സർവകലാശാല ഇന്റർവ്യൂ: മാർക്ക് തരം തിരിച്ച് രേഖപ്പെടുത്തണം
1 min readതിരുവനന്തപുരം : സർവകലാശാല ഇന്റർവ്യൂകളിൽ സ്‌കോർഷീറ്റ് തയ്യാറാക്കുമ്പോൾ മാർക്കിന്റെ വിശദാംശം തരം തിരിച്ച് രേഖപ്പെടുത്തണമെന്നും ഇത് ആവശ്യാനുസരണം ഉദ്യോഗാർത്ഥികൾക്കു നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഇന്റർവ്യൂവിന് ഉദ്യോഗാർത്ഥികൾക്ക് മാർക്ക് നൽകുന്നതിലെ നടപടികൾ സുതാര്യമായിരിക്കണം. ഇക്കാര്യം സർവകലാശാലകൾ പ്രത്യേകം ശ്രദ്ധിക്കണം. വിവിധ വിഭാഗങ്ങളിലെ മികവുകൾക്ക് മാർക്ക് നൽകുമ്പോൾ ഓരോ വിഭാഗത്തിനും എത്ര മാർക്ക് ലഭിച്ചു എന്നറിയാൻ ഉദ്യോഗാർത്ഥികൾക്ക് അവകാശമുണ്ട്.
എം.ജി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ നിയമനങ്ങളിൽ സ്‌ക്രീനിങ് കമ്മിറ്റിയും ഇന്റർവ്യൂ ബോർഡും തനിക്കു നൽകിയ മാർക്കിന്റെ വിശദാംശം തേടി പത്തനംതിട്ട സ്വദേശി ഡോ.ശ്രീവൃന്ദ നായരുടെ പരാതിയിലാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. അപേക്ഷിച്ച 14ൽ 12പേരെയും അയോഗ്യരാക്കിയ സ്‌ക്രീനിങ് കമ്മിറ്റിയും രണ്ടുപേരെ പരിഗണിച്ച ഇന്റർവ്യൂബോർഡും വിവിധ മേഖലകളിലെ മാർക്കുകൾ ഒന്നിച്ചാണ് രേഖപ്പെടുത്തിയത്. സ്‌കോർ ഷീറ്റിൽ ഓരോ മേഖലയ്ക്കും പ്രത്യേകം മാർക്ക് ഇടാതിരുന്നത് ഉചിതമായില്ലെന്ന് കമ്മീഷൻ പറഞ്ഞു. ഒരാളൊഴികെ മറ്റെല്ലാവരും സ്‌ക്രീനിങ് കമ്മിറ്റിയിലും ഇന്റർവ്യൂബോർഡിലും ആവർത്തിച്ചു വന്നത് കമ്മീഷൻ കണ്ടെത്തി. എം.ജി സർവകലാശാല പിവിസി ഉൾപ്പെടെയുള്ളവരിൽ നിന്നും മൂന്നു തവണ തെളിവെടുത്തു.
യൂണിവേഴ്സിറ്റി അധ്യാപക തസ്തികയുടെ അടിസ്ഥാന യോഗ്യതകളിലൊന്നാണ് നെറ്റ്. ഇത് പ്രത്യേക പുരസ്‌കാരമായി പരിഗണിക്കാനാവില്ല. എന്നാൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഉദ്യോഗാർത്ഥിക്ക് രണ്ടു തവണ നെറ്റ് പാസായത് പരിഗണിച്ച് 20 മാർക്ക് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് മൂന്ന് തവണ നെറ്റ് പാസായ ശ്രീവൃന്ദയ്ക്ക് 30 മാർക്ക് ലഭിക്കണം. എന്നാൽ അത് നൽകിയിട്ടുമില്ല.
സ്‌ക്രീനിങ് കമ്മിറ്റിയിലും ഇന്റർവ്യൂ ബോർഡിലും ഒരേ വ്യക്തികൾ തന്നെ വരുന്നതും മാർക്കുകൾ തരം തിരിച്ചു നൽകാത്തതും സ്വന്തക്കാരെ തിരുകി കയറ്റാൻ വേണ്ടിയാണ്. തുല്യയോഗ്യതയ്ക്ക് ഒരാൾക്ക് മാർക്ക് നൽകി രണ്ടാമനെ പാടേ ഒഴിവാക്കുന്നത് റാങ്ക് ലിസ്റ്റ് ശീർഷാസനത്തിൽ നിർത്തി ബന്ധുനിയമനം സുഗമമാക്കുന്നതിനല്ലാതെ മറ്റെന്തിനുവേണ്ടിയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് നൽകിയതും ഇത്തരത്തിൽ യോഗ്യതകൾ അട്ടിമറിച്ചായിരുന്നു. ഒടുവിൽ ഹൈക്കോടതി ഇടപെട്ടാണ് അത് റദ്ദാക്കിയത്.
നിയമനവുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടുകളെക്കുറിച്ച് ഡോ.ശ്രീവൃന്ദ നായർ പറയുന്നതിങ്ങനെ: “പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ എന്തുകൊണ്ട് ഞാൻ അയോഗ്യയായി എന്നു മാത്രമാണ് സർവകലാശാലയോട് ചോദിക്കുന്നത്. ഏതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മാർക്കിട്ടതെന്നു വ്യക്തമാക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. 6 തവണ ഹൈക്കോടതി കേസു വിളിച്ചെങ്കിലും സർവകലാശാലാ അധികൃതർ ഹാജരായില്ല”. നിയമനടപടിയുമായി താൻ മുന്നോട്ടു പോകുമെന്ന് ഡോ.ശ്രീവൃന്ദ നായർ പറഞ്ഞു.