വാടക ഗര്‍ഭധാരണം; ആവശ്യമെങ്കില്‍ നയന്‍താരയെയും വിഘ്‌നേഷിനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ്
1 min readചെന്നൈ: തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുട്ടികള്‍ ജനിച്ചത് ഏറെ വാര്‍ത്താപ്രധാന്യം നേടിയതിന് പിന്നാലെ വാടക ഗര്‍ഭധാരണം സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. തമിഴ്!നാട് ആരോഗ്യവകുപ്പാണ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് വാടക ഗര്‍ഭധാരണവും ചികിത്സയും പ്രസവവും നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇതുവരെ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നയന്‍താരയുടെ ഒരു ബന്ധുവാണ് വാടക ഗര്‍ഭധാരണത്തിന് തയ്യാറായതെന്നും സൂചനകളുണ്ട്. വാടക ഗര്‍ഭധാരണത്തിനായി ഇരുവരും സമീപിച്ച ആശുപത്രിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.
ആശുപത്രിയിലെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം ആവശ്യമെങ്കില്‍ നയന്‍താരയെയും വിഘ്‌നേശ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നയന്‍താരയും വിഘ്‌നേഷും രാജ്യത്തെ വാടക ഗര്‍ഭധാരണ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഇതില്‍ അന്വേഷണം നടത്തുമെന്നും ദമ്പതികളോട് ഇത് സംബന്ധിച്ച് വിശദീകരണം തേടുമെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍ നേരത്തെ അറിയിച്ചിരുന്നു.
രാജ്യത്ത് നിലവിലെ വാടക ഗര്‍ഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചല്ല, വാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താര അമ്മയായതെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണിലായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. തങ്ങള്‍ക്ക് ഇരട്ടകുട്ടികള്‍ പിറന്നതായി കഴിഞ്ഞ ദിവസമാണ് വിഘ്‌നേഷ് ശിവന്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ കുട്ടികള്‍ ജനിച്ചത് വാടക ഗര്‍ഭധാരണത്തിലൂടെയാണെന്നും ഇത് രാജ്യത്തെ വാടക ഗര്‍ഭധാരണ നിയന്ത്രണ നിയമത്തിന് വിരുദ്ധമായാണെന്നും സാമൂഹ്യമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്.