വാഹനമിടിച്ച് സഹോദരങ്ങളുടെ മരണം : ജോസ്.കെ.മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
1 min readആദ്യം തയ്യാറാക്കിയ എഫ്‌ഐആറിൽ കെ.എം.മാണിയുടെ പേരുണ്ടായിരുന്നില്ല
മണിമല : ജോസ്.കെ.മാണിയുടെ മകൻ കെ.എം.മാണി (19) ഓടിച്ച ഇന്നോവ കാറിനു പിന്നിൽ സ്‌കൂട്ടറിടിച്ച് രണ്ടു പേർ മരിച്ചു. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന, കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്ത് താഴെ മാത്യു ജോൺ (35), സഹോദരൻ ജിൻസ് ജോൺ (30) എന്നിവരാണ് മരിച്ചത്. മണിമല ബിഎസ്എൻഎല്ലിനു സമീപം വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം.
ജോസ്.കെ.മാണിയുടെ സഹോദരീ ഭർത്താവാണ് ഇന്നോവ കാറിന്റെ ഉടമസ്ഥൻ. അപകട സമയത്ത് വാഹനമോടിച്ചത് 46 വയസ്സുള്ള ഒരാൾ എന്നായിരുന്നു എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വാഹനമോടിച്ചിരുന്നത് ജോസ്.കെ.മാണിയുടെ മകൻ കെ.എം.മാണിയാണെന്ന് അന്നേ ആരോപണമുയർന്നിരുന്നു. ആദ്യം തയ്യാറാക്കിയ എഫ്‌ഐആറിൽ കെ.എം.മാണിയുടെ പേരുണ്ടായിരുന്നില്ല. പ്രതിഷേധത്തെ തുടർന്നാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. അലക്ഷ്യമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് കെ.എം.മാണിക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ ജാമ്യത്തിൽ വിട്ടതായി കോട്ടയം എസ്.പി കെ.കാർത്തിക് പറഞ്ഞു.
അമ്മയുടെ സഹോദരിയുടെ കറുകച്ചാലിലെ വീട്ടിൽപ്പോയിവരികയായിരുന്നു മരിച്ച സഹോദരങ്ങൾ. കറിക്കാട്ടൂർ ഭാഗത്തുനിന്ന് മണിമല ഭാഗത്തേക്കു വരികയായിരുന്നു അപകടമുണ്ടാക്കിയ ഇന്നോവ കാർ. അപകടത്തിൽപ്പെട്ട സഹോദരങ്ങളെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരായിരുന്നു രണ്ടുപേരും. യോഹന്നാൻ മാത്യുവും സിസമ്മയുമാണ് മാതാപിതാക്കൾ. പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായ അൻസുവാണ് മാത്യു ജോണിന്റെ ഭാര്യ.