മാമുക്കോയയെ ആദരിക്കാന്‍ മറന്ന് സിനിമാലോകം, പ്രമുഖരാരും എത്തിയില്ല
1 min readകണ്ണീരോടെ യാത്രാമൊഴി നല്‍കി കോഴിക്കോട്
നാല് പതിറ്റാണ്ടുകാലം മലയാളികളെ ചിരിപ്പിച്ചു മാമുക്കോയ… ഒടുവില്‍ എല്ലാവരെയും കരയിപ്പിച്ചുകൊണ്ട് മടക്കം… ആറടി മണ്ണിലേക്ക് …
ചിരിയുടെ സുല്‍ത്താന് കണ്ണീരോടെ യാത്രാമൊഴി നല്‍കി കോഴിക്കോട്…
മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച ടൗണ്‍ഹാളിലേക്കും, മാമുക്കോയയുടെ അരക്കിണറിലെ വസതിയിലേക്കും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്… തങ്ങളുടെ പ്രിയനടനെ അവസാനമായി ഒന്നു കാണാന്‍…
കണ്ണമ്പള്ളി ജുമാമസ്ജിദില്‍, വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഔദ്യോഗിക ബഹുമതികള്‍ നല്‍കിയതിനു ശേഷവും അദ്ദേഹത്തെ കാണാന്‍ പതിനായിരങ്ങളാണ് പുറത്തു കാത്തു നിന്നിരുന്നത്. സംസ്‌കാരം നടക്കുന്ന ഖബറിസ്ഥാനു സമീപവും ആളുകള്‍ കാത്തു നില്‍ക്കുകയായിരുന്നു.
സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉള്‍പ്പെടെ മലബാറിലെ രാഷ്ട്രീയ നേതാക്കളെല്ലാം മാമുക്കോയയെ കാണാനെത്തി. അപ്പാപ്പന്റെ കൂട്ടുകാരനെ കാണാന്‍ ഇന്നസെന്റിന്റെ കൊച്ചുമകനും എത്തിയത് ശ്രദ്ധേയമായിരുന്നു. ഇനിയൊരു കാഴ്ചയ്ക്ക് അവസരമില്ലല്ലോ.
കോഴിക്കോട് വിട്ടൊരു ലോകമുണ്ടായിരുന്നില്ല മാമുക്കോയയ്ക്ക്… തങ്ങളുടെ സുല്‍ത്താന്റെ അന്ത്യയാത്ര കാണാനെത്തിയവരില്‍ മഹാഭൂരിപക്ഷവും കോഴിക്കോട്ടുകാരായിരുന്നു… വെറും സാധാരണക്കാര്‍… മാമുക്കോയ അവര്‍ക്ക് താരമായിരുന്നില്ല.. തങ്ങളിലൊരുവന്‍ തന്നെയായിരുന്നു. ദുഃഖം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടുകയായിരുന്നു പലരും. അതില്‍ ബന്ധുക്കളുണ്ട്, കൂട്ടുകാരുണ്ട്, കേവലം പരിചയക്കാര്‍ മാത്രമുണ്ട്.. അത്രമാത്രം പ്രിയങ്കരനായിരുന്നു മാമുക്കോയ.
ഇതിനിടയില്‍ മലയാളസിനിമയിലെ പ്രമുഖര്‍ ആരുംതന്നെ മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയില്ല എന്ന ആക്ഷേപവും ഉയര്‍ന്നു വന്നു. ഇടവേള ബാബു, ജോജു ജോര്‍ജ്, ഇര്‍ഷാദ്, സാദിഖ്, സുരഭി തുടങ്ങി വിരലില്‍ എണ്ണാവുന്ന നടീനടന്‍മാര്‍ മാത്രമാണ് മാമുക്കോയയ്ക്ക് ആദരമര്‍പ്പിക്കാന്‍ എത്തിയത്. ഇടവേള ബാബു അമ്മയ്ക്കുവേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചു. സംവിധായകരില്‍ സത്യന്‍ അന്തിക്കാട് മാത്രമാണെത്തിയത്. പ്രമുഖരായ മറ്റ് നടീനടന്‍മാരോ സംവിധായകരോ അണിയറ പ്രവര്‍ത്തകരോ എത്തിയില്ലെന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇപ്പോള്‍ സൂപ്പര്‍ താരപദവി അലങ്കരിക്കുന്ന എല്ലാ നടന്‍മാര്‍ക്കൊപ്പവും അഭിനയിച്ചയാളാണ് മാമുക്കോയ. അതും അവരുടെ വളര്‍ച്ചയുടെ പടവുകളില്‍. ഇന്നത്തെ യുവനിരയോടൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ധാരാളം സിനിമകളുടെ ഷൂട്ടിംഗ് കോഴിക്കോട് വെച്ച് ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതിലെ നടീനടന്‍മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഒന്നു വന്ന് കാണാമായിരുന്നു.
മലയാള സിനിമാ ലോകം മാമുക്കോയയ്ക്ക് അര്‍ഹിച്ച ആദരവ് നല്‍കിയില്ല എന്ന് കുറ്റപ്പെടുത്തുന്നു സംവിധായകന്‍ വി.എം.വിനു. പലരും വരുമെന്നു കരുതി. പക്ഷേ വന്നില്ല. മാമുക്കോയ എറണാകുളത്തുപോയി മരിക്കേണ്ടിയിരുന്നു..അപ്പോള്‍ എല്ലാവര്‍ക്കും പെട്ടെന്ന് വരാമായിരുന്നു എന്ന് പരിഹസിക്കുന്നു വി.എം.വിനു.
സിനിമക്കാരുടെ ഈ പ്രവൃത്തിയില്‍ പ്രതിഷേധമുള്ളവരാണ് നാട്ടുകാരും സിനിമാപ്രേമികളും. ലളിതജീവിതം നയിച്ച ആളായതുകൊണ്ടാകും ആരും വരാതിരുന്നത്. താര ജാഡകളില്ലാത്ത സാധാരണക്കാരനായിരുന്നല്ലോ മാമുക്കോയ. ചില ആളുകള്‍ മരിക്കുമ്പോള്‍ വലിയ സംഭവമായി കൊണ്ടാടുന്ന സിനിമാലോകം ചിലരുടെ മരണത്തില്‍ അവജ്ഞ കാണിക്കുന്നത് ശരിയല്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. നടന്‍ ഇന്നസെന്റിന്റെയും മമ്മൂട്ടിയുടെ ഉമ്മയുടെയും മരണത്തില്‍ അനുശോചിക്കാന്‍ സിനിമാലോകം ഒന്നടങ്കം ഇളകിയെത്തിയത് അവര്‍ ഓര്‍ക്കുന്നു. ആരും വരാതിരുന്നത് ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് വലിയ വിഷമമായി. ഞങ്ങളുടെ വികാരമാണ് മാമുക്കോയ. പക്ഷേ, സംവിധായകന്‍ സത്യന്‍ അന്തിക്കാട് വന്നതോടെ ആ വിഷമമെല്ലാം പോയി. അവര്‍ പറയുന്നു.