നെയ്ഫ്യൂ റിയോ അഞ്ചാം തവണയും നാഗാലാൻഡ് മുഖ്യമന്ത്രി
1 min readകൊഹിമ : നാഗാലാൻഡിൽ എൻഡിപിപി നേതാവ് നെയ്ഫ്യൂ റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റു. ഗവർണർ ലാ ഗണേഷൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 12 അംഗ മന്ത്രിസഭയിൽ ടി.ആർ.സെയിലാങ്, വൈ.പാറ്റൻ എന്നിവർ ഉപമുഖ്യമന്ത്രിമാരായി. നിയമസഭയിലേക്ക് ആദ്യമായെത്തിയ രണ്ടു വനിതകളിൽ ഒരാളായ സൽഹൗതുവാനോ കർസിനും മന്ത്രിയായി. എൻഡിപിപി എംഎൽഎയാണ് സൽഹൗതുവാനോ കർസിനും. രൂപീകരിക്കപ്പെട്ട് 60 വർഷവും 12 തെരഞ്ഞെടുപ്പുകളും കഴിഞ്ഞെങ്കിലും വനിതാ എംഎൽഎയെ നാഗാലാൻഡിന് ലഭിച്ചിരുന്നില്ല.
60 അംഗസഭയിൽ എൻഡിപിപി-ബിജെപി സഖ്യത്തിന് 37 എംഎൽഎമാരുടെ പിന്തുണയുണ്ട്. മറ്റു പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചതോടെ സർവകക്ഷി സർക്കാരായി മാറി റിയോ സർക്കാർ. നാഗ പീപ്പിൾസ് ഫ്രണ്ടിന്റെ 21 അംഗങ്ങളും ഭരണകക്ഷിയായ എൻഡിപിപിയിൽചേർന്നതോടെ കഴിഞ്ഞ നിയമസഭയിലും പ്രതിപക്ഷം ഇല്ലായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഢ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നാഗാലാൻഡിൽ ബിജെപിക്ക് രണ്ടു മന്ത്രിമാരാണുള്ളത്. ഇതിലൊരാൾ പുഞ്ചിരിക്കുന്ന ബുദ്ധൻ എന്നറിയപ്പെടുന്ന ടെംജെൻ ഇംന അലോങ് ആണ്. സമൂഹമാധ്യമങ്ങളിൽ നർമ്മം നിറഞ്ഞ എഴുത്തുകളുമായി പ്രത്യക്ഷപ്പെടുന്ന അലോങിന് വലിയ ധാരാളം അനുയായികളുണ്ട്. സംസ്ഥാന അധ്യക്ഷനായ അദ്ദേഹത്തിന് ഉന്നതവിദ്യാഭ്യാസവും ഗോത്രകാര്യ വകുപ്പുമാണ് നൽകിയിട്ടുള്ളത്.