കത്തി സ്ഥിരം സ്ഥലത്ത് കണ്ടില്ല, തപ്പി കണ്ടെത്തി, ആ കത്തികൊണ്ട് ഭാര്യയെ വെട്ടി
1 min read
തിരുവനന്തപുരം: ഉപയോഗിക്കുന്ന കത്തി വെച്ചിരുന്ന സ്ഥലത്തു നിന്ന് ഭാര്യ മാറ്റി എന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കോട്ടുകാല്‍ പുന്നവിള സി എസ് ഐ പള്ളിക്ക് സമീപം വി ആര്‍ സദനത്തില്‍ വിനീത് എന്നു വിളിക്കുന്ന വിമല്‍ കുമാറിനെ (35) ആണ് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ഏഴിന് നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ പിടിയിലായത്.
താന്‍ ഉപയോഗിച്ചിരുന്ന കത്തി വച്ചിരുന്ന സ്ഥലത്ത് കാണാത്തതിനെ ചൊല്ലിയാണ് ഭാര്യയുമായി വിനീത് വഴക്കുണ്ടായിയത്. ഇതിന് ശേഷം കത്തി കണ്ടെത്തിയതോടെ പ്രതി അത് ഉപയോഗിച്ചാണ് ഭാര്യക്ക് നേരെ ആക്രമണം നടത്തിയത്. പ്രതി ഭാര്യയുടെ കഴുത്തില്‍ വെട്ടാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. തടഞ്ഞ യുവതിയുടെ കയ്യില്‍ സാരമായി വെട്ടേറ്റുവെന്നും പൊലീസ് പറഞ്ഞു. സ്വര്‍ണ പണയ സ്ഥാപന ഉടമയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെയും പ്രതിയാണ് വിമല്‍ കുമാര്‍ എന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചക്കട വട്ടവിളയില്‍ സ്വര്‍ണ പണയ സ്ഥാപന ഉടമയെ ആക്രമിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത കേസിലാണ് വിനീത് നേരത്തെ പ്രതിയായിരുന്നത്. അയല്‍വാസിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലും വിഴിഞ്ഞം പൊലീസ് വിനിതിനെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.