ഒരുകോടി മുടക്കി മകളുടെ വിവാഹം നടത്തണം – ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്ത വ്യാപാരിയുടെ വീഡിയോ
1 min read
ഭോപ്പാൽ : മധ്യപ്രദേശിൽ ഭാര്യയെ വെടിവെച്ച് കൊന്ന് തുണവ്യാപാരി ജീവനൊടുക്കി. പന്നാ കിഷോർഗഞ്ച് സ്വദേശിയായ സഞ്ജയ്സേത് ആണ് ഭാര്യ മീനുവിനെ കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ചത്. ഇന്നലെയായിരുന്നു സംഭവം. സംഭവത്തിനു മുൻപ് ചിത്രീകരിച്ച വീഡിയോയും ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ രണ്ടാം നിലയിൽ നിന്നും വെടിയൊച്ച കേട്ടെത്തിയ വീട്ടുകാർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന ഭാര്യാഭർത്താക്കൻമാരെയാണ്. മീനു സംഭവസ്ഥലത്തു വെച്ചും സഞ്ജയ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.
ഭാഗേശ്വർ ധാമിന്റെ ഭക്തനായിരുന്ന സഞ്ജയ് ആത്മഹത്യാക്കുറിപ്പിൽ ഗുരുജിയോട് മാപ്പുചോദിക്കുന്നുണ്ട്. കൂടാതെ തനിക്ക് പണം നൽകാനുള്ളവരുടെ പേരുകൾ വിശദീകരിക്കുന്ന വീഡിയോയും ചിത്രീകരിച്ചിട്ടുണ്ട്. ‘എന്റെ മകളുടെ വിവാഹത്തിനു വേണ്ടി എല്ലാവരും എന്റെ പണം തിരികെ നൽകണം. 50 ലക്ഷം മുതൽ 1 കോടി വരെ ചെലവിട്ട് എന്റെ മകളുടെ വിവാഹം നടത്തണം. അവരുടെ അക്കൗണ്ടിൽ പണമുണ്ട്. ലോക്കറിൽ 29 ലക്ഷവും. മകൾക്കായി ധാരാളം ആഭരണങ്ങളുമുണ്ട്. ഞാനും എന്റെ ഭാര്യയും പോവുകയാണ്. ജീവിക്കാൻകഴിയില്ല’ എന്നാണ് സഞ്ജയ് വീഡിയോയിൽ പറയുന്നത്.
അതേ സമയം കുടുംബപ്രശ്നങ്ങളാണ് മരണ കാരണമെന്ന് കരുതുന്നുവെന്നും എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.