മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്
1 min read ലോക രാജ്യങ്ങളിലെ ഏറ്റവും ജനപ്രിയ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേ റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡിസിഷന്‍ ഇന്റലിജന്‍സ് കമ്പനിയായ ‘മോണിങ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയിലാണ് മോദിയെ ജനപ്രിയ നേതാവായി കണ്ടെത്തിയത്.
ഇന്ത്യക്കാര്‍ക്കിടയില്‍ മോദിക്ക് 76 ശതമാനം പിന്തുണയുള്ളതായാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. ഉയര്‍ന്ന ജനപിന്തുണയുള്ള ലോക നേതാക്കളില്‍ 66 ശതമാനം പിന്തുണ നേടിയ മെക്‌സിക്കോയുടെ പ്രസിഡന്റായ ആന്‍ഡ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രാഡോറാണ് രണ്ടാമത്. 58 ശതമാനം നേടിയ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് അലെയ്ന്‍ ബെര്‍സെറ്റാണ് മൂന്നാമത്. നവംബര്‍ 29 മുതല്‍ ഡിസംബര്‍ അഞ്ചുവരെയുള്ള കാലയളവില്‍ നടത്തിയ സര്‍വേയുടെ ഫലമാണിത്.
എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രായപൂര്‍ത്തിയായ ജനങ്ങളെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 36 എശതമാനം പിന്തുണയുമായി എട്ടാം സ്ഥാനത്താണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് 25 ശതമാനം പിന്തുണയാണ് ഉള്ളത്. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനി, ബെല്‍ജിയം പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡി ക്രൂ എന്നിവരാണ് നാലുമുതല്‍ ഏഴുവരെയുള്ള സ്ഥാനങ്ങളില്‍.
ഓരോ ആഴ്ചയും ഈ സര്‍വേ നടത്തിവരാറുണ്ട്. നവംബര്‍ 20ന് പുറത്തുവന്ന കണക്കുകള്‍ പ്രകാരവും മോദി തന്നെയായിരുന്നു ഒന്നാമത്. അന്ന് 78 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ സ്വീകാര്യത വ്യക്തമാക്കുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നത്.