തന്റെ പഴയ വീഡിയോ ഡിലീറ്റാക്കാൻ ശ്രമിച്ചിട്ട് നടന്നില്ലെന്ന് നവ്യാ നായർ
1 min readസ്കൂൾ കലോത്സവത്തിന്റെ ഫലമറിഞ്ഞ് പൊട്ടിത്തെറിക്കുകയും കരയുകയും ചെയ്യുന്ന തന്റെ വീഡിയോ ഡിലീറ്റാക്കാൻ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്ന് നടി നവ്യാ നായർ. എറണാകുളം കാലടിയിൽ നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ. സ്കൂൾ കലോത്സവത്തിലായിരുന്നു നവ്യയുടെ വെളിപ്പെടുത്തൽ.
”കരയുന്ന വീഡിയോ ഡിലീറ്റാക്കാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് പല രീതിയിൽ ശ്രമിച്ചു നോക്കി. പക്ഷേ ഒരു നിവൃത്തിയുമില്ല. സമ്മാനം കിട്ടാത്തതിലല്ല, ഗ്രേഡ് കുറഞ്ഞു പോയതിലായിരുന്നു വിഷമം. ബി ഗ്രേഡ് കിട്ടിയതിന്റെ വിഷമത്തിൽ 15 വയസ്സുള്ള ഞാൻ പൊട്ടിക്കരഞ്ഞുപോയി. എന്റെ അറിവുകേടോ, ആ നേരത്തെ മനസ്സിന്റെ സങ്കടമോ കൊണ്ട് മറ്റേ കുട്ടി ഒന്നും ചെയ്തില്ല എന്ന് പറഞ്ഞു. സത്യത്തിൽ മറ്റേ കുട്ടി എന്താ ചെയ്തതെന്നു പോലും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. ഞാൻ അവരുടെ പെർഫോമൻസ് പോലും കണ്ടിട്ടില്ല. ഒരു ദിവസത്തെ കലാപ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വിജയത്തെയോ മാർക്കിനെയോ ആശ്രയിച്ചല്ല കലയെ ഇഷ്ടപ്പെടുന്നവരുടെ ജീവിതം നിർണയിക്കപ്പെടുന്നത്.” നവ്യാ നായർ പറഞ്ഞു.