നസീറിന്റെ നടക്കാതെ പോയ സ്വപ്‌നങ്ങള്‍
1 min readമോഹന്‍ലാലിനെയും മമ്മൂട്ടിയെയും കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള സിനിമ
മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അദ്ദേഹം തന്റെ പല സ്വപ്‌നങ്ങളെ കുറിച്ച് പങ്കുവെയ്ച്ച അവസാനത്തെ മാധ്യമ അഭിമുഖമായിരുന്നു 1988ല്‍ ചിത്രഭൂമിയ്ക്ക് നല്‍കിയത്. ധ്വനി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയപ്പോളായിരുന്നു അഭിമുഖം. അഭിനയം എന്നതിലുപരിയായി മറ്റെന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. നിര്‍മ്മാണ രംഗത്തേക്കു കൂടി പ്രേംനസീര്‍ പ്രേവശിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്ന സമയമായിരുന്നു അത്. അതേക്കുറിച്ചുള്ള ലേഖകന്റെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോള്‍, നിര്‍മാതാവാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും പക്ഷെ സംവിധായകനാവാന്‍ ചില പരിപാടികളൊക്കെയുണ്ടെന്നും പ്രേംനസീര്‍ തുറന്നുപറഞ്ഞു. പലരില്‍ നിന്നും ഓഫറുകള്‍ വന്നിട്ടുണ്ട്. ഒന്നു രണ്ടെണ്ണം സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഒന്ന് കെ.ആര്‍.ജിയുടെ ചിത്രമാണ്. ജൂലായ് മാസത്തില്‍ ചിത്രീകരണം തുടങ്ങാനാണ് ഉദ്ദേശം. മോഹന്‍ലാലിനെയാണ് നായകനായി നിശ്ചയിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ചിത്രം ചെയ്യാനുള്ള പരിപാടിയുമുണ്ട് പ്രേനസറീര്‍ പറഞ്ഞു. പക്ഷെ, ജൂലായ് മാസം വരെ അദ്ദേഹത്തിന് കാലം ആയുസ്സു കൊടുത്തില്ല.
താന്‍ ചെയ്യാന്‍ പോകുന്ന സിനിമ എങ്ങനെയാവണമെന്നതിനെ കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. എന്നില്‍ നിന്ന് ഒരു അവാര്‍ഡ് ഫിലിമൊന്നും പ്രതീക്ഷിക്കണ്ട, പ്രേക്ഷകരുടെ ആനന്ദമാണ് എന്റെ ലക്ഷ്യം. സിനിമയില്‍ ഞാന്‍ ചെയ്ത ഓരോ കഥാപാത്രങ്ങളും അത് മുന്നില്‍ കണ്ടായിരുന്നു. എന്റെ ചിത്രം നല്ല നിലവാരം പുലര്‍ത്തുന്നതും പ്രേക്ഷകരെ രസിപ്പിക്കുന്നതുമായിരിക്കും പ്രേംനസീര്‍ ആ സ്വപ്നവും പങ്കുവെച്ചിരുന്നു അന്ന്.
മൂന്നു പതിറ്റാണ്ട് നൂറു കണക്കിന് കഥാപാത്രങ്ങളെ അവതരിപ്പിച്ച നസീറിന് ഇനിയും ചില കഥാപാത്രങ്ങള്‍ മനസ്സിലുണ്ടായിരുന്നു. എം.ടിയുടെ സംവിധാനത്തില്‍ എനിയ്ക്കിണങ്ങുന്ന ഒരു കഥാപാത്രം ചെയ്യാന്‍ വലിയ ആഗ്രഹമുണ്ട്, ടിപ്പു സുല്‍ത്താനിലെ ഹൈദര്‍ അലിയാണ് ചെയ്യാന്‍ കൊതിക്കുന്ന മറ്റൊരു വേഷം. പ്രേംനസീര്‍ രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്ത സമയമായതുകൊണ്ട് രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞതിങ്ങനെ. രാഷ്ട്രീയം തനിക്ക് താല്‍പ്പര്യമുള്ള വിഷയമാണ്. ആ രംഗത്തു പ്രേവശിച്ച സ്ഥിതിക്ക് സജീവമാകാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. ഇടക്കാലത്ത് സിനിമയില്‍നിന്ന് അല്‍പ്പംവിട്ടുനിന്ന ശേഷം വീണ്ടും സജീവമായി വരുന്ന സമയം കൂടിയായിരുന്നു അത്. ഇടയ്ക്ക് ഞാന്‍ അഭിനയം നിര്‍ത്തി, ആ ഇടവേള വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനും കണ്ടുമനസ്സിലാക്കാനും ഉപയോഗിച്ചു. മിക്ക രാജ്യങ്ങളും ഞാന്‍ സന്ദര്‍ശിച്ചു. റഷ്യയും ഓസ്‌ട്രേലിയയും മാത്രമാണ് ഇനി ബാക്കി. അവിടങ്ങളിലും അടുത്തു തന്നെ സന്ദര്‍ശിക്കണമെന്നുണ്ട്. അദ്ദേഹം പറഞ്ഞു.
കുറച്ചൊക്കെ എഴുതിയിരുന്ന പ്രേംനസീറിന് ആ രംഗത്തും കൂറേക്കൂടി കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. അതേകുറിച്ചും സംസാരിച്ചു. മുന്‍പ് ഞാന്‍ ചെറുകഥകളും ലേഖനങ്ങളുമൊക്കെ എഴുതുയിരുന്നു. ഒന്നുരണ്ട് പുസ്തകങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇനിയും കൂടുതല്‍ എഴുതണം. സമയമുണ്ടല്ലോ, എഴുതിക്കളയാം അല്ലേ.. പ്രേംനസീര്‍ ചോദിച്ചു. ദിവസങ്ങള്‍ക്കകം മരണം പ്രേംനസീറിനെ തട്ടിയെടുക്കുമെന്ന് അദ്ദേഹമെന്നല്ല, ആരും കരുതിക്കാണില്ല. 1989 ജനുവരി 16 നായിരുന്നു പ്രേംനസീര്‍ കഥകളെയും കഥാപാത്രങ്ങളെയും വിട്ട് യാത്രയായത്.