കള്ളനു നേരെ മുളകുപൊടിയെറിഞ്ഞ് മീരാജാസ്മിൻ
1 min readഅന്തിക്കാട് ഒരു വീട്ടിൽ കയറിയ കള്ളന്റെ യഥാർത്ഥകഥയാണ് ‘മകൾ’
സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിൽ കള്ളനെ പിടിച്ച കഥ പറയുകയാണ് അദ്ദേഹത്തിന്റെ മകനും സംവിധായകനുമായ അനൂപ് അന്തിക്കാട്. തിരക്കഥയെഴുതുന്ന സമയത്ത് അഖിൽ സത്യനാണ് സ്വന്തം നാട്ടിലെ ഒരു കള്ളനെ പിടിച്ച കഥ ഓർമ്മിപ്പിച്ചത്. വീട്ടിൽ കയറിയ കള്ളനെ പിടിച്ച് അവിടുത്തെ പണിക്കാരനായി നിർത്തിയതായിരുന്നു കഥ. ഇതേ സംഭവ കഥതന്നെയാണ് മകൾ എന്ന സിനിമയിൽ സത്യൻ അന്തിക്കാട് പറഞ്ഞതെന്ന് വ്യക്തമാക്കുന്നു അനൂപ്. സിനിമയിലെ കള്ളൻ അൽത്താഫ് ആയിരുന്നു.
തന്റെ യുട്യൂബ് ചാനലിലൂടെയാണ് കള്ളനെ പിടിച്ച രസകരമായ കഥ അനൂപ് പറയുന്നത്.
”മകൾ എന്ന അച്ഛന്റെ സിനിമ തുടങ്ങുന്നത് ഒരു കള്ളനിൽ നിന്നാണ്. ഒരു അച്ഛന്റെയും മകളുടെയും കഥയാണെങ്കിലും ആ വീട്ടിലേക്ക് നമ്മൾ കയറുന്നത് കള്ളന്റെ കൂടെയാണ്. സിനിമയുടെ ആദ്യത്തെ സീൻ എപ്പോഴും ഇന്ററസ്റ്റിങ് ആയിരിക്കണം. അതിന്റെ സ്‌ക്രീൻപ്ലേ ചെയ്യുന്ന സമയത്ത് അഖിൽ ആണ് ഒരു കള്ളന്റെ കഥ ഓർമ്മിപ്പിച്ചത്. നാലഞ്ചുകൊല്ലം മുൻപാണ് അന്തിക്കാടിനടുത്തുള്ള ഒരു വീട്ടിൽ കള്ളൻ കയറിയത്. കള്ളൻ വേറെവിടുന്നോ വന്ന ആളാണ്. നോക്കുമ്പോ ഒരു വലിയ വീടാണ്. തറവാടാണ്. വളരെ കേപ്പബിളായ ഒരാളാണ് കള്ളൻ. അതുകൊണ്ട് അയാൾ കയറൊക്കെ കെട്ടി ഓടൊക്കെ മാറ്റി അകത്തു കയറി. കാണുന്നത് കുറേപ്പേർ പായ വിരിച്ചു കിടക്കുന്നതാണ്. എന്തെങ്കിലും വിശേഷമായിരിക്കാം. കല്യാണമായിരിക്കാം. അയാൾ നോക്കുമ്പോൾ ഒരു വിളക്ക് കത്തിച്ചുവെച്ചിരിക്കുന്നു. അതൊരു കളരിയായിരുന്നു. കളരിപ്പയറ്റും കരാട്ടെയുമൊക്കെ പഠിപ്പിക്കും. അതിനുവേണ്ടി ബോംബെയിൽ നിന്നും ആൾക്കാര് വന്ന് താമസിക്കുന്നുണ്ട്. അവരുടെ ഇടയിലേക്കാണ് ഈ കള്ളൻ വന്നിറങ്ങിയത്. ആദ്യത്തെ ഒരു നാല് പേര് അടിച്ചപ്പോൾ തന്നെ കള്ളനു മനസ്സിലായി അവര് പ്രൊഫഷണൽസാണെന്ന്. കാരണം അതുവരെ കിട്ടിയ നാടൻ തല്ലിൽ നിന്ന് ഒരു ചേയ്ഞ്ച് ഉണ്ടായിരുന്നു. വേദനയും കൂടുതലുണ്ടായിരുന്നു. പിന്നെ കാം ആയിട്ടാണ് കള്ളൻ പെരുമാറിയത്. തിരിച്ചടിക്കാനോ ഓടാനോ നിന്നില്ല കള്ളൻ. നിങ്ങൾ കാം ആകൂ, പോലീസിനെ വിളിച്ച് എന്നെ അവർക്ക് കൊടുത്തോളൂ എന്നായി കള്ളൻ. അപ്പോഴേക്കും ആശാൻ എഴുന്നേറ്റു വന്നു. ഒരാഴ്ച അവിടെ താമസിച്ചിട്ട് പറമ്പിലെ പണികളൊക്കെ ചെയ്യട്ടെ, എന്നിട്ട് വിടാം എന്നായി ആശാൻ. ഒരാഴ്ച അവിടെ താമസിച്ച്, ജോലി ചെയ്ത് വളരെ ഹാപ്പിയായിട്ടാണ് കള്ളൻ തിരിച്ചുപോയത്.
സിനിമയിൽ അൽത്താഫാണ് കള്ളന്റെ വേഷം ചെയ്തത്. അൽത്താഫ് അടുത്ത സുഹൃത്താണ്. പോരാത്തതിന് നല്ല കള്ളലക്ഷണവും ഉണ്ട്. അതുകൊണ്ട് വളരെ കൺവിൻസിങ്ങായിട്ടാണ് അൽത്താഫ് ആ റോൾ ചെയ്തത്. റിയൽ ലൈഫിലെ കള്ളനെപ്പോലെ അൽത്താഫിന് നല്ല കഷ്ടപ്പാടായിരുന്നു. മതിലു ചാടണം. പൈപ്പിലൂടെ വലിഞ്ഞ് മേലേക്കു കയറണം. അടി കൊള്ളണം. സിദ്ദീഖിക്കാ ആണ് അടിക്കാൻ വരുന്നത്. ഞാൻ അസിസ്റ്റന്റ് ആയതുകൊണ്ടും എനിക്ക് അടുത്ത് നിൽക്കാൻ പറ്റുന്നതുകൊണ്ടും സൗണ്ടൊക്കെ എനിക്ക് നന്നായി കേൾക്കാൻ പറ്റുമായിരുന്നു.” അനൂപ് പറയുന്നു.
അൽത്താഫിനു നേരെ മീരാജാസ്മിൻ മുകളുപൊടിയെറിഞ്ഞാണ് കള്ളനെ പിടിക്കുന്നത്. പിടിച്ച കള്ളനെക്കൊണ്ട് വീട്ടിലെ ജോലികളൊക്കെ ചെയ്യിക്കുന്നുണ്ട് സിനിമയിലും. വളരെ റിയലിസ്റ്റിക് ആയിട്ടാണ് മകൾ ചിത്രീകരിച്ചത് എന്ന് വ്യക്തമാക്കുകയാണ് അനൂപ്.