മരട് ഫ്ളാറ്റ്: ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ റിപ്പോർട്ടിനോട് വിയോജിച്ച് കേരളം; വിശദ വാദം കേൾക്കാൻ സുപ്രീംകോടതി
1 min readന്യൂഡൽഹി : തീരദേശ നിയമം ലംഘിച്ച് മരടിൽ ഫ്ളാറ്റ് നിർമ്മിച്ചതിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകളോട് വിയോജിപ്പുണ്ടെന്ന് കേരളം. ഇതേത്തുടർന്ന് റിപ്പോർട്ടിനെ സംബന്ധിച്ച് വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. പൊളിച്ച ഫ്ളാറ്റിന്റെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച തീരുമാനം അതിനുശേഷമേ ഉണ്ടാകൂ എന്നും കോടതി വ്യക്തമാക്കി.
മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച അനധികൃത കെട്ടിടങ്ങളുടെ ഉത്തരവാദിത്തം ഫ്ളാറ്റ് നിർമ്മാതാക്കൾക്കും ഉദ്യോഗസ്ഥർക്കുമാണെന്നാണ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ കമ്മീഷന്റെ റിപ്പോർട്ട്. എന്നാൽ ഉദ്യോഗസ്ഥർക്കെതിരായ കമ്മീഷന്റെ കണ്ടെത്തലുകൾ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. സംസ്ഥാന സർക്കാരിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്നാണ് അടുത്തമാസം 28ന് സർക്കാർ ഉൾപ്പെടെ കേസിലെ എല്ലാ കക്ഷികളുടെയും വാദംകേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്.
ഫ്ളാറ്റ് വാങ്ങുന്നതിന് കൈമാറിയ തുക മാത്രമേ ഉടമകൾക്ക് ലഭിച്ചിട്ടുള്ളൂവെന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ സുപ്രീംകോടതിയെ അറിയിച്ചു. ഇത് അപര്യാപ്തമാണെന്നും സമാനമായ ഒരു ഫളാറ്റ് വാങ്ങാൻ ഈ തുക കൊണ്ട് സാധിക്കാത്തതിനാൽ നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണമെന്ന് ഉടമകൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചട്ടം ലംഘിച്ച് ഫ്ളാറ്റ് നിർമ്മിച്ചതിന്റെ ഉത്തരവാദികളിൽ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ വാദം. കേസിലെ മറ്റ് വിവിധ കക്ഷികൾക്കായി അഭിഭാഷകരായ വി.ഗിരി, വി.ചിദംബരേഷ്, ഹാരിസ് ബീരാൻ എന്നിവരാണ് ഹാജരായത്.
പൊളിച്ച ഹോളി ഫെയ്ത്ത് ഫ്ളാറ്റിന്റെ നിർമ്മാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരമായി നൽകേണ്ട തുക ഇതുവരെ കെട്ടിവയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹോളി ഫെയ്ത്ത് കമ്പനികളുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻനേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഹോളി ഫെയ്ത്ത് നിർമ്മാതാക്കൾക്കുവേണ്ടി അഭിഭാഷകരായ ആർ.ബസന്ത്, എ.കാർത്തിക് എന്നിവർ ഹാജരായി.