തൊഴില്‍ തട്ടിപ്പിന് ഇരയായി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളിയെ നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിച്ചു

1 min read

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പിന് വിധേയനായി മലേഷ്യയിലെ ക്വാലാലംപൂര്‍ എയര്‍പ്പോര്‍ട്ടില്‍ കുടുങ്ങിയ മലയാളിയെ നോര്‍ക്ക റൂട്ട്‌സ് ഇടപെട്ട് മുംബൈ വഴി നാട്ടില്‍ തിരിച്ചെത്തിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ഏജന്‍സി വഴിയാണ് എറണാകുളം സ്വദേശി പാവോത്തിത്തറ തോമസ് ജോബ് വിജു സിംഗപ്പൂരിലേയ്ക്ക് ജോലിയ്ക്കായി യാത്രതിരിച്ചത്.

നവംബര്‍ 30 ന് കൊച്ചിയില്‍ നിന്നും ക്വാലാലംപൂരിലേക്കും അവിടെനിന്നും സിംഗപ്പൂര്‍ എയര്‍പ്പോര്‍ട്ടിലുമെത്തി. എന്നാല്‍ ജോലി വാഗ്ദാനം ചെയ്ത എഞ്ചിനിയറിങ്ങ് കമ്പനി എമിഗ്രഷന്‍ പോളിസി പ്രകാരമുളള പാസോ അനുബന്ധ രേഖകളോ കൈമാറിയില്ല. കമ്പനി അധികൃതരുമായി ഫോണ്‍ വഴിയും ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇതോടെ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തുകടക്കാനാകാത്ത സ്ഥിതിവന്നു. പിന്നീട് സിംഗപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും തിരികെ ക്വാലാലംപൂരിലേയ്ക്ക് മടക്കി അയക്കുകയായിരുന്നു.

നോര്‍ക്കാ റൂട്ട്‌സ് വഴി ക്വാലാലംപൂരിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ഇടപെട്ടാണ് ഡിസംബര്‍ 13ന് വിജുവിനെ മുംബൈയിലെത്തിച്ചത്. ക്വാലാലംപൂരില്‍ നിന്നും നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റ് ചെലവുകളും നോര്‍ക്കാ റൂട്ട്‌സ് വഹിച്ചു. മുംബൈയിലെത്തിയ ഇദ്ദേഹത്തെ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ നിര്‍ദ്ദേശമനുസരിച്ച് നോര്‍ക്ക മുംബൈ ഓഫീസ് അധികൃതര്‍ സ്വീകരിച്ച് അവശ്യസഹായങ്ങള്‍ ലഭ്യമാക്കി നേത്രാവതി എക്‌സ്പ്രസ്സില്‍ എറണാകുളത്തേയ്ക്ക് യാത്രയാക്കി.

വിദേശരാജ്യങ്ങളിലെ ജോലിക്കായി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അംഗീകരിച്ച ഏജന്‍സികള്‍ വഴി മാത്രമേ ശ്രമിക്കാവൂ എന്നും യാത്രതിരിക്കും മുന്‍പ് ഓഫര്‍ ലെറ്ററിലെ പോകേണ്ട രാജ്യത്തെ നിയമങ്ങള്‍ അനുശാസിക്കുന്ന യാത്രാരേഖകളും കരുതണമെന്നും
നോര്‍ക്ക അധികൃതര്‍ അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.