ക്ഷേത്ര ഭരണ സമിതിയിൽ രാഷ്ട്രീയക്കാർ വേണ്ടെന്ന് ഹൈക്കോടതി; സിപിഎമ്മുകാരുടെ നിയമനം അസാധുവാക്കി

1 min read

കൊച്ചി :ക്ഷേത്രഭരണസമിതിയിൽ രാഷ്ട്രീയക്കാരെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രീയക്കാരെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. ദേവസ്വത്തിന് കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ്‌ ക്ഷേത്ര ഭരണ സമിതിയിൽ സിപിഎം പ്രാദേശിക നേതാക്കളെ അംഗങ്ങളായി തെരഞ്ഞെടുത്തതിനെതിരെയായിരുന്നു ഹർജി. സിപിഎം പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവരുടെ തെരഞ്ഞെടുപ്പ്‌ കോടതി അസാധുവാക്കി. ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംഘടനയല്ലെന്ന വാദവും കോടതി തള്ളി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ ക്ഷേത്ര ഭരണ സമിതികളിൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ക്ഷേത്ര വിശ്വാസികളായ അനന്തനാരായണൻ, പി.എൻ.ശ്രീരാമൻ എന്നിവർ അഡ്വ.കെ.മോഹന കണ്ണൻ വഴി നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. നിയമനത്തിൽ മലബാർ ദേവസ്വം ബോർഡിന്റെ സർക്കുലർ ലംഘിച്ചതായും കോടതി നിരീക്ഷിച്ചു. അതിനാൽ സിപിഎം, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് അസാധുവാണെന്നും കോടതി വിലയിരുത്തി..
മലബാർ ദേവസ്വത്തിനു കീഴിലുള്ള കാളിക്കാവ്‌ ക്ഷേത്ര ഭരണ സമിതി തെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെങ്കിലും, ഇത് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്നാണ് നിയമവിദഗ്ധർ കരുതുന്നത്.

Related posts:

Leave a Reply

Your email address will not be published.