പിരിഞ്ഞിട്ടും ഒഴിവാക്കാനാകാത്ത മരുമകള്‍
1 min readപിരിഞ്ഞിട്ടും മുന്‍ മരുമകളെ ഒഴിവാക്കാനാകാതെ നാഗാര്‍ജുന
സമാന്തയുടെയും നാഗ ചൈതന്യയുടെയും വേര്‍പിരിയല്‍ അത്ര സുഖകരമായ വാര്‍ത്തയായിരുന്നില്ല അവരുടെ ആരാധകര്‍ക്ക്. 2021ലാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപനം നടത്തിയത്. സോഷ്യല്‍ മീഡിയ പോസ്റ്റിലായിരുന്നു പ്രഖ്യാപനം. അതിന് ശേഷം ഇരുവരുടെയും ജീവിതത്തിലും സിനിമകളിലും ഒട്ടേറെ സംഭവങ്ങള്‍ അരങ്ങേറി. സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായ വിവാഹ മോചനമായിരുന്നു അത്.
യെ മായ ചെസവ എന്ന സിനിമയിലൂടെയാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയും വിവാഹ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. തെലുങ്ക് സിനിമാ ലോകത്തെ സൂപ്പര്‍താരമായ നാഗാര്‍ജുനയുടെ മകനാണ് നാഗ ചൈതന്യ. താര കുടുംബത്തിലേക്ക് സമാന്ത കടന്ന് വന്നപ്പോള്‍ ഇത് വലിയ ചര്‍ച്ചയായി. ഓണ്‍സ്‌ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചു.
എന്നാല്‍ വൈകാതെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. വിവാഹ ശേഷമാണ് സമാന്തയുടെ കരിയര്‍ ഗ്രാഫ് കുതിച്ചുയര്‍ന്നത്. വ്യത്യസ്തമായ നിരവധി സിനിമകള്‍ നടിയെ തേടി വന്നു. ഫാമിലി മാന്‍ എന്ന സീരീസിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ നടി പ്രശസ്തി നേടി. കരിയറിലെ തിരക്കുകളാണ് വിവാഹ ജീവിതത്തെ ബാധിച്ചതെന്ന് തെലുങ്ക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
വിവാഹമോചനം രണ്ട് പേരുടെയും കുടുംബത്തെയും ബാധിച്ചു. നാഗാര്‍ജുനയ്ക്ക് പ്രിയപ്പെട്ട മരുമകളായിരുന്നു സമാന്ത. നാഗ ചൈതന്യയുടെ സഹോദരന്‍ അഖില്‍ അക്കിനേനിയും സമാന്തയയുടെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു. ഇപ്പോഴിതാ താരങ്ങളെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്.
സമാന്ത നാഗ ചൈതന്യ വിവാഹ ഫോട്ടോ നാഗാര്‍ജുനയുടെ വീട്ടില്‍ ഇപ്പോഴും വെച്ചിട്ടുണ്ട്. താരം വിവാഹമോചനം നേടിയിട്ട് ഏറെ നാളായെങ്കിലും ഫോട്ടോ എന്തിന് വീട്ടിലെ ഹാളില്‍ വെച്ചിരിക്കുന്നെന്നാണ് ആരാധകരുടെ ചോദ്യം. ഈ ഫോട്ടോയില്‍ കുടുംബാംഗങ്ങളെല്ലാമുണ്ട്. അതിനാലാണ് ഫോട്ടോ എടുത്ത് മാറ്റാതെ വെച്ചിരിക്കുന്നത് എന്നും സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍.
വിവാഹമോചന സമയത്ത് സമാന്തയ്ക്ക് വലിയ തുക ജീവനാംശമായി നല്‍കാന്‍ നാഗാര്‍ജുന തയ്യാറായതാണ്. എന്നാല്‍ നടി ഇത് നിരസിച്ചു. വേര്‍പിരിയലിന് ശേഷം സമാന്ത സിനിമാ തിരക്കുകളിലേക്ക് കടന്നു. വിവാഹമോചനത്തിന് കാരണം എന്തെന്ന് സമാന്തയോ നാഗ ചൈതന്യയോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ഗോസിപ്പുകള്‍ വന്നപ്പോള്‍ ഇത് നിഷേധിച്ച് നടി രംഗത്ത് വന്നിട്ടുണ്ട്. ഡിവോഴ്‌സ് നേടിയ ശേഷം നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ട്.
നടന്റെ കുടുംബത്തില്‍ വിവാഹമോചനം പുതിയ കാര്യമല്ല. ലക്ഷ്മി ദഗുബതിയെന്നാണ് നാഗാര്‍ജുനയുടെ മുന്‍ ഭാര്യയുടെ പേര്. ഈ വിവാഹ ബന്ധത്തില്‍ പിറന്ന മകനാണ് നാഗ ചൈതന്യ. ലക്ഷ്മി ദഗുബതിയുമായി വേര്‍പിരിഞ്ഞ ശേഷമാണ് നടി അമലയെ നാഗാര്‍ജുന വിവാഹം ചെയ്യുന്നത്. അഖില്‍ അക്കിനേനി എന്ന മകനും ഇരുവര്‍ക്കും പിറന്നു. അഖില്‍ അക്കിനേനിയും നാഗ ചൈതന്യയും സിനിമാ രംഗത്ത് ഇന്ന് സജീവമാണ്.
മറുവശത്ത് സമാന്ത കുറച്ച് കാലത്തേക്ക് സിനിമാ രംഗത്ത് നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷന്റെ ചികിത്സയുടെ ഭാഗമായാണ് നടി മാറി നില്‍ക്കുന്നത്. സിതാഡെല്‍ എന്ന സീരീസാണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ളത്. വരുണ്‍ ധവാനാണ് സീരീസില്‍ നായകനായെത്തുന്നത്. ഇടവേള കുറച്ച് കാലത്തേക്ക് മാത്രമാണ് സമാന്ത വ്യക്തമാക്കിയിട്ടുണ്ട്.