മേയിലെത്തും മമ്മൂട്ടിയുടെ കാതൽ
1 min readമമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ചിത്രം
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ മേയിൽ എത്തുമെന്ന് സൂചന. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ ശ്രദ്ധേയനായ ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടിയുടെ ആരാധകർ കാത്തിരിക്കുന്നത്. വ്യത്യസ്തവും ശക്തവുമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ജിയോ ബേബിയുടെ ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയ മികവ് പരമാവധി ചൂഷണം ചെയ്യപ്പെടുമെന്നതാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. മമ്മൂട്ടിയും ജ്യോതികയും മലയാളത്തിൽ ഒത്തുചേരുന്നതും ചിത്രത്തിന്റെ തിളക്കം കൂട്ടുന്നു.
കാതൽ എന്നു പേരു കേൾക്കുമ്പോൾ തെറ്റിദ്ധരിക്കാമെങ്കിലും പ്രേമം എന്ന അർത്ഥത്തിലല്ല സംവിധായകൻ ആ വാക്ക് ഉപയോഗിക്കുന്നത്. പോസ്റ്ററിൽ തന്നെ കാതൽ ദ കോർ എന്നാണ് ഉപയോഗിക്കുന്നത്. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് ഏറെ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഈദ് റിലീസായി ഏപ്രിൽ 20ന് ചിത്രം തിയേറ്ററിലെത്തുമെന്ന് പ്രചരിച്ചിരുന്നെങ്കിലും മേയ് 20ഓടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ഡയറക്ട് ഒ.ടി.ടി റിലീസായി ചിത്രം ഇറക്കാൻ അണിയറ പ്രവർത്തകർ ആലോചിക്കുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ജിയോ ബേബി ചിത്രങ്ങൾ പൊതുവേ ഒ.ടി.ടിക്ക് അനുകൂലമായവയാണെന്നും ബോക്‌സോഫീസിൽ ചലനം സൃഷ്ടിക്കാൻ സാദ്ധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിച്ചത്.
ഒ.ടി.ടിയിൽ റിലീസ് ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചിരുന്നു. ദേശീയ തലത്തിൽ തന്നെ വലിയൊരു വിഭാഗം പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റാൻ ചിത്രത്തിനായി. മറ്റു ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള സംവിധായകനുമായി മമ്മൂട്ടി ഒന്നിക്കുമ്പോൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ മറക്കാനാവാത്ത ഒരു ഏടായി ചിത്രം മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ കടുത്ത ആരാധകർ പോലും വലിയൊരു ബോക്സ് ഓഫീസ് വിജയമായി ചിത്രം മാറുമെന്ന് കരുതുന്നവരല്ല.
മമ്മൂട്ടിക്കമ്പനിയുടെ ആദ്യ ചിത്രം ലിജോ പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം മമ്മൂട്ടിയുടെ അഭിനയപാടവം ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിച്ചിരുന്നു. എന്നാൽ തിയേറ്ററിൽ വലിയ തോതിൽ പ്രേക്ഷകരുടെ തള്ളിക്കയറ്റമുണ്ടാക്കുന്നതിൽ ചിത്രം പരാജയപ്പെട്ടിരുന്നു. തിയേറ്ററിൽ വിജയമാവാൻ ചിത്രത്തിന് സാധിച്ചില്ലെങ്കിലും മമ്മൂട്ടി എന്ന അഭിനേതാവിനെ പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമാക്കാൻ സിനിമയ്ക്കായി. പിന്നീട് ഒ.ടി.ടിയിൽ റിലീസ് ചെയ്തപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. ദേശീയ തലത്തിൽ തന്നെ മമ്മൂട്ടിയുടെ അഭിനയ മികവ് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലിജോയുടെയും മമ്മൂട്ടിയുടെ കൂട്ടുകെട്ടിനെ ഗംഭീരം എന്നാണ് നിരൂപകർ പ്രശംസിക്കുന്നത്.
നൻപകൽ നേരത്ത് മയക്കം പോലെ തന്നെ ഉൾക്കാമ്പുള്ളചിത്രം തന്നെയാണ് കാതലിലൂടെ പ്രതീക്ഷിക്കുന്നത്. കുടുംബം എന്ന വ്യവസ്ഥിതിയിലെ സ്ത്രീ-പുരുഷ സമത്വത്തിന്റെ രാഷ്ട്രീയം ശക്തമായി വിളിച്ചുപറഞ്ഞ ചിത്രമായിരുന്നു ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ഇത്തരത്തിലുള്ള ബോൾഡ് ആയ ചിത്രം തന്നെയാണ് കാതലിലും ഉണ്ടാവുകയെന്നാണ് ആരാധകർ കരുതുന്നത്. ബോക്സ് ഓഫീസ് വിജയങ്ങൾക്ക് പിന്നാലെ പോകാതെ അഭിനയ പ്രാധാന്യമുള്ളതും വ്യത്യസ്തങ്ങളുമായ ചിത്രങ്ങളിലെത്തുന്ന മമ്മൂട്ടിയുടെ പരീക്ഷണങ്ങളോട് മതിപ്പുള്ള പ്രേക്ഷകർ ഏറെയാണ്. അത്തരം പ്രേക്ഷകർക്ക് ഒരു ആഘോഷം തന്നെയാവും കാതൽ എന്ന് കരുതപ്പെടുന്നു.
മമ്മൂട്ടി ചിത്രത്തിന് ഇടിച്ചു കയറുന്ന സാധാരണ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നൻപകൽ നേരത്ത് മയക്കത്തിനും ബോക്സ് ഓഫീസ് ദുരന്തമായ ക്രിസ്റ്റഫറിനും ശേഷം അദ്ദേഹത്തിന്റെ തട്ടുപൊളിപ്പൻ ചിത്രം തിയേറ്ററിലെത്തണമെന്നാണ് ആഗ്രഹം. അവരെ സംബന്ധിച്ചിടത്തോളം കാതൽ ഒ.ടി.ടി റിലീസായാലും കുഴപ്പമില്ല.
ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് അണിയറപ്രവർത്തകരിൽ നിന്നും സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. എന്നാൽ മേയിൽ ചിത്രം തിയേറ്ററുകളിൽ തന്നെ എത്തുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. മമ്മൂട്ടിയുടെയും ജ്യോതികയുടെയും താരപ്പകിട്ട് കുടുംബസദസ്സുകളെ തിയേറ്ററിലേക്ക് ആകർഷിക്കുമെന്നാണ് കണക്കുകൂട്ടൽ.