25 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷനില്ല; ന്യായീകരിച്ച് ഗതാഗതമന്ത്രി
1 min readതിരുവനന്തപുരം : കെഎസ്ആര്‍ടിസി യില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന് നിയന്ത്രണമേര്‍പ്പെടുത്താനുളള മാനേജ്‌മെന്റ് തീരുമാനത്തെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. അര്‍ഹതയുള്ള എല്ലാവര്‍ക്കും കണ്‍സഷന്‍ ഉറപ്പാണെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ കണ്‍സഷന്‍ അതേപടി തുടരുകയാണെന്നും സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 65% കണ്‍സഷന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ 25 വയസ്സു കഴിഞ്ഞവര്‍ക്ക് കണ്‍സഷനുണ്ടാകില്ല എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മന്ത്രി. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വിരമിച്ച് ഈവനിങ് ക്ലാസ്സുകളില്‍ ചേരുന്ന ഉദ്യോഗസ്ഥര്‍ പോലും കണ്‍സഷന് വേണ്ടി അപേക്ഷിക്കുന്നുണ്ട്. നിലവിലെ നിയമമനുസരിച്ച് അവര്‍ക്കും കണ്‍സഷന് അര്‍ഹതയുണ്ട്. അതിനാലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നത്. 25 വയസ്സു വരെയുള്ളവരാണ് സാധാരണ പി.ജി. ക്ലാസ്സുകളിലുള്ളത്. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈനിലൂടെ കണ്‍സഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതുമൂലം കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷം 130 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്. 25 വയസ്സു കഴിഞ്ഞവര്‍ക്ക് കണ്‍സഷന്‍ നല്‍കേണ്ടതില്ല എന്ന് കെഎസ്ആര്‍ടിസി തീരുമാനിച്ചാല്‍ ഇതേ ആവശ്യവുമായി സ്വകാര്യ ബസുകളും രംഗത്തു വരും. കണ്‍സഷന്‍ റദ്ദാക്കണമെന്നാണ് നേരത്തെ തന്നെ അവര്‍ അവശ്യപ്പെടുന്നത്. തീരുമാനമായില്ലെങ്കില്‍ ഏപ്രില്‍ 1 നു ശേഷം സര്‍വീസ നിര്‍ത്തുമെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു.
കണ്‍സഷന്‍ നിയന്ത്രണത്തിനെതിരെ എസ്എഫ്‌ഐയും കെഎസ്യുവും രംഗത്തെത്തി. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും കണ്‍സഷന്‍ നേടിയെടുക്കാന്‍ അറിയാമെങ്കില്‍ നിലനിര്‍ത്താനും അറിയാമെന്നുമാണ് കെഎസ്യു പറയുന്നത്.