നവകേരള സദസ്സ് മാറ്റി. പൊടിഞ്ഞ പണം ആര് നല്‍കും. വെട്ടിലായി സംഘാടകര്‍
1 min readകാനം രാജേന്ദ്രന്‍ മരിച്ചതു മൂലം മാറ്റിവച്ച പരിപാടിയുടെ ചെലവ് ആര് നല്‍കും.
നവകേരള സദസ്സ് മാറ്റിവെച്ച നാലുമണ്ഡലങ്ങളിലും സംഘാടകസമിതികള്‍ കുടുങ്ങും. തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ സംഘാടക സമിതികളാണ് കുടുങ്ങുക. ഒന്നരക്കോടിയിലേറെ രൂപയാണ് നഷ്ടം കണക്കാക്കുന്നത്. ഇത് ആര് കൊടുക്കും എന്നതാണ് ഉയരുന്ന ചോദ്യം. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്നാണ് നവകേരള സദസുകള്‍ മാറ്റിവെച്ചത്. നവകേരള സദസ്സ് തിരുവനന്തുപരത്ത് സമാപിച്ചശേഷം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ മാറ്റിവെച്ച സ്ഥലങ്ങളില്‍ പരിപാടി സംഘടിപ്പിക്കാനാണ് ആലോചന. പരിപാടി കൊഴുപ്പിക്കണമെന്ന് നിര്‍ദേശം വന്നാല്‍ സംഘാടകസമിതികള്‍ കൂടുതല്‍ പണം ഒഴുക്കേണ്ടി വരും. ഇതുവരെ നല്‍കിയ പണം കൂടാതെയാണ് ഇനിയും പണം ആവശ്യമായി വരുന്നത്.
വെള്ളിയാഴ്ച വൈകീട്ടാണ് കാനം രാജേന്ദ്രന്‍ മരിച്ചത്. നവകേരള സദസ്സുകള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കൊച്ചി, കളമശ്ശേരി, എറണാകുളം മണ്ഡലങ്ങളിലെ പരിപാടികള്‍ ആളുകള്‍ നിറഞ്ഞതിനാല്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകാതെ പരിപാടി നടത്തുന്നതിലെ അനൗചിത്യം സിപിഐനേതൃത്വം ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്നാണ് പിറ്റേന്ന് നടക്കാനിരുന്ന തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ സദസ്സ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. മാറ്റിവെയ്ക്കാനുള്ള തീരുമാനം സംഘാടക സമിതിയെ അറിയിക്കുമ്പോള്‍ രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു. അപ്പോഴേക്കും പൊടിക്കാനുള്ള തുക പൊടിച്ച് കഴിഞ്ഞിരുന്നു.
നടക്കാത്ത പരിപാടിക്ക് ലക്ഷങ്ങള്‍ നല്‍കണമെങ്കില്‍ സ്‌പോണ്‍സര്‍മാര്‍ കനിയണം. എങ്ങനെ പണം ചോദിക്കും എന്ന പ്രശ്‌നമാണ് മുന്നിലുള്ളത്. പന്തലിനും പ്രചാരണ പരിപാടിക്കുമാണ് കൂടുതല്‍ പണം വേണ്ടത്. വരവുചെലവു കണക്കുകളെല്ലാം സംഘാടക സമിതി ചെയര്‍മാന്റെ നേതൃത്വത്തിലാണ് നോക്കുന്നത്. സംഘാടക സമിതി പണം എവിടെനിന്നും നേരിട്ടുവാങ്ങുന്നില്ല. ഓരോ പരിപാടിക്കുമുള്ള ചെലവുകള്‍ നിശ്ചയിച്ച്, സ്‌പോണ്‍സറോട് നേരിട്ട് കൊടുക്കാനാണ് അഭ്യര്‍ഥിച്ചിട്ടുള്ളത്.
സഹകരണസംഘങ്ങളാണ് കുടുങ്ങിയിരിക്കുന്നത്. ഇടതുമുന്നണി ഭരിക്കുന്ന സംഘങ്ങളെല്ലാം പരിപാടികള്‍ക്ക് ലക്ഷങ്ങള്‍ നല്‍കിക്കഴിഞ്ഞു. നടക്കാത്ത പരിപാടിക്ക് പണം നല്‍കിയത് തലവേദനയാവുമോ എന്ന ആശങ്ക സംഘം ഭരണ സമിതികള്‍ക്കുമുണ്ട്. പ്രചാരണ പരിപാടികള്‍ രണ്ടാഴ്ച മുന്‍പേതന്നെ തുടങ്ങിയിരുന്നു. കലാപരിപാടികളും നടന്നു. എല്ലാത്തിനും പണവും ചെലവഴിച്ചു. തൃപ്പൂണിത്തുറയില്‍ പ്രഭാതഭക്ഷണത്തിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. വരുന്നവര്‍ക്കായി ലഘുഭക്ഷണം കരുതിയതെല്ലാം പലയിടത്തുമായി നല്‍കേണ്ടിവന്നു.