കോഴിക്കോട് കാല്‍നട യാത്രക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, ചോര വാര്‍ന്ന് മരണം
1 min readകോഴിക്കോട്: കോഴിക്കോട് കാല്‍നട യാത്രക്കാരനെ അമിത വേഗതിയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പൊന്തക്കാട്ടിലേക്ക് തെറിച്ച് വീണ യാത്രക്കാരന് ചോര വാര്‍ന്ന് ദാരുണാന്ത്യം. ദേശീയപാത 766 ല്‍ വെസ്റ്റ് പുതുപ്പാടിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വെസ്റ്റ് പുതുപ്പാടിയില്‍ താമസിക്കുന്ന നടുക്കുന്നുമ്മല്‍ രാജു (43) ആണ് മരണപ്പെട്ടത്. രാവിലെ 6.45 ഓടെയാണ് രാജുവിനെ റോഡരികിലെ പൊന്തക്കാട്ടില്‍ ചോര വാര്‍ന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുന്നത്.
ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഈങ്ങാപ്പുഴയിലെ ചായകടയിലെ ജീവനക്കാരനായ രാജു പുലര്‍ച്ചെ കട തുറക്കാനായി വെസ്റ്റ് പുതുപ്പാടിയില്‍ ബസ്സില്‍ കയറാനായി എത്തിയപ്പോഴാണ് കാറിടിച്ച് തെറിപ്പിച്ചത്. ആ സമയത്ത് ആരും റോഡില്‍ ഇല്ലാത്തതിനാല്‍ അപകടം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് അപകടം നടന്നതെന്ന് തിരിച്ചറിയുന്നത്.
കൊയിലാണ്ടി സ്വദേശിയുടെ കാറിടിച്ചാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം കാരക്കുന്ന് ശ്മശാനത്തില്‍ നടക്കും. തമിഴ്‌നാട് സ്വദേശിയായ രാജു വര്‍ഷങ്ങളായി വെസ്റ്റ് പുതുപ്പാടിയിലാണ് താമസം. പിതാവ്: ചിന്നന്‍. ഭാര്യ: ബിന്ദു. മക്കള്‍: ഫുള്‍ജിന്‍, ആദിത്യ.