പ്രശസ്ത മോഹിനിയാട്ടം, കഥകളി നർത്തകി കനക് റെലെ അന്തരിച്ചു

1 min read

മുംബൈ : പ്രശസ്ത മോഹിനിയാട്ടം നർത്തകി ഡോ.കനക് റെലെ (86) അന്തരിച്ചു. മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കേരള നൃത്തരൂപമായ മോഹിനിയാട്ടത്തിന് മറുനാട്ടിൽ പുതുജീവൻ നൽകിയ ഡോ.കനക് റെലെ എട്ട് പതിറ്റാണ്ടു നീണ്ട കലാജീവിതത്തിനുടമയായിരുന്നു. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപന ഡയറക്ടറും നളന്ദ നൃത്തകലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക പ്രിൻസിപ്പലുമായിരുന്നു. മുംബൈ സർവകലാശാലയിൽ ഫൈൻ ആർട്സ് വിഭാഗം ഡീൻ ആയും കേന്ദ്ര സർക്കാരിനു കീഴിലുള്ള കലാ സാംസ്‌കാരിക വകുപ്പിന്റെ ഉപദേശക ആയും പ്രവർത്തിച്ചിട്ടുണ്ട്. ഭാരതീയ നൃത്തകലകളെക്കുറിച്ച് നിരവധി വിദേശ രാജ്യങ്ങളിൽ പഠിപ്പിച്ചു. നൃത്തത്തോടുള്ള ഉപാസനയ്ക്ക് അംഗീകാരമായി പദ്മശ്രീ, പദ്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം അവരെ ആദരിച്ചു.

1937 ജൂൺ 11ന് ഗുജറാത്തിലാണ് ജനനം. ശാന്തിനികേതനിൽ വെച്ചാണ് അവർ നൃത്തത്തിൽ ആകൃഷ്ടയാകുന്നത്. കേരള കലാരൂപങ്ങളെ പ്രണയിച്ച ഡോ.കനക് റെലെ അതിന്റെ പ്രചാരക കൂടിയായി മാറി. നിയമബിരുദധാരിയായ ഡോ.കനക് റെലെ കേരള കലാമണ്ഡലത്തിലെത്തി മോഹിനിയാട്ടത്തെക്കുറിച്ച് വിദഗ്ധ പഠനം നടത്തി. കുഞ്ചുക്കുട്ടിയമ്മ, ചിന്നമ്മുവമ്മ, കല്യാണിക്കുട്ടിയമ്മ എന്നിവരായിരുന്നു മോഹിനിയാട്ടത്തിലെ ആദ്യകാല ഗുരുക്കൻമാർ. തുടർന്ന് കലാമണ്ഡലം രാജലക്ഷ്മിയുടെ കീഴിലും പഠനം തുടർന്നു. ഗുരു കരുണാകരപണിക്കരിൽ നിന്നാണ് കഥകളി അഭ്യസിക്കുന്നത്. മുംബൈ സർവകലാശാലയിൽ നിന്ന് മോഹിനിയാട്ടത്തിൽ പിഎച്ച്ഡി നേടിയ അവർ നളന്ദ ഡാൻസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് സ്ഥാപിക്കുകയും വിദ്യാർത്ഥികളുടെ ഗവേഷണ ഗൈഡായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
ഗുരു ഗോപിനാഥ് നാട്യ പുരസ്‌കാരം, കാളിദാസ സമ്മാനം, സംഗീത നാടക അക്കാദമി പുരസ്‌കാരം, എംഎസ് സുബലക്ഷ്മി പുരസ്‌കാരം, ഗുജറാത്ത് സർക്കാരിന്റെ ഗൗരവ് പുരസ്‌കാർ, കലാരത്ന തുടങ്ങിയ പുരസ്‌കാരങ്ങൾ ഇവരുടെ പ്രതിഭയ്ക്കുള്ള അംഗീകാരങ്ങളായിരുന്നു. യതീന്ദ്ര റെലെയാണ് ഭർത്താവ്. രാഹുൽ ഏക മകനാണ്.

Related posts:

Leave a Reply

Your email address will not be published.