പാർലമെന്റ് കെട്ടിടത്തെ എതിർക്കുന്നതെന്തിന്?
1 min readഎതിർക്കാൻ മറ്റൊന്നുമില്ലാത്തതുകാരണമാണോ പ്രതിപക്ഷത്തിന്റെ ഈ ബഹിഷ്‌കരണം
ഈ മാസം 28നാണ് ഇന്ത്യയുടെ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം. വീരസാവർക്കരുടെ ജന്മദിനമാണ് മെയ് 28. 140 വർഷം മുമ്പാണ് വിപ്ലവകാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന വിനായക് ദാമോദർ സവർക്കർ മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിക്കുന്നത്.
ഇന്ത്യയുടെ പുതിയ പാർലമെന്റ് കെട്ടിട ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. 19 പ്രതിപക്ഷ പാർട്ടികൾ ഈയൊരു തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞു. ആദ്യം ആം ആദ്മി പാർട്ടിയാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. പിന്നെ മറ്റുള്ളവർ കൂടി അതിൽ ചേരുകയാണ്.
നേരത്തെ പാർലമെന്റിനായി പുതിയ കെട്ടിടം ഉണ്ടാക്കുന്നതിനെയും പ്രതിപക്ഷം എതിർത്തിരുന്നു. അന്ന് അതത്ര ഏശിയില്ല. മൂന്നുവർഷം മുമ്പാണ് അതിന്റെ ശിലാസ്ഥാപനം നടന്നത് . അത് നിർവഹിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. ഇപ്പോൾ ഇത്തരമൊരു ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ശരിയല്ല എന്നാണ് പൊതുവെ ആളുകൾ ചിന്തിക്കുകയെങ്കിലും ബഹിഷ്‌കരണത്തെ അനുകൂലിക്കാത്തവർ പോലും അവരുന്നയിച്ച കാര്യത്തിൽ അല്പം യുക്തിയില്ലേ എന്നു ചിന്തിച്ചു പോവും.
പ്രതിപക്ഷം ഉന്നയിക്കുന്നതെന്താണ? ഭരണ ഘടന പ്രകാരം പാർലമെന്റിന്റെ തലവൻ രാഷ്ട്രപതിയാണ്. അപ്പോൾ രാഷ്ട്രപതിയല്ലേ ഉദ്ഘാടനം നിർവഹിക്കേണ്ടത്? നമ്മുടെ ചെറുതും വലുതുമായ പല പ്രതിപക്ഷ നേതാക്കളും പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനെ വിമർശിച്ചു രംഗത്തുവന്നിട്ടുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സി.പി.ഐ നേതാവ് ബിനോയ് വിശ്വം, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ഡി.രാജ, ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് എന്നിവരൊക്കെ പ്രസ്താവനകളുമായി രംഗത്തുവന്നിട്ടുണ്ട്.
എന്നാൽ രാഷ്ട്രപതി രാഷ്ട്രത്തിന്റെ ഭരണ തലവനും, പ്രധാനമന്ത്രി ഗവൺമെന്റിന്റെ ഭരണതലവനും ആണ്. ഇവിടെ ഇങ്ങനെയൊരു വിവാദമുണ്ടാക്കേണ്ട
ആവശ്യമില്ല. 1975ൽ ഒക്ടോബർ 24ന് പാർലമെന്റ് അനക്‌സ് കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ്. ഫക്രുദ്ദീൻ അലി അഹമ്മദ് ആയിരുന്നു അന്ന് ഇന്ത്യൻ രാഷ്ട്രപതി. 1987 ആഗസ്ത് 15ന് പാർലമെന്റ് ലൈബ്രറിയുടെ തറക്കല്ലിട്ടത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. അന്നൊന്നും തോന്നാത്ത വികാരം ഇപ്പോൾ തോന്നുന്നതെന്താണ്?
കോൺഗ്രസ് ഇല്ലാത്ത വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. കേന്ദ്ര നഗര കാര്യ മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റുകളിലൂടെ പ്രതിപക്ഷത്തിന് മറുപടി കൊടുത്തുകഴിഞ്ഞു. പ്രണബ് മുഖർജി രാഷ്ട്രപതിയായിരുന്നപ്പോൾ സ്‌പെഷ്യൽ ജി.എസ്. ടി സെഷൻ അവർ ബഹിഷ്‌കരിച്ചു. പ്രണബ് മുഖർജിക്ക് ഭാരത രത്‌ന നൽകിയപ്പോഴും അവർ ചടങ്ങ് ബഹിഷ്‌കരിച്ചു. രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ദ്രൗപതി മുർമുവിനെയും അവർ അവഹേളിച്ചു. ഇപ്പോൾ പാർലമെന്റിനേയും അവഹേളിക്കുകയാണെന്നാണ് ബി.ജെ.പി പറയുന്നത്.
ഇന്ത്യ സ്വാതന്ത്ര്യം കിട്ടി 75വർഷമായി. 1927ൽ ബ്രിട്ടീഷ് ശില്പികളായ ല്യൂട്ടണും ഹെർബർട്ടും നിർമ്മിച്ച പാർലമെന്റ കെട്ടിടത്തിൽ വേണ്ടത്ര സൗകര്യങ്ങളില്ല. നമുക്ക് സ്വന്തമായി അഭിമാനത്തോടെ സൗകര്യപ്രദമായ പാർലമെൻ് കെട്ടിടം നിർമ്മിച്ചാലെന്താണ് തെറ്റ്. പുതിയ കെട്ടിടത്തിൽ ലോകസഭയിൽ 888 ഉം രാജ്യസഭയിൽ 384 ഉം സീറ്റുകളാണ് ഉള്ളത് . സംയുക്ത സമ്മേളനം ലോകസഭാ ഹാളിൽ നടത്തും.
ഇവിടെ എന്തിനെയും എതിർക്കുക എന്ന നിഷേധാത്മക നിലപാടാണ ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ഇന്ത്യയുടെ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് ഒരു പൊതുചടങ്ങല്ലേ . അതവർ ബഹിഷ്‌കരിക്കരുതായിരുന്നു എന്നുള്ളതാണ് പൊതുവേ ഉയരുന്ന വികാരം.
അതേ സമയം 1947ലെ അധികാര കൈമാറ്റ സമയത്ത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് കൈമാറിയ ചെങ്കോലും ഇനി മുതൽ ലോകസഭാ സ്പീക്കറുടെ സീറ്റിനോട് ചേർന്നുണ്ടാകും. നിറ സമ്പത്തിനെയാണ് ചെങ്കോൽ സൂചിപ്പിക്കുന്നത്.