ഓര്‍ക്കാപ്പുറത്തെ ആ ട്വിസ്റ്റ്

1 min read

കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥയായിട്ടും മോഹന്‍ലാല്‍ വിസ്മയിപ്പിച്ച ചിത്രം

രഞ്ജിത്ത് കഥയെഴുതിയ നാലാമത്തെ ചിത്രമായിരുന്നു മോഹന്‍ലാലും നെടുമുടി വേണുവും പ്രധാന വേഷങ്ങള്‍ ചെയ്ത ഓര്‍ക്കാപ്പുറത്ത് എന്ന സിനിമ. 1988 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഒരപ്പന്റെയും മകന്റെയും പുതുമയുള്ള കഥയായിരുന്നു. മോഹന്‍ലാലും നെടുമുടി വേണുവും തിലകനും ശങ്കരാടിയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. 150 ദിവസത്തിലേറെയാണ് തിയേറ്ററുകളില്‍ ഓടിയത്.

ചിത്രത്തിന്റെ പിറവിക്കു പിന്നിലെ കഥ ഇങ്ങനെ. എഴുത്തുകാരും സംവിധായകനും വഴിമുട്ടിയ കഥയുടെ ഒരു ഘട്ടത്തില്‍ സഹായവുമായി എത്തിയത് നായകന്‍ മോഹന്‍ലാലാണ്.
അടുത്ത വിഷുവിന് തിയേറ്ററിലെത്താന്‍ പാകത്തിന് ഒരു സിനിമ വേണം എന്ന ആവശ്യവുമായി നിര്‍മാതാവ് സെഞ്ച്വറി കൊച്ചുമോന്‍ കമലിനെ സമീപിയ്ക്കുകയായിരുന്നുവത്രെ. ഫോണില്‍ വിളിച്ചാണ് പറഞ്ഞത്. കഥാകാരന്‍ രഞ്ജിത്താണെന്നും തിരക്കഥ ഷിബു ചക്രവര്‍ത്തിയാണെന്നും നായകന്‍ മോഹന്‍ലാലാണെന്നും പറഞ്ഞു. കമല്‍ സിനിമ സംവിധാനം ചെയ്യണം. എല്ലാം ഓകെയായപ്പോള്‍ അദ്ദേഹം സമ്മതം മൂളി. എന്നാല്‍ എത്ര ആലോചിച്ചിട്ടും സെക്കന്റ് ഹാഫിന് ശേഷം കഥയ്ക്ക് ഒരു വഴിത്തിരിവ് കിട്ടാതെ നിര്‍മാതാവും എഴുത്തുകാരും സംവിധായകനും പ്രതിസന്ധിയിലായി. തന്റെ ആശങ്ക കമല്‍ ലാലുമായി പങ്കുവച്ചു. ഒടുവില്‍ മോഹന്‍ലാല്‍ ഉറ്റ സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശനുമായി ഇക്കാര്യം സംസാരിച്ചു. കഥ കേട്ട് പാസ്മാര്‍ക്ക് കൊടുത്ത പ്രിയദര്‍ശനാണ് ‘നിധി’ പിയാനോയ്ക്ക് ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ടുള്ള ട്വിസ്റ്റ് പറഞ്ഞു കൊടുത്തത്. തിരക്കഥാകൃത്ത് എന്നതിനൊക്കെ മുമ്പ് രഞ്ജിത്തും മോഹന്‍ലാലും ആദ്യമായി ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ഓര്‍ക്കാപുറത്തിന് ഉണ്ട്.

ഫോര്‍ട്ട് കൊച്ചിയില്‍ ഷൂട്ട് ചെയ്ത സിനിമയില്‍ നായിക രമ്യ കൃഷ്ണനായിരുന്നു. കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കി കമലിന്റെ സംവിധാനത്തിലൂടെ മറ്റ് ചിത്രങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാക്കി. മോഹന്‍ലാലിനെ ആ കാലഘട്ടത്തില്‍ ഇത്രയും സ്‌റ്റൈലിഷും ഫ്രീക്കായിട്ടും കണ്ട മറ്റൊരു ചിത്രമില്ല.

നീലകണ്ണും ചെമ്പന്‍മുടിയും ബുള്ളറ്റുമൊക്കെയായി ഫ്രീക്ക് ലുക്കില്‍ ഫ്രെഡ്ഡി നിക്കോളാസായി ലാലേട്ടനും എന്ത് പോക്രിത്തരത്തിനും കൂടെ നിക്കുന്ന അലസനായ അച്ഛന്‍ നിക്കോളാസായി നെടുമുടി വേണുവും ചിത്രത്തില്‍ തകര്‍ത്തുവാരി. അച്ഛന്‍മകന്‍ കെമിസ്ട്രി വളരെ നല്ലരീതിയില്‍ വര്‍ക്ക് ഔട്ടായ സിനിമ കൂടിയായിരുന്നു ഓര്‍ക്കാപ്പുറത്ത്.

എന്‍. എല്‍ ബാലകൃഷ്ണനും തിലകനും ഉമ്മറും രമ്യ കൃഷ്ണനും പറവൂര്‍ ഭരതനുമെല്ലാം എല്ലാം അവരവരുടെ റോള്‍ ഭംഗിയാക്കി. ഇന്നസെന്റിന്റെ പലിശക്കാരന്‍ വേഷം വ്യത്യസ്തമായ ഒന്നായിരുന്നു. ഈ ചിത്രത്തെപ്പറ്റി ഒരുപാടാരും ചര്‍ച്ച ചെയ്യാറില്ല. വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളും ഓര്‍ക്കപ്പുറത്തിനെ കണ്ടിരിക്കേണ്ട ഒരു ചിത്രമാക്കി മാറ്റുന്നു.
മലയാളത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ സിനിമകളില്‍ അണ്ടറേറ്റഡായ ഒന്നാണ് ഓര്‍ക്കാപ്പുറത്ത്. കമലും മോഹന്‍ലാലും ഒന്നിച്ചപ്പോഴെല്ലാം പിറന്നത് വ്യത്യസ്തമായ സിനിമകളായിരുന്നു. അതില്‍ ഒന്നാണ് ഓര്‍ക്കാപ്പുറത്ത്. വെറും 28 വയസ് പ്രായമുള്ളപ്പോഴാണ് ഫ്രെഡ്ഡി നിക്കോളാസ് എന്ന പഞ്ച ഗുസ്തിക്കാരനായി ഓര്‍ക്കാപ്പുറത്തില്‍ മോഹന്‍ലാല്‍ വിലസിയത്.

ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ കുറച്ചുനാള്‍ ലീവെടുത്തു വീട്ടില്‍ ഇരിക്കാമായിരുന്നുവെന്ന മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ഡയലോഗും ഓര്‍ക്കാപ്പുറത്ത് സിനിമയിലാണ്. കാക്കോത്തിക്കാവിലെ അപ്പൂന്‍ത്താടികള്‍ക്കുശേഷം കമല്‍ സംവിധാനം ചെയ്ത സിനിമ കൂടിയാണ് ഓര്‍ക്കാപ്പുറത്ത്. മോഹന്‍ലാലും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.
ഇതിന്റെ തിരക്കഥ എഴുത്ത് നടക്കുന്ന സമയത്ത് ഒരു ഘട്ടത്തില്‍ കഥയെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത തരത്തില്‍ റൈറ്റര്‍ ബ്ലോക്കുണ്ടായപ്പോള്‍ തങ്ങളെ സഹായിച്ചത് പ്രിയദര്‍ശനാണെന്നും  പ്രിയദര്‍ശന്‍ പറഞ്ഞ ഐഡിയ തിരക്കഥ തന്നെ മാറ്റിമറിച്ചുവെന്നും കമല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഫ്രെഡ്ഡിയായി അഭിനയിക്കാന്‍ ശ്രമിച്ചപ്പോള്‍ മോഹന്‍ലാലിനുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചും കമല്‍ വെളിപ്പെടുത്തി. ‘ഇങ്ങനൊരു കഥയുമായി രണ്ടുപേര്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞ് കുഞ്ഞുമോന്‍ വിളിച്ചപ്പോള്‍ ജനറല്‍ ടിക്കറ്റ് എടുത്താണ് ഞാന്‍ ചെന്നൈയിലേക്ക് ട്രെയിന്‍ കേറിയത്. അവിടെ ചെന്നശേഷം മോഹന്‍ലാലിന് ത്രെഡ് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞ് തിരക്കഥ എഴുതാന്‍ തുടങ്ങി.’
‘പക്ഷെ ട്രെഷര്‍ ഹണ്ടിന്റെ ഭാഗം എത്തിയപ്പോള്‍ കഥയെ മുന്നോട്ട് കൊണ്ടുപോകുന്ന നല്ല ഐഡിയകളൊന്നും ഞങ്ങള്‍ക്ക് കിട്ടാതെയായി. അപ്പോഴേക്കും മോഹന്‍ലാല്‍ ഫ്രെഡ്ഡിയാകാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു. കണ്ണില്‍വെക്കുന്ന ലെന്‍സ് അടക്കം വരുത്തിച്ചിരുന്നു. സിനിമ ഉപേക്ഷിക്കേണ്ടി വരുമെന്ന സ്ഥിതിയായപ്പോള്‍ തിരക്കഥ എഴുതുന്നതില്‍ വന്ന ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ മോഹന്‍ലാലിനോട് പറഞ്ഞു.’

‘എല്ലാവരും തിരുവനന്തപുരത്തെ തന്റെ വീട്ടിലേക്ക് വരാന്‍ മോഹന്‍ലാല്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ പ്രിയദര്‍ശനും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. അങ്ങനെ പ്രിയനാണ് പിയാനോയ്ക്ക് ഉള്ളില്‍ നിന്നും നിധി കണ്ടെത്തുന്നുവെന്ന ത്രെഡ് പറഞ്ഞത്. അതോടെ തിരക്കഥയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ മാറി സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി. ഷൂട്ടിങ് തുടങ്ങിയശേഷം ലെന്‍സ് ഉപയോഗിച്ച് ഇന്‍ഫെക്ഷന്‍ വന്ന് മോഹന്‍ലാലിന് കണ്ണ് തുറക്കാന്‍ പറ്റാത്ത സ്ഥിതിയായി.’
‘അതിനുശേഷം മോഹന്‍ലാല്‍ ഒരു ഐ സ്‌പെഷ്യലിസ്റ്റായ ഡോക്ടറെ സെറ്റില്‍ ഷൂട്ടിങ് തീരും വരെ വെച്ചു. അതുപോലെ പഞ്ച ഗുസ്തി ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ഫൈറ്റര്‍ അഭിനയിക്കുന്നതിന് പകരം മോഹന്‍ലാലിന്റെ കൈ അമര്‍ത്തി പിടിച്ച് തിരിച്ചു. അന്ന് മോഹന്‍ലാലിന് ശരിക്കും ദേഷ്യം വന്നു. ശേഷം ലാലിന്റെ കൈ കുഴയ്ക്ക് നീരുവെച്ച സ്ഥിതിയുമുണ്ടായി.’
‘അതുപോലെ ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ കുറച്ചുനാള്‍ ലീവെടുത്തു വീട്ടില്‍ ഇരിക്കാമായിരുന്നുവെന്ന ഡയലോഗ് മോഹന്‍ലാല്‍ സ്വയം കയ്യില്‍ നിന്നും ഇട്ട് പറഞ്ഞതാണ്’, കമല്‍ ഓര്‍ക്കാപ്പുറത്ത് സിനിമയുടെ ഷൂട്ടിങ് അനുഭവം പറയുകയായിരുന്നു. ഔസേപ്പച്ചനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്.

Related posts:

Leave a Reply

Your email address will not be published.