ഛിന്നഗ്രഹം ഭൂമിയോടടുക്കുന്നു, മുന്നറിയിപ്പുമായി നാസ
1 min readഭൂമിയുടെ ഭ്രമണപഥം കടക്കാൻ സാദ്ധ്യതയില്ല
വലിയൊരു ഛിന്നഗ്രഹം ഭൂമി ലക്ഷ്യമാക്കി നീങ്ങുന്നുവെന്നും ഇന്നത് ഭൂമിയുടെ എറ്റവും അടുത്തെത്തുമെന്നും നാസ മുന്നറിയിപ്പ് നൽകുന്നു. ഛിന്നഗ്രഹത്തിന് 100 അടിയോളം വലിപ്പമുണ്ടെന്നും ഇത് മണിക്കൂറിൽ 23,596 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നതെന്നും നാസ വ്യക്തമാക്കുന്നു.
ഭൂമിയുടെ 6.3 ദശലക്ഷം കിലോമീറ്റർ അകലെ കൂടി ഇത് കടന്നുപോകുമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചിരിക്കുന്നത്. എച്ച്.വൈ 3 എന്ന പേരിലാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്. അമോർ ഗ്രൂപ്പ് ഓഫ് അസ്‌ട്രോയ്ഡ്‌സിന്റെ ഭാഗമായിട്ടുള്ള ഛിന്നഗ്രഹമാണിതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത് ഭൂമിയുടെ ഭ്രമണപഥം കടക്കാൻ സാദ്ധ്യതയില്ല. പക്ഷേ ചൊവ്വയുടെ ഭ്രമണപഥം കടക്കുമെന്നാണ് വിവരം.
2023 എച്ച്.വി, 2018 വിഎസ് 6 എന്നീ രണ്ട് ഛിന്നഗ്രഹങ്ങളെക്കുറിച്ചും നാസ മുന്നറിയിപ്പ് നൽകുന്നുണ്ട്. 2023 എച്ച്.വി ഭൂമിയോട് 1.38 ദശലക്ഷം കിലോമീറ്റർ അടുത്ത് വരെ എത്തും. 2018 വിഎസ്6 ആകട്ടെ 2 ദശലക്ഷം കിലോമീറ്റർ അകലെക്കൂടിയാണ് കടന്നു പോകുന്നത്. ഭൂമിയുടെ ഏറ്റവും അടുത്ത് കൂടി കടന്നു പോകുന്ന ഛിന്നഗ്രഹങ്ങളെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്.
ഭൂമിയിൽ നിന്ന് 7.5 ദശലക്ഷം കിലോമീറ്ററിനുള്ളിൽ കടന്നുപോകുന്ന ഛിന്നഗ്രഹങ്ങളെ ട്രാക്ക് ചെയ്യാനുള്ള സംവിധാനം നാസയിലുണ്ട്. 150 മീറ്ററിലധികം വലിപ്പമുള്ള ഏതൊരു വസ്തുവും ഭൂമിയോട് അടുത്ത് കൂടി കടന്നു പോകുമ്പോൾ അങ്ങേയറ്റം അപകടകരമാകുന്നു എന്നാണ് നാസ വിശേഷിപ്പിക്കുന്നത്.