മുറിക്കാന്‍ തീരുമാനിച്ച മരങ്ങള്‍ വേരോടെ പിഴുതെടുത്ത് മാറ്റിനട്ട് എന്‍ആര്‍ഐ
1 min readപുതിയ റോഡുകള്‍ പണിയുമ്പോഴും റോഡുകള്‍ക്ക് വീതി കൂട്ടുമ്പോഴും പ്രവൃത്തികള്‍ക്ക് തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നത് നമ്മുടെ നാട്ടില്‍ സാധാരണമാണ്. അതൊരു വലിയ പാരിസ്ഥിതിക പ്രശ്‌നമായി ആരും കാണുന്നില്ല എന്നതാണ് സത്യം. എന്നാല്‍, തെലങ്കാനയില്‍ ഒരു വിദേശ വ്യവസായി ചെയ്തത് നേരെ തിരിച്ചാണ്. തന്റെ നാടിന്റെ പച്ചപ്പ് നഷ്ടപ്പെടാതിരിക്കാന്‍ റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി മുറിച്ചു നീക്കാന്‍ തീരുമാനിച്ച മരങ്ങള്‍ വേരോടെ പിഴുതെടുത്ത് മറ്റു സ്ഥലങ്ങളില്‍ നട്ടു പിടിപ്പിക്കുകയാണ് ഇയാള്‍. വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ഈ ട്രാന്‍സ്പ്ലാന്റ് നടപടിക്രമത്തിലൂടെ നിരവധി മരങ്ങളാണ് ഇദ്ദേഹം മാറ്റി നട്ടത്.
റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി നിസാമാബാദ് ജില്ലയിലെ കമ്മാര്‍പള്ളി ഗ്രാമത്തില്‍ 70 നും 80 നും ഇടയില്‍ പ്രായമുള്ള നിരവധി മരങ്ങളാണ് മുറിച്ചു മാറ്റാന്‍ അധികാരികള്‍ തീരുമാനിച്ചത്. എന്നാല്‍, ഈ വിവരം അറിഞ്ഞ വിദേശ വ്യവസായി പ്രധാന റോഡിന്റെ ഇരുവശങ്ങളിലും ആയി നിന്നിരുന്ന മുറിച്ചുമാറ്റാന്‍ തീരുമാനിച്ച മരങ്ങള്‍ മുഴുവന്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടാന്‍ തീരുമാനിക്കുകയായിരുന്നു.
ഇസ്രായേലില്‍ ജോലി ചെയ്യുന്ന അതേ ഗ്രാമത്തിലെ ഗുഗ്ഗിലം ദേവരാജാണ് മരങ്ങള്‍ പിഴുതുമാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം സുഹൃത്തുക്കളിലൂടെ അറിഞ്ഞത്. ഇസ്രായേലിലെ പഴയ മരങ്ങള്‍ പറിച്ചുനടുന്ന നടപടിക്രമം അദ്ദേഹത്തിന് പരിചിതമാണ്. സ്വന്തം ഗ്രാമത്തിലെ കാലപ്പഴക്കമുള്ള മരങ്ങള്‍ സംരക്ഷിക്കാന്‍ ഇത് നടപ്പാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തുടര്‍ന്ന് അദ്ദേഹം നടപടിക്രമങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ഗ്രാമവാസികളുമായും ചര്‍ച്ച ചെയ്തു. മരങ്ങള്‍ പറിച്ചുനടാനുള്ള മുഴുവന്‍ ചെലവും വഹിക്കാമെന്നും ദേവരാജ് ഉറപ്പുനല്‍കി.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അദ്ദേഹത്തോട് യോജിച്ചു. അങ്ങനെ 15 ഭീമാകാരമായ മരങ്ങള്‍ റോഡിന്റെ ഇരുവശത്തുനിന്നും വേരുകളോടൊപ്പം ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗ്രാമത്തിലും സമീപ വനമേഖലയിലും പിഴുതെടുത്ത മരങ്ങള്‍ വീണ്ടും നട്ടു പിടിപ്പിച്ചു.