ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കവും പിണറായിയുടെ നവകേരള സദസ്സും

1 min read

പിണറായിയും യാത്ര നടത്തുന്നു, ഉമ്മന്‍ചാണ്ടിയെ മാതൃകയാക്കി, എന്നാല്‍ ധാര്‍ഷ്ട്യം വിടുന്നില്ല

പിണറായി വിജയനും യാത്ര നടത്തുന്നു. 21 മന്ത്രിമാരെയും കൂട്ടി. ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയുടെ വിജയം കണ്ടിട്ടാണോ എന്നറിയില്ല. വിജയന്‍ 2016ല്‍ അധികാരത്തിലേറിയതാണ്. 8 വര്‍ഷം കഴിഞ്ഞു അധികാരത്തിലേറിയിട്ട്. അന്നൊന്നും അത് ചെയ്തിരുന്നില്ല.

ഉമ്മന്‍ചാണ്ടി ആദ്യം മുഖ്യമന്ത്രിയായ 2004ലും പിന്നീട് മൂന്നുതവണയും ജനസമ്പര്‍ക്ക യാത്ര നടത്തിയിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുക, അത് പരിഹരിക്കുക എന്നതായിരുന്നു ലക്ഷ്യം. 12.47 ലക്ഷം പരാതികളാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്. എല്ലാ ജനസമ്പര്‍ക്കങ്ങളുടെയും ഭാഗമായി ഫയലുകള്‍ തീര്‍പ്പാക്കി 242 കോടി രൂപയുടെ സഹായം സര്‍ക്കാര്‍ വിതരണം ചെയ്യുകയും ചെയ്തു.

അന്ന് ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചവരാണ് സി.പി.എമ്മും ഇടതുപക്ഷവും. വിമര്‍ശിക്കാന്‍ അവര്‍ക്ക് അവകാശവുമുണ്ട്. ജനസമ്പര്‍ക്ക യാത്രയെ കോടിയേരി ബാലകൃഷ്ണന്‍ വിശേഷിപ്പിച്ചത് തട്ടിപ്പ് യാത്രയെന്നാണ്. പലയിടത്തും അക്രമാസ്‌ക്തമായ പ്രതിഷേധം നടത്തി. ജനസമ്പര്‍ക്കത്തിന് പരാതികളുമായി വരുന്നവര്‍ ബുദ്ധിമുട്ടി. മുഖ്യമന്ത്രി ആദ്യം പ്രതിഷേധക്കാരെ കാണണട്ടെ എന്നായിരുന്നു കോടിയേരി പറഞ്ഞത്. പിണറായിയും ജനസമ്പര്‍ക്കത്തെ വിമര്‍ശിച്ചു. വില്ലേജ് ഓഫീസിലും മറ്റും പരിഹരിക്കേണ്ട പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് വരണമോ എന്നതായിരുന്നു ചോദ്യം.
ഭരണാധികാരി ചെയ്യേണ്ടത് ഭരണ സംവിധാനം കാര്യക്ഷമമാക്കുകയല്ലേ എന്നു പലര്‍ക്കും തോന്നിയിട്ടുണ്ടാകും. എന്നാല്‍ ജനസമ്പര്‍ക്കത്തിന് വന്നവര്‍ക്ക് വര്‍ഷങ്ങളായി പരിഹരിക്കാതിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കിട്ടി.

ഉമ്മന്‍ചാണ്ടി ജനങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. അത് പരിഹരിക്കാനും. പാതിരാവുകളെ പകലാക്കി അനുയായികള്‍ ക്ഷീണിച്ചപ്പോഴും ഉറങ്ങിയപ്പോഴും ക്ഷമയോടെ, ഉറങ്ങാതെ ജനത്തിന്റെ പ്രശ്നം കേട്ടു. ഒടുവില്‍ അവരുടെ തോളില്‍ കയ്യിട്ട് സാന്ത്വനമേകി. 2004ല്‍ ആദ്യമായി മുഖ്യമന്ത്രിയായപ്പോഴാണ് ജനസമ്പര്‍ക്കം എന്ന ആശയം ഉമ്മന്‍ചാണ്ടിയിലുദിച്ചത്. ചെന്നെത്തുന്ന ഓരോ സ്ഥലത്തും അവസാനത്തെ പരാതിക്കാരനെ വരെ കണ്ടിട്ടേ അദ്ദേഹം മടങ്ങിയുള്ളൂ. 19 മണിക്കൂര്‍ വരെ ഒറ്റ നില്പില് ജനങ്ങളുടെ പരാതി കേട്ടയാളാണ് ഉമ്മന്‍ചാണ്ടി. ഇടയ്ക്കിടെ കുടിക്കുന്ന വെള്ളമായിരുന്നു ആകെ കിട്ടുന്ന ഊര്‍ജ്ജം.

ജനസമ്പര്‍ക്ക പരിപാടിയില്‍ അദ്ദേഹത്തോടൊപ്പമുള്ള അനുഭവം പി.സി വിഷ്ണുനാഥ് പങ്കുവച്ചതിങ്ങനെ. ‘ആലപ്പുഴ ജില്ലയിലെ ബഹുജന സമ്പര്‍ക്ക പരിപാടിയാണ്. രാവിലെ 9.30ന് തുടങ്ങേണ്ട പരിപാടിക്ക് 8.30 ന് തന്നെ അദ്ദേഹം ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തി ഉദ്യോഗസ്ഥന്മാരരുമായും ജനപ്രതിനിധികളുമായും ചെറിയൊരു കൂടിക്കാഴ്ച നടത്തി. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തില്‍ ക്രമീകരണങ്ങളെല്ലാം നടന്നുവോ എന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു. കൃത്യം ഒമ്പതിന് ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന വേദിയിലെത്തി, ആളുകളില്‍ നിന്നും പരാതികളും നിവേദനങ്ങളും സ്വീകരിക്കാന്‍ തുടങ്ങി. ആലപ്പുഴയില്‍ നിന്നുള്ള യു ഡി എഫിന്റെ എം.എല്‍.എമാരായ രമേശ് ചെന്നിത്തലയും ചെങ്ങന്നൂര്‍ എം.എല്‍.എ എന്ന നിലയില്‍ ഞാനും അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്നു. എല്‍.ഡി.എഫിന്റെ എം.എല്‍.എമാര്‍ ബഹിഷ്‌ക്കരിച്ച പരിപാടി ആയിരുന്നു അത്.
ഞങ്ങള്‍ മുഖ്യമന്ത്രിയ്ക്കൊപ്പം പരാതികള്‍ സ്വീകരിക്കുന്നതിന് സാക്ഷിയായി നിന്നു. മണിക്കൂറുകള്‍ കഴിഞ്ഞും അദ്ദേഹം ഒരേനില്പ്പില്‍ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദ്ദേശിക്കുകയായിരുന്നു. വൈകിയിട്ടും അതങ്ങനെ തുടര്‍ന്നു. രാത്രി 12 മണിയായപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ഇനിയുള്ള ആളുകളില്‍ നിന്ന് ഒരുമിച്ച് പരാതികള്‍ സ്വീകരിച്ച്, പരിശോധിച്ച് അതിന്റെ വിവരം അവരെ അറിയിച്ചാല്‍ പോരേ? അര്‍ദ്ധരാത്രിയായി, ഉച്ചഭക്ഷണം പോലും കഴിച്ചിട്ടില്ല, ഇടയ്ക്ക് കുടിക്കുന്ന വെള്ളം മാത്രം. നിന്നുകൊണ്ടു തന്നെയാണ് മിക്ക സമയവും പരാതികള്‍ സ്വീകരിക്കുന്നത്. ഇടയ്ക്ക് എപ്പോഴെങ്കിലും ഒന്ന് ഇരുന്നാലായി. അതിനാലാണ് അത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ല. തന്നെ കാണാനെത്തിയ അവസാനത്തെ ആളെയും കണ്ടിട്ടേ മടങ്ങൂ എന്ന ദൃഢനിശ്ചയമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്.
കൂടെ നിന്ന എല്ലാവരും ക്ഷീണിച്ചിരുന്നു. ആ പന്തലില്‍ തന്നെ രണ്ട് ബെഞ്ച് അടുപ്പിച്ചിട്ട് അരമണിക്കൂറോളം ഞാന്‍ അവിടെ കിടന്നുറങ്ങി. ഉണര്‍ന്ന് എഴുന്നേറ്റപ്പോഴും അദ്ദേഹം പരാതി കേള്‍ക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിക്കാണ് ജനസമ്പര്‍ക്ക പരിപാടി അവസാനിച്ചത്!
പുലര്‍ച്ചെ അദ്ദേഹത്തോടൊപ്പം ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തി. രണ്ടാം ദിവസമെത്തിയപ്പോഴാണ് ആദ്യമായി ഭക്ഷണം കഴിക്കാന്‍ ഇരുന്നത് എന്നോര്‍ക്കണം. കുറച്ച് കഞ്ഞിയും പയറും കഴിച്ചു. ഞങ്ങള്‍ പറഞ്ഞു. ഇനി സാറ് ഒരല്‍പം വിശ്രമിച്ചോളൂ. ഞങ്ങള്‍ കാത്തുനില്‍ക്കാം എന്ന് നിര്‍ദ്ദേശിച്ചു. ആര് കേള്‍ക്കാന്‍. അദ്ദേഹം അപ്പോള്‍ തന്നെ ബാത്ത് റൂമിലേക്ക് കയറി ഒന്ന് ഫ്രഷായി വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങി. എറണാകുളത്ത് രാവിലെ പരിപാടിയുണ്ട,് എട്ട് മണിക്ക്. കിടന്നാല്‍ വൈകും. നേരെ തൃപ്പൂണിത്തുറയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനുണ്ട്. അതിനായി തിരിച്ചു!’ ഇതായിരുന്നു ഉമ്മന്‍ചാണ്ടി.
പിണറായി വിജയന് ഒരിക്കലും ഉമ്മന്‍ചാണ്ടിയാവാന്‍ കഴിയില്ല. അങ്ങനെ ആകണമെന്നില്ല. എന്നാല്‍ വിജയന്‍ എത്ര സമയം ജനത്തിന്റെ കൂടെ ചെലവഴിക്കും. രണ്ടുമണിക്കൂറെങ്കിലും ജനത്തിന് കൂടെ ചെലവഴിക്കാന്‍ കഴിയുമോ. എല്ലാറ്റിനെയും വിമര്‍ശന ബുദ്ധ്യാ മാത്രം കണ്ടാല്‍ മതിയോ.
എന്തിനാണ് റസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളുമൊക്കെ വച്ചിട്ടും സ്വകാര്യ ഹോട്ടലില്‍ മന്ത്രിസഭാ യോഗം ചേരുന്നത്. അതും സ്പോണ്സര്‍ ഷിപ്പ് ആണോ.
സ്വന്തം കാബിനറ്റില്‍ മന്ത്രിയായിരുന്നു ഇപ്പോള്‍ എം.എല്‍.എ ആയിരുന്ന കെ.കെ.ശൈലജയെ പോലും അവരുടെ മണ്ഡലത്തിലെ പരിപാടിയില്‍ അദ്ധ്യക്ഷപ്രസംഗം നീണ്ടതിന്റെ പേരില്‍, രഹസ്യമായല്ല, പരസ്യമായി വിമര്‍ശിക്കുക. പിണറായി കരുതിയത് ഈ ലോകം പിണറായിക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതെന്നാണോ. സി.പി.എം പിണറായിക്ക് വേണ്ടി മാത്രം രൂപീകരിക്കപ്പെട്ടതാണെന്നാണോ.

ഉമ്മന്‍ചാണ്ടി വഴിയിലൂടെ പോകുമ്പോള്‍ കുട്ടികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കാന്‍ സ്‌കൂളുകളിലേക്ക് സര്‍ക്കുലര്‍ അയച്ചിരുന്നില്ല. എല്ലായിടത്തും തന്റെ പ്രസംഗം കേള്‍പ്പിക്കാന്‍ 20 മന്ത്രിമാരെയും വേദിയിലിരുത്തിയിരുന്നില്ല. ഇത്ര ധൂര്‍ത്ത് നടത്തിയിരുന്നില്ല. കുടുംബശ്രീക്കാരെയും തൊഴിലുറപ്പ് കാരെയും സഹകരണ ബാങ്കുകാരെയുമൊന്നും പേടിപ്പിച്ച് കൊണ്ട് നിറുത്തിയിരുന്നില്ല.
ഒരു മുഖ്യമന്ത്രിയുടെ നടപടിയെ പിന്തുണയ്ക്കാനും ജയ് ജയ് വിളിക്കാനും അവകാശമുള്ളതുപോലെ പ്രതിഷേധിക്കാനും ആളുകള്‍ക്കവകാശമില്ലെ. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ കണ്ണൂരില്‍ പ്രതിഷേധം നടത്തിയ സി.പി.എമ്മുകാര്‍ അദ്ദേഹത്തെ കാറ് തടഞ്ഞ് ആക്രമിച്ചില്ലേ. താങ്കള്‍ മുഖ്യമന്ത്രിയായിരിക്കേ അതുവഴി കടന്നുപോകുമ്പോള്‍ കല്യാശ്ശേരിയില്‍ കരിങ്കൊടിപ്രകടനം നടത്തിയ കോണ്‍ഗ്രസുകാരെ പൂച്ചട്ടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത് താങ്കളുടെ പാര്‍ട്ടികാരല്ലെ. അവര്‍ വിവരക്കേട് കാണിച്ചെന്നു കൂട്ടിക്കോ. എന്നാല്‍ താങ്കള്‍ ആ വിവരക്കേടിന്, അക്രമത്തിന് കൂട്ടുനില്‍ക്കാമായിരുന്നോ, ന്യായീകരിക്കാമായിരുന്നുവോ.

ഉമ്മന്‍ചാണ്ടിയുടെ പി.ആര്‍ എക്സര്‍സൈസിനെക്കുറിച്ച് താങ്കളുടെ ചാനലായ കൈരളി പറഞ്ഞത് ഇങ്ങനെ

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് തന്റെ ജനസമ്മിതി വര്‍ദ്ധിപ്പിക്കാനായി പി ആര്‍ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയത് അറുപത്തി രണ്ടംഗ സംഘത്തെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് ഭീമമായ തുക ശമ്പളം നല്‍കിയാണ് ഈ സംഘത്തെ തീറ്റിപ്പോറ്റിയത്.
ജനസമ്പര്‍ക്കം എന്ന തട്ടിപ്പ് പരിപാടിയുടെ മറവിലായിരുന്നു സി ഡിറ്റ് മുഖാന്തിരം അറുപത്തി രണ്ടംഗ സംഘത്തിന്റെ നിയമനം. ഈ ടീമിന് മാത്രമായി രണ്ട് വര്‍ഷങ്ങളിലായി 3.5കോടി രൂപയാണ് ചെലവഴിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെബ്സൈറ്റ്, ലൈവ് സ്ട്രീമിംഗ് എന്നിവയ്ക്കായി മറ്റ് ആറുപേരെ നിയമിക്കുകയും ആ പ്രോജക്റ്റുകള്‍ക്കായി 5 കോടിയോളം രൂപ വേറെ ചെലവഴിക്കുകയും ചെയ്തു. ഇതൊന്നും കൂടാതെ പിആര്‍ഡിയ്ക്ക് ജനസമ്പര്‍ക്ക പരിപാടിയുടെ പി ആര്‍ നടത്തിപ്പിനായി മൂന്ന് കോടി എണ്പതിനാലായിരം രൂപയും നല്‍കി. ഇതിനു പുറമെ ജനസമ്പര്‍ക്ക പരിപാടിയുടെ പരസ്യ ഇനത്തില്‍ ചെലവഴിച്ച തുക വേറെയും ഉണ്ട്.
ജനസമ്പര്‍ക്ക പരിപാടിയുടെ പിആര്‍ അടക്കം ആകെ 22,79,03194 രൂപയാണ്(ഇരുപത്തി രണ്ടു കോടി എഴുപത്തി ഒന്‍പത് ലക്ഷത്തി മൂവായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റിനാല് ) അഞ്ചു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയത്.
2011 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് സിഡിറ്റ് മുഖേന ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ വന്‍ ശമ്പളത്തിന് നിയമനം നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ പിആര്‍ പ്രവര്‍ത്തനത്തിന് സിഡിറ്റ് മാത്രം ചെലവഴിച്ചത് 3,50,06610 രൂപയാണ് (മൂന്നു കോടി അന്‍പത് ലക്ഷത്തി ആറായിരത്തി അറുന്നൂറ്റി പത്ത് ).
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് ദുരിതാശ്വാസ നിധിയില്‍ നിന്ന് ആകെ നല്‍കിയത് 651 കോടി രൂപയാണ്. അതില്‍ തന്നെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ വിതരണം ചെയ്തത് 100 കോടി യോളം രൂപ. 100 കോടി രൂപ വിതരണം ചെയ്യാന്‍ 22 കോടി രൂപയാണ് ജനസമ്പര്‍ക്ക പരിപാടിക്ക് ചെലവഴിച്ചത് !
അതേസമയം, എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു രൂപ പോലും പി ആര്‍ പരിപാടിക്ക് ചെലവിടാതെ 1231 കോടി രൂപയാണ് നാലു വര്‍ഷം കൊണ്ട് ദുരിതാശ്വാസ നിധിയില്‍ നിന്ന് പാവപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചത്.


യഥാര്‍ത്ഥത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായ വിതരണം വില്ലേജ് ഓഫീസ് മുഖാന്തിരം അപേക്ഷ നല്‍കി ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നടത്തേണ്ടത് ധൂര്‍ത്ത് മേളയാക്കി മാറ്റിയവരാണ് യുഡിഎഫ്. ഉമ്മന്‍ചാണ്ടി തന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് ജനസമ്പര്‍ക്കം എന്ന പേരില്‍ ആയിരുന്നു സഹായ വിതരണം നടത്തിയത്.
ആംബുലന്‍സിലും, വീല്‍ ചെയറിലും രോഗികളും നിരാലംബരും നിസ്സഹായരുമായ മനുഷ്യര്‍ അര്‍ഹതപ്പെട്ട സഹായത്തിനായി എരിപൊരിയുന്ന വെയിലത്ത് ഉമ്മന്‍ചാണ്ടിയുടെ കരുണയ്ക്കായി കാത്തു കിടക്കേണ്ട അവസ്ഥയായിരുന്നു.
ആംബുലന്‍സിലും മറ്റും എത്തുന്ന രോഗികളുടെ സമീപം ഉമ്മന്‍ചാണ്ടി എത്തി വിവരങ്ങള്‍ ചോദിക്കുന്ന തരത്തില്‍ ആയിരുന്നു പി ആര്‍ പ്രവര്‍ത്തനം. അത്തരം ദൃശ്യങ്ങളും, ചിത്രങ്ങളും മാധ്യമങ്ങളില്‍ വരുത്തുവാനും പി ആര്‍ ടീം പ്രവര്‍ത്തിച്ചത് കേരളം മറന്നിട്ടില്ല.

മിസ്റ്റര്‍ പിണറായി വിജയന്‍ പറയൂ. നിങ്ങളെന്തിനാണ് ഇപ്പോള്‍ ഈ യാത്ര നടത്തുന്നത്. പി.ആര്‍ വര്‍ക്കല്ലേ. ഇത്. സി.ഡിറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമായി പി.ആര്‍ വര്‍ക്കിനായി എത്രപേരെ വച്ചിട്ടണ്ട്. പി.ആര്‍ഡി എന്ന വകുപ്പിന് പുറമേയാണിതല്ലോ. എല്ലാ മാസവും എത്രലക്ഷം രൂപ നിങ്ങള്‍ പി.ആറിനായി പൊടിക്കുന്നുണ്ട്. ഓരോ വര്‍ഷവും എത്ര കോടികള്‍ പി.ആറിനായി ചെലവിടുന്നുണ്ട്. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ ഏതൊരാള്‍ക്കും കഴിയുമെന്ന കൈരളിപറഞ്ഞതുപോലെ താങ്കളുടെ ഭരണ സംവിധാനത്തിലും കഴിയില്ലേ. പിന്നെ എന്തിനാണ് ഈ ധൂര്‍ത്ത്.

Related posts:

Leave a Reply

Your email address will not be published.