തീരാത്ത പാഷനാണ് പ്രണയം
1 min read
ഞാനൊരു അഹങ്കാരിയാണെന്ന് അമ്മ പറയുമെന്ന് ഗ്രേസ് ആന്റണി
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങിലൂടെ അഭിനയം തുടങ്ങിയ നടി കുമ്പളങ്ങി നൈറ്റ്‌സിലെ വേഷത്തിലൂടെ ജനപ്രീതി നേടി. പിന്നീട് നായികയായിട്ടും അല്ലാതെയുമായി നിരവധി വേഷങ്ങള്‍ ഗ്രേസ് അവതരിപ്പിച്ചു.
സിനിമയാണ് തന്റെ പ്രൊഫഷന്‍ എന്ന് മനസിലായതിന് ശേഷം വരുത്തിയ മാറ്റങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടിയിപ്പോള്‍. ഒരു അഭിമുഖത്തിലൂടെ സിനിമയിലഭിനയിക്കുന്നതിന് തനിക്ക് ഈഗോയൊന്നുമില്ലെന്ന് ഗ്രേസ് പറയുന്നു.
നായിക വേഷം മാത്രമേ ചെയ്യുകയുള്ളു എന്നൊന്നും എനിക്കില്ല. സിനിമാ നടിയാവാന്‍ വേണ്ടി ജനിച്ച ആളല്ല ഞാന്‍. കഥാനായികയാവാനാണ് എനിക്കാഗ്രഹം. കഥയിലെ നായികയായിട്ട് ഇരുന്നാലെ എന്നും ആ കഥാപാത്രമായി നമ്മളുണ്ടാവുകയുള്ളു.
സിനിമാ നടിയാവുകയാണെങ്കില്‍ കുറേ നാള്‍ കഴിയുമ്പോള്‍ അത് മാഞ്ഞ് പോകും. ഒരു അഭിനേതാവ് എന്ന നിലയില്‍ നമുക്കൊരു വളര്‍ച്ചയുണ്ടാവില്ല. കുറേ കാറ് വാങ്ങി, കാണാന്‍ നല്ലതാണ് എന്നൊക്കെ പറയാമെങ്കിലും നടി എന്ന രീതിയില്‍ വളര്‍ച്ചയുണ്ടാവില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് ഗ്രേസ് പറയുന്നു.
കരിയറില്‍ ചെറിയൊരു വളര്‍ച്ച ഉണ്ടാവുമ്പോള്‍ തന്നെ എങ്ങനെയാണ് മുന്നോട്ട് പോകേണ്ടതെന്ന് നമ്മള്‍ ചിന്തിക്കണം. ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത് ലീഡ് റോളുകളാണെങ്കില്‍ നാളെ ക്യാരക്ടര്‍ റോള്‍ വന്നാല്‍ ചെയ്യില്ലെന്ന് അര്‍ഥമില്ല. അങ്ങനൊന്ന് വന്നാല്‍ തീര്‍ച്ചയായിട്ടും ചെയ്യും. എന്നെ കാറ്റഗറസൈസ് ചെയ്യാന്‍ ഞാന്‍ ആരെയും അനുവദിച്ചിട്ടില്ല.
എന്റെ ഫ്യൂച്ചര്‍ ഞാനിപ്പോഴേ മുന്നില്‍ കാണുന്നുണ്ട്. അങ്ങനെയാണ് പോകുന്നതും. കുഴിയിലേക്ക് കാല് നീട്ടിയിരിക്കുമ്പോഴും ഞാന്‍ അമ്മൂമ്മയായിട്ട് അഭിനയിക്കും. അതിന് ഞാന്‍ മെന്റലി തയ്യാറാണ്. ഞാനൊരു വലിയ സിനിമാ നടിയാണ്. എന്നെ ഈ രീതിയില്‍ പരിഗണിക്കപ്പെടണം എന്നൊരു ഈഗോ വന്നാല്‍ ഇതൊന്നും നടക്കില്ല.
ഇതാണ് നമ്മുടെ പ്രൊഫഷന്‍ എന്ന് തീരുമാനിച്ചാല്‍ പിന്നെ സിനിമ എവിടെ കൊണ്ട് നിര്‍ത്തുന്നോ അവിടെ പോകണം. അല്ലാതെ എന്നെ ഇവിടെ തന്നെ പ്ലേസ് ചെയ്യണമെന്ന് വിചാരിക്കാന്‍ പാടില്ല. അതിനോട് ശാരീരികമായിട്ടും മാനസികമായിട്ടും തയ്യാറായിരിക്കണമെന്നും നടി പറയുന്നു.
ഗ്രേസ് ആന്റണി അഹങ്കാരിയാണോന്ന് ചോദിച്ചാല്‍ ‘അഹങ്കാരം കൂടുകയാണെങ്കില്‍ എന്റെ തലയ്ക്കിട്ട് കൊട്ടാന്‍ എനിക്ക് തന്നെ അറിയാം. എന്നെ ഇതൊന്നും ആരും പറഞ്ഞ് പഠിപ്പിച്ചിട്ടില്ല. ഇങ്ങനൊരു ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ ഇതൊക്കെയുണ്ടാവുമെന്നും നീയിങ്ങനെ നടക്കണമെന്നും ആരും പറഞ്ഞിട്ടില്ല.
എന്റെ വീട്ടുകാരും കൂടെ നില്‍ക്കുന്നവരുമൊക്കെ എനിക്ക് മാറ്റം വന്നിട്ടുണ്ടെന്ന് കുറെ പറഞ്ഞിട്ടുണ്ട്. അമ്മ എന്നോട് നീയിപ്പോള്‍ അഹങ്കാരിയാണെന്ന് വരെ പറഞ്ഞു. അമ്മ പലതും പറയാറുള്ളത് കൊണ്ട് ഞാനത് കാര്യമാക്കാറില്ല.
ചില സാഹചര്യങ്ങളില്‍ അഭിപ്രായം തുറന്ന് പറയേണ്ടതായി വന്നിട്ടുണ്ട്. അത് ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് അഹങ്കാരമാണെന്ന് തോന്നിയേക്കാം. പിന്നീടും അങ്ങനൊരു സാഹചര്യം വരുത്താതിരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. പിന്നെ ആരും എനിക്ക് ഭയങ്കര തലക്കനമുണ്ടെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. മാറി നിന്ന് പറയുന്നുണ്ടാവും.
പ്രണയത്തെ കുറിച്ച് നിര്‍വചിക്കാന്‍ പറഞ്ഞപ്പോള്‍ തീരാത്ത പാഷനാണ് പ്രണയമെന്നാണ് ഗ്രേസ് പറയുന്നത്. ഇനി കമ്മിറ്റഡാണോന്ന് ചോദിച്ചാല്‍ അതിപ്പോള്‍ പറയാന്‍ പറ്റില്ലെന്നായി നടി. അത് ശരിക്കും വളരെ വ്യക്തിപരമായ കാര്യമാണെന്നും ഗ്രേസ് പറയുന്നു.