അച്ഛനാകട്ടെ ഒരു താഴ്ന്ന ജാതിയില്‍ പെട്ടയാളായതിനാല്‍ സമൂഹം അവരോട് ഒരു വേര്‍തിരിവ് വെച്ചു പുലര്‍ത്തുന്നുണ്ട്. മാതാപിതാക്കളുടെ മരണത്തിനു ശേഷം വീരന്‍ ചിറ്റപ്പനോടൊപ്പമാണ് വളരുന്നത്. ചിറ്റപ്പന്റെ എല്ലാ തരികിട പരിപാടികള്‍ക്കും കൂടെ വീരനുമുണ്ടാകും. ആ സമൂഹം അവനെ ഗുണ്ട എന്ന് മുദ്രകുത്തുന്നു. എന്ത് കുറ്റകൃത്യവും ചെയ്യാന്‍ മടിയില്ലാത്തവനായി അവന്‍ വളരുന്നു. എങ്ങനെയെങ്കിലും പത്രത്തില്‍ പടം വരണം, മധുര സെന്‍ട്രല്‍ ജയിലില്‍ കിടക്കണം എന്നൊക്കയാണ് അവന്റെ ആഗ്രഹങ്ങള്‍. മുത്തഴഗിയുടെ അച്ഛന് വീരന്റെ കുടുംബവുമായുള്ള വഴക്ക് കാരണം അവളോട് വീരന്‍ വലിയ അടുപ്പം കാണിക്കാറില്ല. എന്നാല്‍ വീരനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ പോലും തയ്യാറായിരുന്നു മുത്തഴഗി. വീരനോടൊപ്പം ക്ലാസില്‍ ഇരിക്കാന്‍ പരീക്ഷയ്ക്ക് മ:നപ്പൂര്‍വ്വം തോല്‍ക്കാന്‍ തയ്യാറായവള്‍, വീരനുവേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമായവള്‍. ഒടുവില്‍ അവളുടെ സ്‌നേഹത്തിനു മുന്നില്‍ വീരന് കീഴടങ്ങേണ്ടി വരുന്നു. പക്ഷെ  അവരെ ഒരുമിക്കാന്‍ അനുവദിക്കാത്തത്ര പ്രതിസന്ധികളുടെയൊക്കെ നടുവില്‍ വീരനോടൊപ്പം ഇറങ്ങിപ്പോകുന്നതിന് മുത്തഴഗി തയ്യാറാവുന്നു. പിന്നാലെ അവരുടെ ജീവിതത്തിലേക്ക് വന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നൊക്കെ ചിത്രം കൃത്യമായി വരച്ചിട്ടിരിക്കുന്നു.

അമീര്‍ തികച്ചും റിയലിസ്റ്റിക്കായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫ്‌ലാഷ് ബാക്കുകളിലൂടെയാണ് വീരന്‍മുത്തഴഗ് പ്രണയം സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. പക്കാ നാടന്‍ ശൈലിയില്‍ മുന്നോട്ട് പോകുന്ന കഥ. സിനിമയാണെന്ന് തെല്ലും തോന്നാത്ത രീതിയില്‍ പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ കൃത്യമായി സാധിച്ചു. സിനിമ ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ ശ്രദ്ധിക്കപ്പെട്ടു. എങ്കിലും തീയേറ്ററുകളില്‍ എത്തിയപ്പോള്‍ കുടുംബ പ്രേക്ഷകരെ അകറ്റിയതിന് കാരണം വയലന്‍സുള്ള ക്ലൈമാക്‌സായിരുന്നു.

ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു അഭിനേതാക്കളെല്ലാം കാഴ്ച്ചവെച്ചത്. 2006ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം പ്രിയാമണിക്ക് ചിത്രം നേടിക്കൊടുത്തു. മികച്ച നടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക പരാമര്‍ശവും ഫിലിംഫെയര്‍ പുരസ്‌കാരവും വിജയ് അവാര്‍ഡും കാര്‍ത്തി നേടി. രാംജിയുടെ ഛായാഗ്രഹണവും ശരവണന്‍, പൊന്‍വണ്ണന്‍, ഗഞ്ചാ കറുപ്പ് തുടങ്ങിയവരുടെയൊക്കെ പ്രകടനവും എടുത്തുപറയേണ്ടതാണ്.  മധുരയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ ഹൃദയത്തുടിപ്പുകള്‍ അതേപോലെ ഒപ്പിയെടുക്കാന്‍ രാംജിക്കായി. ഇളയരാജയുടെ പഴയ ഗാനങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു മകന്‍ യുവന്‍ ശങ്കര്‍രാജയുടെ പരുത്തിവീരന്‍ സിനിമയിലെ ഗാനങ്ങളും. ദേശീയ ചലച്ചിത്ര പുരസ്‌കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഓഷ്യന്‍ സിനിഫാന്‍ ഫെസ്റ്റിവല്‍, സിനിമ ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ അവാര്‍ഡ്‌സ്, ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, വിജയ് അവാര്‍ഡ്‌സ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ പരുത്തിവീരന്‍ സ്വന്തമാക്കി.

Related posts:

Leave a Reply

Your email address will not be published.