തകരാറ് ഇടതുകാലിന്; ശസ്ത്രക്രിയ ചെയ്തത് വലതുകാലിൽ
1 min readകോഴിക്കോട് :ഇടതുകാലിന്റെ തകരാറിന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ വലതു കാലിൽ ശസ്ത്രക്രിയ നടത്തിയതായി പരാതി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കക്കോടി സ്വദേശി സജ്ന (60) ആണ് ഈ അനാസ്ഥയ്ക്കിരയായത്.
വാതിലിന്റെ ഉള്ളിൽ കുടുങ്ങി കാൽ ഞരമ്പിന് തകരാറുണ്ടായതിനെത്തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്. ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷവും ഭേദമാകാത്തതിനെ തുടർന്നാണ് ഡോക്ടർ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചത്. തിങ്കളാഴ്ച ആശുപത്രിയിൽ അഡ്മിറ്റായ സജ്നക്ക് അടുത്തദിവസം തന്നെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കുശേഷം മയക്കം വിട്ടപ്പോഴാണ് കാലു മാറിപ്പോയ വിവരം സജ്ന അറിയുന്നത്.
ശസ്ത്രക്രിയ നടത്തിയത് ആശുപത്രിയിലെ ഓർത്തോമേധാവിയാണ്. ബന്ധുക്കൾ പരാതിപ്പെട്ടപ്പോഴാണ് കാലു മാറിയ വിവരംഡോക്ടർ അറിയുന്നത്. ഡിഎംഒയ്ക്കും ആരോഗ്യമന്ത്രിക്കും രോഗിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ശസ്ത്രക്രിയയ്ക്ക് മുൻപ് നടത്തിയ സ്‌കാനിങിൽ വലതുകാലിനും തകരാറ് കണ്ടതിനെത്തുടർന്നാണ് ശസ്ത്രക്രിയ നടത്തിയതെന്നും രണ്ടാഴ്ചക്കകം ഇടതുകാലിനും ശസ്ത്രക്രിയ നടത്തുമെന്നും ആശുപത്രി മാനേജ്‌മെന്റ് ബന്ധുക്കളെ അറിയിച്ചു.