സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ എന്‍ഡിഎ നടത്തുന്നത് കുരിശുയുദ്ധം: കെ.സുരേന്ദ്രന്‍
1 min readതിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍ഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാരിനെതിരെ വലിയ പോരാട്ടത്തിന് ദേശീയ ജനാധിപത്യ സഖ്യം തുടക്കം കുറിച്ചു കഴിഞ്ഞു. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലില്‍ എത്തിക്കും വരെ എന്‍ഡിഎക്ക് വിശ്രമമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ രഹസ്യ സഖ്യത്തിലായിരുന്ന ഇടത്‌വലത് മുന്നണികള്‍ ഇപ്പോള്‍ ഒന്നായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി അയോഗ്യനായതോടെ രാജ്യത്തെ എല്ലാ അഴിമതി കേസുകളിലെയും പ്രതികള്‍ ഒന്നിച്ചിരിക്കുകയാണ്. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയത് ബിജെപിയല്ലെന്ന് അവര്‍ക്കെല്ലാം അറിയാം. പക്ഷെ, തങ്ങളുടെ അഴിമതി കേസുകളെ പ്രതിരോധിക്കാന്‍ മോദിയാണ് രാഹുലിന്റെ എംപി സ്ഥാനം ഇല്ലാതാക്കിയതെന്ന പ്രചരണം നടത്തുകയാണ് അവര്‍. രാഹുല്‍ഗാന്ധിയെ മുന്നില്‍ നിര്‍ത്തി കള്ളന്‍മാരുടെ ഘോഷയാത്രയാണ് ഇപ്പോള്‍ നടക്കുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നിട്ടും ബിജെപിയെ തോല്‍പ്പിക്കാന്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പോലും സാധിച്ചില്ല. കേരളത്തിലും ഭാവിയില്‍ ഇരുകൂട്ടരെയും ബിജെപി തോല്‍പ്പിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളിലെല്ലാം വലിയ അഴിമതിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയാണ് ബ്രഹ്മപുരത്ത് സോണ്‍ട കമ്പനിക്ക് കരാര്‍ കൊടുത്തത്. വിഡി സതീശനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ട്. ഭരണപ്രതിപക്ഷങ്ങള്‍ കൊള്ള മുതല്‍ പങ്കുവെക്കുകയാണ്. ഭരണകക്ഷിയിലെ നേതാവിന് കരാറും പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാവിന് ഉപകരാറും കിട്ടുന്ന സംസ്ഥാനമാണ് കേരളം. ഈ അഴിമതിയുടെ ദുരന്തഫലമാണ് വിഷപ്പുക ശ്വസിക്കലും, ലോക്കപ്പ് മരണങ്ങളും. ആയിരം കോടി രൂപ പിരിച്ചെടുക്കാനുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ സര്‍ക്കുലറാണ് തൃപ്പൂണിത്തുറ ലോക്കപ്പ് മരണത്തിന് കാരണം.
ഇടതുപക്ഷത്തിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ല. തലശ്ശേരി ബിഷപ്പ് ഒരു പ്രസ്താവന ഇറക്കിയപ്പോഴേക്കും കരയുന്ന സിപിഎംകോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും കുറേ കരയേണ്ടി വരും. പല സഭകളും ഇടത്‌വലത് മുന്നണികള്‍ക്കെതിരെ രംഗത്ത് വരും. തൊഴിലുറപ്പ് പദ്ധതിക്ക് പണം കൊടുക്കുന്നത് മോദിയാണെങ്കിലും അവരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പിണറായി വിജയന്‍. തൊഴിലുറപ്പ് കൂലി, അംഗനവാടി അദ്ധ്യാപകരുടെ കൂലി, ആശാവര്‍ക്കര്‍മാരുടെ കൂലി എല്ലാം വര്‍ദ്ധിപ്പിച്ചത് മോദി സര്‍ക്കാരാണ്. എന്നാല്‍ കേരളത്തില്‍ യുവാക്കളെ നാടുവിടാന്‍ പ്രേരിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രം 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ കൊടുക്കുമ്പോള്‍ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. എന്‍ഡിഎക്കല്ലാതെ ആര്‍ക്കും കേരളത്തെ രക്ഷിക്കാനാവില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യു, ആര്‍എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, സോഷ്യലിസ്റ്റ് ജനതാ സംസ്ഥാന പ്രസിഡന്റ് വിവി രാജേന്ദ്രന്‍, കേരള കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്യാം ലൈജു എന്നിവര്‍ സംസാരിച്ചു. നന്താവനത്ത് നിന്നും ആരംഭിച്ച ആയിരക്കണക്കിന് പേര്‍ അണിനിരന്ന മാര്‍ച്ച് പാളയത്തിലൂടെ സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ സമാപിച്ചു.