ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് മത്സരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും ടോസിട്ടത്‌ മോദി; ടോസ്‌ നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയ

1 min read

ക്രിക്കറ്റിനിടയിൽ അല്പം രാഷ്ട്രീയവും. ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് മത്സരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ഒരുമിച്ചെത്തി. അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയമാണ് മത്സരവേദി. ടോസ് ഇട്ടത് നരേന്ദ്രമോദിയാണ്. ടോസ്‌ നേടിയ ഓസ്‌ട്രേലിയൻ ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രിമാരെ ബിസിസിഐ പ്രസിഡന്റ്‌ റോജർ ബിന്നിയും സെക്രട്ടറി ജെയ്ഷായും ചേർന്നാണ് സ്വീകരിച്ചത്. ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവി എന്നിവരും സന്നിഹിതരായിരുന്നു.
മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കുള്ള ടെസ്റ്റ് ക്യാപ് ഇന്ത്യൻ പ്രധാനമന്ത്രിയും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനുള്ള ടെസ്റ്റ് ക്യാപ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും സമ്മാനിച്ചു. തുടർന്ന് ഇരുവരും സ്റ്റേഡിയം വലംവെച്ച് കാണികളെ അഭിവാദ്യം ചെയ്തു. സ്റ്റേഡിയത്തിലെ പ്രത്യേക പവലിയനിൽ സൂക്ഷിച്ചിരുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന പഴയകാല പോരാട്ടങ്ങളുടെ ചിത്രങ്ങൾ അവർ സന്ദർശിച്ചു. മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രവിശാസ്ത്രി ഓരോ ചിത്രത്തിന്റെയും പ്രത്യേകതകൾ ഇരുവർക്കും വിവരിച്ചു കൊടുത്തു. ടീമംഗങ്ങളെ പരിചയപ്പെട്ട പ്രധാനമന്ത്രിമാർ കൂടെ നിന്ന്‌ ഫോട്ടോയെടുത്തു. ദേശീയ ഗാനം ആലപിക്കുമ്പേൾ രണ്ടു പ്രധാനമന്ത്രിമാരും സ്വന്തം ടീമിനൊപ്പം നിലയുറപ്പിച്ചു.
ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന്റെ ആദ്യദിനത്തിൽ റെക്കോർഡ് കാണികളാണ്‌ സ്റ്റേഡിയത്തിലെത്തിയത്. തങ്ങളുടെ രാഷ്ട്രനായകൻമാരുടെ സാന്നിദ്ധ്യം കളിക്കാരെ തെല്ലൊന്നുമല്ല ആവേശഭരിതരാക്കിയത്. ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു കാണികളും. ഹർഷാരവത്തോടെയാണ് അവർ രണ്ടു പ്രധാനമന്ത്രിമാരെയും സ്വീകരിച്ചത്.
നാലു ദിവസത്തെ പര്യടനത്തിനായാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയായശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. സബർമതി ആശ്രമത്തിലെത്തി മഹാത്മജിക്ക് ആദരാഞ്ജലിയർപ്പിച്ച ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി രാജ് ഭവനിൽ വെച്ച്‌ ഹോളിയും ആഘോഷിച്ചിരുന്നു.
തന്നെ ഇന്ത്യയിലേക്ക് ക്ഷണിച്ച നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ ആന്റണി അൽബനീസ്, ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരം കാണാൻ താൻ ആവേശ ഭരിതനാണെന്നും അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.