ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ വീണ്ടും; എട്ട് മന്ത്രിമാരും അധികാരമേറ്റു

1 min read

അഗർത്തല : ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ രണ്ടാം തവണയാണ് മണിക് സാഹ മുഖ്യമന്ത്രിയാകുന്നത്. അദ്ദേഹത്തോടൊപ്പം ഒരു വനിതയുൾപ്പെടെ എട്ട് മന്ത്രിമാരും ഇന്ന് അധികാരമേറ്റു. ഗവർണർ സത്യദേവ് നാരായൺ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. അഗർത്തലയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഢ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡ, മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്, സിക്കിം മുഖ്യമന്ത്രി പി.എസ.തമാംഗ് എന്നിവർ പങ്കെടുത്തു.
ഒൻപത് മാസം മുൻപ് ബിപ്ലവ്കുമാർദേബ് രാജിവെച്ചതിനെത്തുടർന്നാണ് മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന രത്തൻലാൽ നാഥ്, പ്രണജിത് സിംഗ്‌റോയ്, ശാന്തന ചക്മ, സുശാന്ത ചൗധരി എന്നിവർ ഇത്തവണയും മന്ത്രിമാരായി തുടരും. ടിങ്കുറോയ്, പട്ടികവർഗ മോർച്ച നേതാവ് ബികാഷ്‌ദേബർമ, സുധാൻഷു ദാസ് എന്നിവർ പുതുമുഖങ്ങളാണ്.
ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയിലെ ശുക്ല ചരൺ നൊയതിയയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഐപിഎഫ്ടിയിലെ ഏക എംഎൽഎയാണ് നൊയതിയ.
അതേസമയം കോൺഗ്രസും സിപിഎമ്മും ചടങ്ങ് ബഹിഷ്‌കരിച്ചു. തെരഞ്ഞെടുപ്പിനു ശേഷം ത്രിപുരയിൽ അക്രമങ്ങൾ കൂടിയെന്ന് ആരോപിച്ചാണ് ഇരു കക്ഷികളും വിട്ടു നിന്നത്.

Related posts:

Leave a Reply

Your email address will not be published.