ഭാര്‍ഗവിയുടെ നീലവെളിച്ചം
1 min readഇരു ധ്രുവങ്ങളിലെ ഭാര്‍ഗവീനിലയവും നീലവെളിച്ചവും
അറുപത് വര്‍ഷങ്ങള്‍ക്കുമുന്‍പ്, മലയാള സിനിമ നിറങ്ങള്‍ കൈവരിക്കുന്നതിനും മുന്‍പ് മലയാളികളെ ഭീതിയിലാഴ്ത്തിയ ചിത്രമായിരുന്നു ഭാര്‍ഗവിനിലയം. പ്രേതങ്ങളെ കുറിച്ചുള്ള കെട്ടുകഥകളും പഴങ്കഥകളും കൊടികുത്തി വാണിരുന്ന കാലത്ത് ബഷീറിന്റെ തൂലികയില്‍ പിറന്ന ഭാര്‍ഗവിനിലയം. കേവലം പ്രതികാരദാഹിയായ പ്രേതത്തിനുമപ്പുറം പ്രണയത്തിന്റെയും വിരഹത്തിന്റെയും സൗഹൃദത്തിന്റെയും ആത്മാവ് കൂടി ബഷീര്‍ തന്റെ വരികളിലൂടെ ഭാര്‍ഗവിക്ക് പകര്‍ന്നു. തന്റെ വിരസമായ ഏകാന്തതയെ തോല്‍പ്പിക്കാന്‍ ബഷീറിന്റെ ജല്‍പനങ്ങളില്‍ ജീവന്‍ കൊണ്ടതുമാവാം അവള്‍. നീലവെളിച്ചം എന്ന ചെറുകഥ ഭാര്‍ഗവീനിലയം എന്ന സിനിമയായി പുറത്തിറങ്ങിയപ്പോള്‍ പിന്നീട് അത് പ്രേതസിനിമകള്‍ക്ക് തന്നെ ഒരു റഫറന്‍സ് ആയി മാറുകയായിരുന്നു. കാലങ്ങള്‍ക്കിപ്പുറം നാടകീയ അഭിനയം റിയലിസ്റ്റിക് അഭിനയത്തിലേക്ക് വഴിമാറിയപ്പോള്‍ നീലവെളിച്ചത്തില്‍ ടോവിനോ തോമസും റിമ കല്ലിങ്കലും റോഷന്‍ മാത്യുവും ബഷീറിന്റെ വരികള്‍ക്ക് ജീവന്‍ നല്‍കി.
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ….സംവിധായകന്‍ വിന്‍സെന്റ് വെള്ളിത്തിരയിലേക്ക് പകര്‍ത്തിയ നീലവെളിച്ചം… മലയാള സിനിമ അന്നോളം കണ്ട് ശീലിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമാനുഭവം ആയിരുന്നു സാങ്കേതിക വിദ്യയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് വിന്‍സെന്റ് ഒരുക്കിയ ഈ സിനിമ. മാറാല മൂടി ആള്‍താമസം ഇല്ലാതെ പൂട്ടി കിടക്കുന്ന പുരയിടങ്ങള്‍ക്ക് ഭാര്‍ഗവീനിലയമെന്ന ഒറ്റവാക്ക് മലയാള ഭാഷയില്‍ ചേര്‍ക്കപ്പെട്ടു. അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും അത്രത്തോളം മലയാളിയെ സ്വാധീനിച്ചു കൊണ്ടിരുന്ന ചിത്രമാണ് ഭാര്‍ഗവീനിലയം. വിന്‍സെന്റ് സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയ നിര്‍മല തുടങ്ങിയവര്‍ അഭിനയിച്ച ഭാര്‍ഗവീനിലയം എന്ന റൊമാന്റിക് ഹോറര്‍ ക്ലാസ്സിക് 2023ല്‍ പുനരാവിഷ്‌കരിക്കുമ്പോള്‍ ഭാര്‍ഗവിയും പുനര്‍ജനിക്കുകയാണ്. ഒപ്പം, വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചത്തിന് പുതിയൊരു ഭാവവും. ഒരു റീമേക് ചിത്രത്തെ പുത്തന്‍ അനുഭവമാക്കി തീര്‍ക്കുക ശ്രമകരമാണ്. ചരിത്ര താളുകളില്‍ ഉള്ള തിരക്കഥ കൂടിയാകുമ്പോള്‍ കാഠിന്യമേറും. എന്നാല്‍, വല്ലാത്തൊരു കയ്യടക്കത്തോടെയാണ് ആഷിക് അബു ഈ ചിത്രത്തെ സമീപിച്ചിട്ടുള്ളത്. പഴമയില്‍ ഭീതിയുടെ കരിമ്പടം മൂടിയിരുന്ന ഭാര്‍ഗവീനിലയത്തിലേക്ക് പ്രണയത്തിന്റെ നീലവെളിച്ചം പകരുകയായിരുന്നു ആഷിക് അബു. പ്രേതം കുടിയൊഴിഞ്ഞ് പ്രേമം ചേക്കേറിയ ഭാര്‍ഗവീനിലയം, അതാണ് ആഷിക് അബുവിന്റെ നീലവെളിച്ചം.
ഇന്നും ഭാര്‍ഗവീനിലയവും നീലവെളിച്ചവും ഇരു ധ്രുവങ്ങളില്‍ തന്നെയാണ്. താരതമ്യം ചെയ്യാനാകാത്ത വിധം..രണ്ട് കോണുകളില്‍ …ഒന്ന് മറ്റൊന്നിനെക്കാള്‍ മികച്ചത് എന്ന് പറയുന്നത് പോലും നീതിയുക്തമല്ല. റീമേക്കുകള്‍ക്ക് പലകുറി മലയാള സിനിമ സാക്ഷ്യം വഹിച്ചെങ്കിലും പഴയതിനോട് നീതി പുലര്‍ത്തിയ സിനിമകള്‍ കുറവാണ്.
തന്റെ എഴുത്ത് യാത്രക്കിടെ തലശ്ശേരിയിലെ ഒരു പ്രേതമാളികയില്‍ വാടകക്കാരന്‍ ആകേണ്ടിവന്ന സാഹിത്യകാരനും അദ്ദേഹത്തിന്റെ അസാധാരണ അനുഭവങ്ങളും പിന്നീട് അതിന്റെ വേര് തേടിയുള്ള യാത്രയുമാണ് സിനിമ. തിരക്കഥയില്‍ കാര്യമായ പൊളിച്ചെഴുത്തുകള്‍ ഇല്ലാതെയായിരുന്നു ഈ ചിത്രം ഒരുക്കിയത്. ഭാര്‍ഗവിക്ക് മറ്റൊരു മുഖവും ഇനി അഭികാമ്യമല്ലെന്ന് തോന്നിപ്പിക്കും വിധമാണ് റിമയുടെ കാസ്റ്റിങ്. നിസ്സഹായമായ പ്രണയ നൈരാശ്യത്തിന്റെ ഭാവം പകര്‍ന്ന് ഭാര്‍ഗവിയെ തന്റെ കണ്ണുകളിലൂടെ പ്രേക്ഷക മനസ്സില്‍ റിമ പുനഃപ്രതിഷ്ഠിച്ചു. പി ഭാസ്‌കരനും ബാബുരാജും ചേര്‍ന്നൊരുക്കിയ ഭാര്‍ഗവീനിലയത്തിലെ ഗാനങ്ങള്‍ ബിജിപാല്‍ പുനരാവിഷ്‌കരിച്ചത് കാതുകളില്‍ പഴയ കാലത്തിന്റെ ഓര്‍മ പുതുക്കലായി. ഷഹബാസ് അമന്റെയും ചിത്രയുടെയും ആലാപനത്തിലൂടെ സ്വത്വം ചോരാതെ പഴയ പാട്ടുകള്‍ക്ക് പുതുജീവന്‍ നല്‍കി. തൊണ്ണൂറുകളില്‍ പോലും ഭാര്‍ഗവീനിലയം കാണാത്ത എത്രയോ പേരുണ്ടെന്നിരിക്കെ ഈ തലമുറയില്‍ ബഷീറിന് നല്‍കാവുന്ന ഏറ്റവും വലിയ ട്രിബ്യൂട്ട് കൂടിയാണ് ഈ സിനിമ.