നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലി;സ്റ്റേഡിയം വിട്ടു നൽകാനാവില്ലെന്ന് മേഘാലയ സർക്കാർ
1 min read
മേഘാലയ : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നരേന്ദ്രമോദി പങ്കെടുക്കുന്ന റാലിക്ക് സ്റ്റേഡിയം വിട്ടു നൽകാനാവില്ലെന്ന് മേഘാലയ സർക്കാർ . കായിക വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാകാത്തതാണ് കാരണമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ മണ്ഡലമായ ടുറയിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ഈ മാസം 24നായിരുന്നു പശ്ചിമ ഗ്വാരാ ഹിൽസ് ജില്ലയിലെ സ്റ്റേഡിയത്തിൽ റാലി തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിനേതൃത്വമാണ് അനുമതി തേടിയത്.സ്റ്റേഡിയത്തിൽ ചില പണികൾ നടക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട സാമഗ്രികൾ സ്റ്റേഡിയത്തിലുള്ളതിനാൽ അവ സുരക്ഷാഭീഷണി സൃഷ്ടിക്കുമെന്നുമായിരുന്നു കായിക വകുപ്പിന്റെ നിലപാട്.
സംഭവത്തിൽ ബിജെപിനേതൃത്വം അതൃപ്തി രേഖപ്പെടുത്തി. ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയും തൃണമൂൽ കോൺഗ്രസും ചേർന്ന് സംസ്ഥാനത്തെ ബിജെപിയുടെ തരംഗം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു. 127 കോടി രൂപയായിരുന്നു സ്റ്റേഡിയത്തിന്റെ നിർമ്മാണ ചെലവ്. ഇതിൽ 90% ചെലവും വഹിച്ചത് കേന്ദ്രമാണെങ്കിലും, കഴിഞ്ഞ ഡിസംബർ 16ന് മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം നടത്തുകയായിരുന്നു. എന്നാൽ വെറും രണ്ടു മാസത്തിനുള്ളിൽ വീണ്ടും പണി നടക്കുകയാണെന്നും പ്രധാനമന്ത്രിയുടെ റാലിക്ക് നൽകാനാവില്ലെന്നും പറയുന്നതിൽ അത്ഭുതമുണ്ടെന്നും ബിജെപിദേശീയ ജനറൽ സെക്രട്ടറി ഋതുരാജ് സിൻഹ അറിയിച്ചു.