വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബ കിഷോർ ദാസ് മരിച്ചു
1 min readഭുവനേശ്വർ : വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരിച്ചു. ഇന്ന് ഝാർസുഗുഡ ജില്ലയിലെ ബ്രബ് രാജ് നഗറിൽ ഗാന്ധിചൗക്കിനു സമീപം പൊതുപരിപാടിക്കിടെയാണ് അദ്ദേഹത്തിന് നെഞ്ചിൽ വെടിയേറ്റത്. കുഴഞ്ഞുവീണ മന്ത്രിയെ ഝാർസുഗുഡയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വിമാന മാർഗം ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ടു വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചിൽ തറച്ചത്. ഇതിലൊന്ന് ഹൃദയത്തിലും മറ്റേത് ശ്വാസകോശത്തിലും ഗുരുതരമായ പരുക്കുണ്ടാക്കിയതായും ഇതുമൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് ബ്രബ് രാജ് നഗർ മുനിസിപ്പാലിറ്റി ചെയർമാന്റെയും വൈസ് ചെയർമാന്റെയും ഓഫീസുകൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ഗാന്ധി ചൗക്ക് പോലീസ് ഔട്ട്‌പോസ്റ്റിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഗോപാൽ ദാസാണ് സ്വന്തം റിവോൾവർ ഉപയോഗിച്ച് വെടിവെച്ചതെന്ന് ബ്രബ് രാജ് നഗർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ഗുപ്‌തേശ്വർ ഭോയ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും എന്തിനാണ് വെടിവെച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രദേശവാസിയായ ഒരു യുവാവിനും ഒരു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. മന്ത്രി കാറിൽ നിന്നിറങ്ങി തൊട്ടടുത്തു നിന്നാണ് ഇയാൾ വെടിവെച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രതിയെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഝാർസുഗുഡ നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ നബ കിഷോർ, 2019 ജനുവരിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുൻപാണ് കോൺഗ്രസിൽ നിന്ന് ബിജെഡിയിൽ ചേർന്നത്. നവീൻ പട്നായിക്കിന്റെ മന്ത്രിസഭയിലെ ഏറ്റവും ധനികരായ മന്ത്രിമാരിൽ ഒരാളാണ് നബ കിഷോർ. 140 കാറുകളുടെ ഉടമയാണദ്ദേഹം. 2019ലെ കണക്കനുസരിച്ച് ഭാര്യയുടേതുൾപ്പെടെ 34 കോടി രൂപയുടെ ആസ്തിയുണ്ട്. നിയമ ബിരുദധാരിയായ അദ്ദേഹം ഖനനം, ഗതാഗതം ഉൾപ്പെടെ ധാരാളം ബിസിനസുകൾ ചെയ്യുന്നുണ്ട്. ഡബിൾ ബാരൽ റൈഫിൾ, 12 ബോർഗൺ, .32 റിവോൾവർ എന്നിങ്ങനെ ലൈസൻസുള്ള മൂന്ന് തോക്കുകളും അദ്ദേഹത്തിന്റെ കൈവശമുണ്ട്.