കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും വെന്തു മരിച്ചു; തീയിട്ടത് പൊലീസെന്ന് ആരോപണം

1 min read

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍, അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തില്‍ അമ്മയും മകളും വെന്തു മരിച്ചു. പ്രമീള ദീക്ഷിത് (45), മകള്‍ നേഹ ദീക്ഷിത് (20) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലുണ്ടായിരുന്ന മകന്‍ ശിവറാം ദീക്ഷിത് രക്ഷപ്പെട്ടു.
കാന്‍പൂരിലെ റൂറ പ്രദേശത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാനായി ജില്ലാ ഭരണകൂടവും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും എത്തിയപ്പോഴായിരുന്നു സംഭവം. അുന്‍കൂട്ടി അറിയിക്കാതെയാണ് അധികൃതര്‍ ബുള്‍ഡോസറുമായി എത്തിയതെന്നും പൊലീസ് അറിയിച്ചു. തങ്ങള്‍ വീട്ടിനുള്ളില്‍ നില്‍ക്കുമ്പോഴാണ് അധികൃതര്‍ വീടിന് തീയിട്ടതെന്നും താന്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും അമ്മയെയും സഹോദരിയെയും രക്ഷിക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും പ്രമീളയുടെ മകന്‍ ശിവറാം പറഞ്ഞു.
അമ്മയും മകളും വീടിനകത്തു കയറി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, പൊലീസുദ്യോഗസ്ഥര്‍, ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ തുടങ്ങി 13 പേര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് പൊലീസും ഗ്രാമവാസികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധം വ്യാപകമായതോടെ അഡീഷണല്‍ ഡിജിപി അലോക് സിംഗും ഡിവിഷണല്‍ കമ്മീഷണര്‍ രാജ് ശേഖറും സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടുമെന്നും, കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ വീഡിയോ ചിത്രീകരിക്കാറുണ്ടെന്നും വീഡിയോ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.