കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല; നാമനിര്‍ദ്ദേശം ചെയ്യുന്ന രീതി തുടരും

1 min read

റായ്പൂര്‍ : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് ഇത്തവണയും തെരഞ്ഞെടുപ്പില്ല.  നാമനിര്‍ദ്ദേശം ചെയ്യുന്ന പതിവു രീതി തുടരാനാണ് തീരുമാനം. റായ്പൂരില്‍ നടക്കുന്ന 85-ാം പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായുള്ള സ്റ്റിയറിങ് കമ്മിറ്റിയിലാണ് തീരുമാനം.  യോഗം ആരംഭിച്ചപ്പോള്‍ തന്നെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് വേണ്ടെന്ന അഭിപ്രായക്കാരായിരുന്നു ഭൂരിഭാഗവും.
അഖിലേന്ത്യാ അധ്യക്ഷനെ തീരുമാനിച്ചത് തെരഞ്ഞെടുപ്പിലൂടെയാണ്. പാര്‍ട്ടിയില്‍ ജനാധിപത്യം ഉണ്ടെന്ന സന്ദേശം നല്‍കാന്‍ ഈ തെരഞ്ഞെടുപ്പിലൂടെ സാധിച്ചു. എന്നാല്‍ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടക്കുന്നത് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്ന അഭിപ്രായക്കാരായിരുന്നു അംഗങ്ങളില്‍ കൂടുതലും. പി.ചിദംബരം, അജയ് മാക്കന്‍, ദിഗ്വിജയ് സിങ്, മനു അഭിഷേക് സിങ്വി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പിനെ അനുകൂലിച്ചെങ്കിലും ഭൂരിപക്ഷാഭിപ്രായം പരിഗണിച്ച് തെരഞ്ഞെടുപ്പ് വേണ്ടെന്ന്  മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിക്കുകയായിരുന്നു. പ്രവര്‍ത്തക സമിതിയിലേക്കുള്ള മുഴുവന്‍ അംഗങ്ങളെയും നാമനിര്‍ദ്ദേശം ചെയ്യാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയെന്ന് കമ്മ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു.
സോണിയ, രാഹുല്‍, പ്രിയങ്ക ഉള്‍പ്പെടെയുള്ള നെഹ്റു കുടുംബങ്ങള്‍ യോഗത്തില്‍ ഉണ്ടായിരുന്നില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് സ്വതന്ത്രമായി അഭിപ്രായമെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കാനാണ് ഇവര്‍ വിട്ടുനിന്നതെന്ന് അറിയുന്നു.  

Related posts:

Leave a Reply

Your email address will not be published.