ചോക്ലേറ്റ് മോഷ്ടിച്ച അമ്മയെ ജയിലില്‍ അടയ്ക്കണം; മകന്‍ പോലീസില്‍ പരാതി നല്‍കി.
1 min readദിവസവും പുതുമയാര്‍ന്നതും രസകരവുമായ പലതരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ കുട്ടികളുടെ രസകരമായ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ കൂടുതലാണ്. കാരണം കുട്ടികളുടെ നിഷ്‌കളങ്കമായ പെരുമാറ്റവും സംസാരവും കുറുമ്പും കളിയും ചിരിയും ഒക്കെ കാണുന്നത് തന്നെ മനസ്സിന് സന്തോഷം നല്‍കുകയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ്. അത്തരത്തില്‍ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്.
മിഠായി കഴിക്കാന്‍ അനുവദിക്കാത്തതിനാല്‍ അമ്മക്കെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ മൂന്ന് വയസ്സുകാരന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. മിഠായി തരാത്ത അമ്മയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നാവശ്യപ്പെട്ട് സദ്ദാം എന്ന കുട്ടിയാണ് അച്ഛനൊപ്പം പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്.
മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ദെദ്തലായിയിലെ പൊലീസ് സ്‌റ്റേഷനിലാണ് ഈ രസകരമായ സംഭവം നടന്നത്. സബ് ഇന്‍സ്‌പെക്ടറായ പ്രിയങ്ക നായകിനോടാണ് കുട്ടി പരാതി പറയുന്നത്. പരാതി എല്ലാം കേട്ട് ചിരിയടക്കാന്‍ ശ്രമിക്കുകയും, കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്ന പ്രിയങ്കയെയും വീഡിയോയില്‍ കാണാം.
മിഠായി തരാത്തതിന് അമ്മയോട് പിണങ്ങിയ സദ്ദാം, കേസ് കൊടുക്കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്ന് അച്ഛനോട് ആവശ്യപ്പെടുകയായിരുന്നു. അമ്മ മിഠായി മോഷ്ടിച്ചെന്നും മിഠായി ചോദിച്ചതിന് തന്നെ അടിച്ചെന്നുമാണ് ഈ കുരുന്നിന്റെ പരാതികള്‍. മിഠായി മോഷ്ടിച്ച അമ്മയെ ജയിലില്‍ അടക്കണമെന്നും പറയുകയാണ് ഈ കുറുമ്പന്‍. കുട്ടിയുടെ സംസാരം കേട്ട് ചിരിക്കുന്നതിനൊപ്പം പരാതികള്‍ ഓരോന്നും എഴുതി എടുക്കുന്ന സബ് ഇന്‍സ്‌പെക്ടറെയും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. എന്തായാലും വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി ആളുകളും സംഭവം കളറാക്കുന്നുണ്ട്.