നേര് പിറന്ന വഴി

1 min read

നേര് സിനിമയുടെ വിശേഷങ്ങളുമായി മോഹന്‍ലാല്‍- ജീത്തുജോസഫ്

ജിത്തു ജോസഫ് എന്ന സംവിധായകനെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടികൊടുത്ത ചിത്രം ദൃശ്യം..പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ട് ട്വിസ്റ്റുകള്‍ തീര്‍ത്ത ഒരു ആക്ഷന്‍ ത്രില്ലര്‍ പടം. 2013ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ത്രില്ലര്‍ പ്രേമികളും കുടുംബ പ്രേക്ഷകരും ഒരേപോലെ സ്വീകരിച്ച് വമ്പന്‍ വിജയമായി മാറി. ചിത്രത്തിന്റെ റിലീസിനു ശേഷം ദൃശ്യം മോഡല്‍ കൊലപാതകം എന്ന രീതിയില്‍ ഒരുപാട് കേസുകള്‍ പിന്നീട് വന്നിരുന്നു. ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്ത ചിത്രം മലയാളത്തിലെ മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായി മാറി. പിന്നീട് കൊറിയന്‍ ഭാഷയിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

കോവിഡ് കാലത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ചു. മലയാള സിനിമയുടെ ജാതകം മാറ്റിയെഴുതിയ ഈ ചിത്രമാണ് ലാല്‍ – ജിത്തുജോസഫ് കൂട്ടുകെട്ടിലേക്ക് പ്രേക്ഷരെ അടുപ്പിക്കുന്ന പ്രധാനഘടകം. ട്വിസ്റ്റും സസ്പെന്‍സും നിലനിര്‍ത്തിക്കൊണ്ട് ലാല്‍, ജിത്തു, പെരുമ്പാവൂര്‍ എന്ന മൂവര്‍സംഘം ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം.

ദൃശ്യത്തിന്റെ രണ്ടു ഭാഗങ്ങള്‍ക്കു ശേഷം ലാല്‍ ജിത്തു അന്റണി കൂട്ടുകെട്ടിന്റെ പുതിയ സിനിമയാണ് നേര്.
ട്വിസ്റ്റും-സസ്‌പെന്‍സും ഇല്ലാത്ത ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമ ഫിലിം. സിനിമയുടെ കഥ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതല്ല. ഒരു ക്രൈം നടക്കുന്നു, കേസ് കോടതിയില്‍ എത്തുന്നു, പിന്നീടുള്ള വിചാരണയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. നേരിന്റെ തിരക്കഥ തയ്യാറാക്കിയത് അഡ്വകേറ്റ് ശാന്തിമായാദേവി. ലോകത്തിന്റെ പലഭാഗത്തും കേട്ടിട്ടുള്ള ഒരു വിഷയമാണ് സിനിമ പറയുന്നത്. ചില സാഹചര്യങ്ങള്‍ കോടതിയില്‍ എങ്ങനെ അവതരിപ്പിക്കപ്പെടുമെന്നും വിചാരണചെയ്യപ്പെടുമെന്നുമെന്നുള്ള കാര്യങ്ങളാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. മോഹന്‍ലാല്‍  വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വക്കീല്‍വേഷത്തില്‍ സ്‌ക്രീനില്‍ എത്തുകയാണെന്നുള്ള പ്രത്യേകത കൂടി നേരിനുണ്ട്.

നേര് പിറന്ന കഥയെപ്പറ്റി ജിത്തു ജോസഫ് പറയുന്നതിങ്ങനെ.
കോവിഡ് കാരണം മാറ്റി വെയ്ക്കപ്പെട്ട റാം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു ശാന്തിമായാദേവി. എന്നാല്‍, ഷെഡ്യൂള്‍ നീണ്ടുപോകുകയും ദൃശ്യം രണ്ടാംഭാഗം എഴുതിത്തുടങ്ങുകയും ചെയ്തു. ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിലെ കോടതിരംഗങ്ങള്‍ ഭംഗിയായി എഴുതാന്‍ അഡ്വക്കേറ്റായ ശാന്തിയുടെ സഹായം തേടിയിരുന്നു. ശാന്തി തന്നെ ആ സിനിമയില്‍ അഭിഭാഷകയുടെ വേഷത്തില്‍ എത്തുകയും ചെയ്തു. ആ അടുപ്പത്തില്‍നിന്നും നേരിന്റെ ത്രഡ് ലഭിച്ചു. വൈകാരികമായ കോടതിരംഗങ്ങളാണ് സിനിമയുടെ കരുത്ത്. വിഷയത്തെക്കുറിച്ച് ശാന്തിയുമായി സംസാരിക്കുകയും തിരക്കഥാരചനയില്‍ സഹകരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ലാല്‍ സാറിനൊപ്പം ഇതിനുമുമ്പ് ചെയ്ത സിനിമകളെല്ലാം ഏറ്റെടുത്തതുപോലെ നേരും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നുതന്നെയാണ് പ്രതീക്ഷ.

‘നേര്’ എന്ന പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ, സത്യം തെളിയിക്കാന്‍ നടത്തുന്ന ഒരു യാത്രയാണ് ഈ സിനിമയെന്ന് മോഹന്‍ലാല്‍. ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാനൊരു അഭിഭാഷകവേഷം വീണ്ടും അണിയുന്നത്. നേരിന്റെ എഴുപത് ശതമാനത്തോളം രംഗങ്ങള്‍ കോടതി മുറിക്കുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കോടതിയുടെ ഇടപടലുകളും പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി പഠിച്ചാണ് ഓരോ രംഗങ്ങളും തയ്യാറാക്കിയത്. സംവിധായകന്റെ ബ്രില്യന്‍സ് സിനിമയില്‍ കാണാം. ഒരുപാട് കാര്യങ്ങള്‍കൊണ്ട് നിസ്സഹായനായ എന്നാല്‍, മിടുക്കനായ ഒരാളാണ് ഇതിലെ അഭിഭാഷകന്‍. ലാല്‍ പറയുന്നു.

ഏത് സിനിമയില്‍ സഹകരിക്കുമ്പോഴും അതൊരു മികച്ച പ്രോജക്റ്റായി മാറട്ടെ എന്ന പ്രാര്‍ഥനയാകും മനസ്സില്‍, സിനിമയുടെ വിജയപരാജയങ്ങള്‍ ഒരിക്കലും നമുക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. അതൊരു സീക്രട്ട് റെസിപ്പിയാണ്. ഓരോ സിനിമയ്ക്കും അതിന്റേതായൊരു ജാതകമുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.