മോദിജീ… ശബരിമലയില്‍ വിമാനത്താവളം വേണോ? അങ്ങയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു
1 min readശബരിമല വിമാനത്താവളം നിക്ഷിപ്ത താല്പര്യക്കാര്ക്ക് വേണ്ടി, മോദിജി തെറ്റിദ്ധരിക്കപ്പെട്ടു!
ശബരിമല വിമാനത്താവളം ആരുടെ താല്പര്യത്തിന് വേണ്ടിയാണ്? ഏതായാലും ഭക്തര്‍ക്ക് വേണ്ടിയല്ല. ഇപ്പോള്‍തന്നെ ലക്ഷക്കണക്കിന് ഭക്തര്‍ അവിടേക്ക് വരുന്നുണ്ട്. ഇനി ദൂരെ നിന്ന് വിമാനത്തിലേ വരൂ എന്നുള്ളവര്‍ക്ക് തിരുവനന്തപുരത്തോ നെടുമ്പാശ്ശേരിയിലോ വിമാനമിറങ്ങി കാര്‍ മാര്‍ഗം വരാമല്ലോ. ഇപ്പോഴുള്ള റോഡുകളുടെ നവീകരണം നടത്തുകയും ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കുകയുമല്ലേ വേണ്ടത്. പ്രധാനമന്ത്രി മോദിജി എന്താണ് പറഞ്ഞത്. ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം വന്നാല്‍ ആ പ്രദേശത്തിന്റെ വികസനം ഉണ്ടാകും. പില്‍ഗ്രിം ടൂറിസം വളരും എന്നൊക്കെയാണ്. ഇതിന്റെ പിറകില്‍ അപകടം പതിയെ അല്ല പരസ്യമായി ഒളിച്ചിരിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ആറന്മുളയിലുമിങ്ങനെ ഒരു വിമാനത്താവളം കൊണ്ടുവരാന്‍ ശ്രമിച്ചതാണ്. മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ അന്നതിനെ എതിര്‍ത്ത് തോല്പിച്ചതാണ്. അവരൊന്നും ഇന്ന് മിണ്ടാത്തതെന്തേ? പ്രധാനമന്ത്രിയെ ഇവിടത്തെ കാര്യങ്ങള്‍ ശരിയായി ധരിപ്പിക്കേണ്ടതായിരുന്നില്ലേ.
അല്ലെങ്കിലും ശബരിമലയ്ക്കെതിരായ നീക്കം വളരെ മുമ്പേ തുടങ്ങിയതാണ്. ചിലര്‍ക്ക് യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമായിരുന്നു. തമിഴ്നാട്ടില്‍ നിന്നായാലും എവിടെ നിന്നായാലും കുറച്ചു സത്രീകളെ ശബരിമലയിലേക്ക് കൊണ്ടുവന്നേ തീരു എന്നേതെങ്കിലും കോടതി പറഞ്ഞിരുന്നു. പിന്നെ സര്‍ക്കാര്‍ ചെലവില്‍ നവോത്ഥാന മതിലായിരുന്നു. മതത്തിന്റെ മേലങ്കിയണിഞ്ഞ് കണ്ണുമാത്രം ഒഴിവാക്കി കറുത്ത പര്ദ്ദയിട്ടവരെയൊക്കെ ഉള്‍പ്പെടുത്തി മതിലുണ്ടാക്കിയത് നവോത്ഥാനത്തിനായിരുന്നില്ലല്ലോ. പുണ്യപൂങ്കാവനത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോഴവിടെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ശ്രമിക്കുന്നു. ഒരുവെടിക്ക് രണ്ട്ുപക്ഷി. ഒരേ സമയം ആചാരത്തെയും വിശ്വാസത്തെയും തകര്‍ക്കലും വലിയ തോതിലുളള കച്ചവടവും.
പിന്നെ ഒരുപാട് ചോദ്യങ്ങളുണ്ട്. എന്തിനാണ് റിസര്‍വ് വനങ്ങള്‍ക്കടുത്ത് ഒരു വിമാനത്താവളത്തിന് 2250 ഏക്കര്‍ സ്ഥലം. ഒരു വിമാനത്താവളത്തിന് 700ഓ 800ഓ ഏക്കര്‍ ഭൂമി പോരെ. അപ്പോള്‍ വിമാനത്താവളം മാത്രമല്ല മറ്റേതോ ലക്ഷ്യമുണ്ടെന്നര്ത്ഥം. ഇനി അവിടെ വിമാനത്താവളം വേണമെങ്കില്‍ ചെറുവള്ളി തന്നെ വേണമെന്ന പിടിവാശി എന്തിന്. മറ്റ് രണ്ടു മൂന്നു സ്ഥലങ്ങള്‍ കൂടി പരിഗണിച്ചിരുന്നുവല്ലോ.
ഇപ്പോള്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ പോകുന്ന ഭൂമിയെക്കുറിച്ചുള്ള തര്‍ക്കം ശ്രദ്ധിച്ചിരുന്നുവോ. അയന ചാരിട്ടബിള്‍ ട്രസ്റ്റിന്റെ പക്കല്‍ നിന്നാണത്രെ ഭൂമി എടുക്കുന്നത്. അവര്‍ക്ക് ഭൂമിയില്‍ അവകാശമുണ്ട്. മരിച്ചുപോയ യോഹന്നാന്റെ പേരില്‍ ഗോസ്പെല്‍ ഏഷ്യയുടെ സ്വത്തുക്കള്‍ ഒരു പക്ഷേ അയന ചാരിട്ടബിള്‍ ട്രസ്റ്റിന് കൈമാറാമായിരിക്കാം. എന്നാല്‍ ഭൂമി ആധാരം പോക്കുവരവ് ചെയ്യാതെ എങ്ങനെ കൈമാറും. അങ്ങനെ പോക്കുവരവ് ചെയ്തിട്ടുണ്ടോ. അതിനുള്ള നീക്കങ്ങളെ റവന്യൂ വകുപ്പ് തന്നെ എതിര്‍ത്തതാണല്ലോ.
ഇത് ചെറുവള്ളി എസ്റ്റേറ്റിന്റെയോ യോഹന്നാന്റെയോ മാത്രം പ്രശ്നമല്ല. കേരളത്തില്‍ വിദേശ കമ്പനികള്‍ കൈവശം വച്ച ലക്ഷക്കണക്കിന് ഏക്കര്‍ തോട്ടം ഭൂമിയുടെ അവകാശം സര്‍ക്കാരിന് നഷ്ടപ്പെടുന്ന കേസാണ്. ചെറുവള്ളി അതിന്റെ ടെസ്റ്റ് ഡോസാണ്.
യോഹന്നാന് എങ്ങനെയാണ് ആ ഭൂമി കൈവശം ലഭിച്ചതെന്ന് നോക്കിയിരുന്നുവോ. ആരില്‍ നിന്നാണ് അയാള്‍ക്ക് ആ ഭൂമി ലഭിച്ചത്. ശബരിമലയില്‍ വിമാനത്താവളം വരുമ്പോള്‍ ആ ഭൂമിക്ക് പൈസ കോടതിയില്‍ കെട്ടിവച്ചാല്‍ മാത്രമേ സ്ഥലം കിട്ടൂ. അതോടെ മരിച്ചുപോയ യോഹന്നാന്റെ ഉടമസ്ഥവാകാശം സ്ഥാപിക്കപ്പെടുമെന്ന് മാത്രമല്ല, കേരളത്തിന് ലക്ഷക്കണക്കിന് തോട്ടഭൂമി അനധികൃതമായി കൈവശം വച്ചവര്‍ക്ക് അതില്‍ നിയമപരമായ അവകാശം ലഭിക്കുക കൂടി ചെയ്യും.
കേരളത്തിലെ തോട്ടം ഭൂമിയുടെ ചരിത്രം ഒരുവലിയ തട്ടിപ്പിന്റെ, അല്ലെങ്കില്‍ ദീര്‍ഘനാള്‍ നീണ്ട തട്ടിപ്പുകളുടെ ചരിത്രം കൂടിയാണ്.
ചെറുവള്ളിയുടെ ചരിത്രം ഇങ്ങനെ… സ്വാതന്ത്ര്യത്തിന് മുമ്പ്, 1923ല്‍ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഒരു ഭൂമി കൈമാറ്റം നടക്കുന്നു. ബ്രിട്ടീഷ് കമ്പനിയായ, ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത, മലയാളം റബര്‍ പ്രോഡ്യൂസ് കമ്പനി മറ്റൊരു ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന്‍സ് കമ്പനിക്ക് 25,630 ഏക്കര്‍ ഭൂമി കൈമാറുന്നു. ഇന്നത്തെ കോട്ടയം ജില്ലയില്‍ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 2264 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റും ഇതില്‍ പെടും.
1923ലെ ഈ കരാറിന്റെ പിന്‍ബലത്തിലാണ് 1984ല്‍, അതായത് സ്വാതന്ത്ര്യത്തിന് ശേഷം, ഇന്ത്യയില്‍ രജിസറ്റര്‍ ചെയ്ത ഹാരിസണ്‍ മലയാളം ലിമിറ്റഡ്, ഭൂമിയില്‍ യാതൊരുവിധ ഉടമസ്ഥതയും സ്ഥാപിക്കാതെ, അനധികൃതമായി 2005ല്‍ യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് വില്പന നടത്തിയത്. ഹാരിസണ്‍ മലയാളം എല്ലാ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളെയും ഭൂനിയമങ്ങളെയും മറികടന്നാണ് 1947ന് ശേഷം ഈ ഭൂമി കൈവശം വച്ചത്.
ഇതില്‍ ഏറ്റവും വലിയ തമാശ 1923ല്‍ 1600/1923 നമ്പര്‍ ഉടമ്പടിയിലൂടെ രണ്ട് വിദേശ കമ്പനികള്‍ ഭൂമി കൈമാറ്റം നടത്തിയത് അന്നത്തെ ഭൂ ഉടമകളുടെ അറിവോടെ ആയിരുന്നില്ല. ഭൂമിയുടെ യഥാര്‍ഥ അവകാശം ജന്മിമാര്‍ക്കും സര്‍ക്കാരിനും ആയിരുന്നു. 1923ലെ ആ രേഖകള്‍ തന്നെ വ്യാജമാണെന്ന് ഇതന്വേഷിച്ച് കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതാണ്. അവരിപ്പോഴും ജീവിച്ചിരിപ്പുണ്ട്. സര്‍വീസിലുമുണ്ട്. ആദ്യ കമ്പനിക്ക് ഭൂമിയിലുണ്ടായിരുന്ന അവകാശം മാത്രമേ അത് കൈമാറിക്കിട്ടിയ പുതിയ കമ്പനിക്കും ഉണ്ടാവൂ.
1921ലാണ് മലയാളം പ്ലാന്റേഷന്‍സ് ഇംഗ്ലണ്ടില്‍ രജിസറ്റര്‍ ചെയ്യുന്നത്. ഈ കമ്പനി 1978ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത മലയാളം പ്ലാന്റേഷന്‍സ് കമ്പനിയില്‍ ഹൈക്കോടതിയുടെ അംഗീകാരത്തോടെ ലയിച്ചത്രെ. 1983ല്‍ ഹാരിസണ്‍ ആന്‍ഡ് ക്രോസ് ഫീല്‍ഡ് എന്ന വിദേശ കമ്പനിയെക്കൂടി പുതിയ കമ്പനിയിലേക്ക് ലയിപ്പിച്ചത്രെ. 1984ല്‍ അത് ഹാരിസണ്‍ മലയാളം പ്ലാന്റേഷന് ലിമിറ്റഡ് എന്ന കമ്പനിയായിമാറി. സംസ്ഥാനത്ത് സ്വാതന്ത്ര്യത്തിന് മുമ്പ് അനേകം കൈമാറ്റങ്ങളിലൂടെ മലയാളം പ്ലാന്റേഷന്റെ കൈവശം എത്തിച്ചേര്‍ന്നു. സര്‍ക്കാര്‍ ഗ്രാന്റുകളിലും പാട്ടങ്ങളിലും സ്വകാര്യ പാട്ടങ്ങളിലും ഉള്‍പ്പെട്ടിരുന്ന 76,000 ഏക്കര്‍ ഭൂമിയിലെ സര്‍വ വിധ അവകാശങ്ങളും അധികാരങ്ങളും തങ്ങളുടെ ഉടമസ്ഥതയിലാണെന്ന വിചിത്രവാദമാണ് 1984ല്‍ മാത്രം നിലവില്‍ വന്ന ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് ലിമിറ്റഡ് ഉന്നയിച്ചിരിക്കുന്നത്.
ചെറുവള്ളി ഒരു ചെറിയ മീനാണ്. ഇവര്‍ അവകാശപ്പെടുന്നതൊക്കെ കള്ളമാണെന്നത് എങ്ങനെയന്നല്ലെ. കമ്പനി ലയനത്തിലുടെ പഴയ കമ്പനിക്ക് ഉള്ള അവകാശം മാത്രമേ പുതിയ കമ്പനിക്കുണ്ടാകൂ. ഇത് സുപ്രീം കോടതി പലതവണ വ്യക്തമാക്കിയതാണ്. കമ്പനി ലയനത്തിലൂടെ പുതിയ കമ്പനിക്ക് പഴയ കമ്പനിയുടെ സ്വത്തുക്കളില്‍ പുതിയ അവകാശങ്ങള്‍ സ്വയം സൃഷ്ടിക്കപ്പെടുന്നില്ല.
കമ്പനി ലയനത്തിലൂടെ പഴയ കമ്പനിക്ക് അസ്തിത്വം നഷ്ടപ്പെടുന്നു. അതിനാല്‍ 1984ല്‍ നിലവില്‍ വന്ന കമ്പനിക്ക് 1964 ഏപ്രില്‍ ഒന്നിന് ഭൂപരിഷകരണ നിയമ പ്രകാരം ലഭിക്കേണ്ട കുടിയായ്മയ്ക്ക് അര്‍ഹതയില്ല. കമ്പനിയുടെ ഭൂസ്വത്തുക്കള്‍ കൈമാറുന്നത് സറ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ചാര്‍ജ്ജുകളും ഒഴിവാക്കുന്നതിനിടയാക്കും. കമ്പനി ലയനത്തിലുടെ പുതിയ കമ്പനിക്ക് സ്വത്തുക്കളും ബാദ്ധ്യതകളും കൈമാറാം. എന്നാല്‍ പഴയ കമ്പനിയുടെ രജിസ്ട്രഷന് തിയ്യതി, ബിസിനസ്സ് ആരംഭിച്ച തിയ്യതി എന്നിവ പുതിയ കമ്പനിക്ക് ബാധകമാവില്ല. ഈ പറഞ്ഞതെല്ലാം സുപ്രീംകോടതി ഉള്‍പ്പെടെ വിവിധ കോടതികള്‍ ഉത്തരവിട്ടതാണ്.
രണ്ട് വിദേശ കമ്പനികള്‍ എഴുതി രജിസ്റ്റര്‍ ചെയ്ത 1600/1923ലെ കരാര്‍ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് 2005ല്‍ ഹാരിസണ്‍ കമ്പനി ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് 2329/2005 നമ്പര്‍ ആധാര പ്രകാരം 2264 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് വില്പന നടത്തിയത്. മുന്നാധാരമായി വിലയാധാരത്തില്‍ കാണിച്ചിരിക്കുന്നത് 1600/1923 ഉടമ്പടിയാണ്. ഈ ഉടമ്പടിയില്‍ ബ്രിട്ടീഷ് കമ്പനിയ്ക്ക് ഇതില്‍ പരാമര്‍ശിക്കുന്ന 25,630 ഏക്കര്‍ ഭൂമി ഏങ്ങനെ ലഭിച്ചു എന്ന് വ്യക്തമാക്കിയിട്ടില്ല.
1947ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് പ്രകാരം ബ്രിട്ടീഷുകാരുമായുള്ള മുന്‍ കരാറുകള്‍ക്ക് സ്വാതന്ത്ര്യാനന്തരം നിലനില്പില്ല. വിദേശീയരൊക്കെ അവര്‍ കൈവശം വച്ച സ്വത്ത് ഉപേക്ഷിച്ച് രാജ്യം വിട്ടു.
1947, 1952, 1957, 1960, 1973 വര്‍ഷങ്ങളിലെ ഫെറ നിയമ പ്രകാരം വിദേശ പൗരന്മാര്ക്കും വിദേശ കമ്പനികള്‍ക്കും ഇന്ത്യയില്‍ ജോലി ചെയ്യുന്നതിനും ബിസിനസ്സ് നടത്തുന്നതിനും ഏജന്റുമാരെ നിയമിക്കുന്നതിനും ഭൂമി കൈവശം വയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കേന്ദ്രസര്‍ക്കാരിന്റെയോ റിസര്‍വ് ബാങ്കിന്റെയോ പ്രത്യേക അനുമതി വേണ്ടിയിരുന്നു.
മലയാളം പ്ലാന്റേഷന്‍സ് (യു.കെ) കൈവശം വച്ചിരുന്ന ഭൂമി തട്ടിയെടുക്കുന്നതിനാണ് ഒരുകൂട്ടര്‍ 1978ല്‍ മലയാളം പ്ലാന്റേഷന്്സ് (ഇന്ത്യ) ലിമിറ്റഡ് രൂപീകരിച്ചത്. 1973ല്‍ ഫെറ നിയമം ശക്തമാക്കിയതോടെ വിദേശ കമ്പനിയുടെ പേരില്‍ സ്വത്ത് സൂക്ഷിക്കുന്നത് സുരക്ഷിതമല്ല എന്ന കരുതിയാവണം ഇന്ത്യന്‍ കമ്പനിലയനം നടത്തിയത്.
ബ്രിട്ടീഷുകാര്‍ കൈവശം വച്ചിരുന്ന ഇന്ത്യയിലെ സ്വത്തുക്കള്‍ ഭരണഘടനയുടെ 296 വകുപ്പ് പ്രകാരം കേന്ദ്രസര്‍ക്കാരിലും സംസ്ഥാന സര്‍ക്കാരിലും നിക്ഷിപ്തമാണ്. എന്നാല്‍ കേരളത്തിലാകട്ടെ പ്രസ്തുത ഭൂമി ഇപ്പോഴും കൈയേറ്റക്കാരുടെ കൈവശമാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ എം.ജി.രാജമാണിക്യം ഭൂസംരക്ഷണ നിയമ പ്രകാരം ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് നടപടി തുടങ്ങിയപ്പോള്‍ എതിര്‍പ്പുമായി ഗോസ്പെല്‍ ഫോര്‍ ഏഷ്യ രംഗത്തുവന്നു. തങ്ങള്‍ ഹാരിസണില്‍ നിന്ന് വിലയ്ക്ക് വാങ്ങിയതാണെന്നാണ് ഗോസ്പെല്‍ ഓഫ് ഏഷ്യ പറഞ്ഞത്.
1600/1923ലെ ഉടമ്പടിയില്‍ പറയുന്ന സര്‍വേ നമ്പറുകളല്ല വിലയ്ക്ക് വാങ്ങിയ 2329/2005ലെ നമ്പര്‍ ആധാരത്തിലുള്ളതല്ലെതെന്ന് രാജമാണിക്യം ചൂണ്ടിക്കാണിച്ചു. അപ്പോള്‍ 1600/1923ലെ ഉടമ്പടിയെ തള്ളുന്ന സത്യവാങ്ങ്മൂലമാണ് ഗോസ്പെല്‍ സമര്‍പ്പിച്ചത്. 1923ല്‍ മലയാളം പ്ലാന്റേഷന് ജന്മാവകാശം ലഭിച്ചിരുന്നില്ലെന്നും 1947ലെ 834, 884 ആധാരങ്ങള്‍ വഴിയാണ് മലയാളം പ്ലാന്റേഷന് അവകാശം ലഭിച്ചെതെന്നുമായിരുന്നു അവകാശ വാദം. അതോടെ 1600/1923ലെ കരാര്‍ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഉടമസ്ഥത അവകാശപ്പെട്ട് ഭൂമി വില്പന നടത്തിയ ഹാരിസണ്‍ കമ്പനിയുടെ നടപടി തന്നെ അസാധുവാകുകയായിരുന്നു. 1947ലെ ആധാരങ്ങള്‍ സംബന്ധിച്ച പരാമര്‍ശങ്ങളും 2005ലെ വില്പന ആധാരത്തിലില്ലേയില്ല. ഹാരിസണ്‍ കമ്പനിയും 1947ലെ ആധാരം പേര് പറഞ്ഞ് അവകാശ വാദം ഇതുവരെ നടത്തിയിട്ടുമില്ല.
സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ‘ശ്രീ പണ്ഡാരക്കാര്യം ചെയ്വാര്‍കള്‍’ എന്ന ഇനത്തിലാണുള്ളത്. ഇത് സര്‍ക്കാര്‍ ഭൂമിയാണ്. 2264 ഏക്കറില്‍ 136.5 ഏക്കര്‍ ഭൂമി മണിമല വില്ലേജിലാണ്. ഈ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിനായി മലയാളം പ്ലാന്റേഷന്റെ പേരില്‍ ലഭിച്ചതായ പുതുവല്‍ പട്ടയം ഹാജരാക്കി. ഇത്തരം പട്ടയം നല്കി വരുന്നത് രാജ്യത്തെ പ്രജകളില്‍ പെട്ട പിന്നാക്കക്കാര്ക്കായിരുന്നു. പ്രസ്തുത പട്ടയ പ്രകാരം ഭൂമിയുടെ വിസ്തീര്‍ണം പരമാവധി മൂന്നു ഏക്കര്‍ മാത്രമാണ്. വിദേശീയര്‍ക്ക് പുതുവല്‍ റൂള്‍സില്‍ പട്ടയം നല്‍കാറില്ല. 2613 ഏക്കര്‍ വരെ പുതുവല്‍ പട്ടയങ്ങള്‍ ഹാരിസണ്‍ കോടതിയില്‍ ഹാജരാക്കി അനുകൂല വിധിന്യായം നേടിയിട്ടുണ്ട്.
ഹാരിസണും ഗോസ്പെല്‍ ഫൊര്‍ ഏഷ്യയും ഉന്നയിക്കുന്ന മറ്റൊരു വാദം തങ്ങള്‍ക്ക് വൈത്തിരി ലാന്‍ഡ് ബോര്‍ഡില്‍ നിന്നും പ്ലാന്റേഷന് ഭൂമി ഇളവ് ലഭിച്ചു എന്നാണ്. 1972ല്‍ ബ്രിട്ടീഷ് കമ്പനിയായിരുന്ന മലയാളം പ്ലാന്റേഷന്റെ പേരിലാണ് ലാന്‍ഡ് ബോര്‍ഡ് സീലിംഗ് കേസ് നടപടി ആരംഭിച്ചത്. 1978ല്‍ മാത്രമാണ് മലയാളം പ്ലാന്റേഷന്‍സ് ഇന്ത്യ ആരംഭിച്ചത്. ഭൂസംരക്ഷണ നിയമ പ്രകാരം 1964 ഏപ്രില്‍ ഒന്ന് കണക്കാക്കിയാണ് അവകാശങ്ങള്‍ നല്‍കുന്നത്. വിദേശ കമ്പനിയുടെ പേരില്‍ സീലിംഗ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വകുപ്പ് കേരള ഭൂപരിഷ്കരണ നിയമത്തിലില്ല. വിദേശ കമ്പനിക്ക് കുടിയായ്മക്കും ഇളവിനും അര്‍ഹതയുണ്ടായിരുന്നില്ല.
ഭൂപരിഷ്കരണ നിയമം സെക്ഷന്‍ 81 പ്രകാരമുള്ള ഇളവ് ലഭിച്ച ഭൂമി തരം മാറ്റാന്‍ പാടുള്ളതല്ല. അവിടെയുള്ള തോട്ടത്തിന്റെ ഉടമസ്ഥാവകാശം മാത്രമേ ഹാരിസണോ ചെറുവള്ളി എസ്റ്റേറ്റിനേ തോട്ടം ഉടമയ്ക്കേ ഉള്ളൂ. ഭൂമിയുടെ അവകാശം സര്‍ക്കാരിനാണ്.
അതുകൊണ്ട് ചെറുവള്ളി എസ്റ്റേറ്റ്, ഞങ്ങള്‍ പറയുന്നു, ഒരു ചെറിയ മീനല്ല. എസ്റ്റേറ്റ് വിമാനത്താവളത്തിന് ഏറ്റെടുക്കുന്നതിലൂടെ പണം ഗോസ്പെലിനോ അയന സൊസൈറ്റിക്കോ ലഭിച്ചാല്‍ ഇങ്ങനെ വിദേശകമ്പനികള്‍ കൈവശം വയ്ക്കുകയും ഇപ്പോള്‍ മറ്റു പലരും കൈവശം വയ്ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാരിനുള്ള അവകാശം പൂര്‍ണമായും നഷ്ടപ്പെടും. സംസ്ഥാന സര്‍ക്കാരിലെ ഉന്നതര്‍ തന്നെ കോടികള്‍ മോഹിച്ച് സര്‍ക്കാര്‍ വിരുദ്ധ നിലപാടെടുക്കുകയാണ്. കേന്ദ്രമെങ്കിലും ഇതില്‍ പോയി ചാടിക്കൊടുക്കരുതേ എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.