ചന്തുവാകാനുള്ള മമ്മൂട്ടിയുടെ നിശബ്ദ പഠനം
1 min readമലയാള സിനിമാ ചരിത്രത്തിലെ നാഴിക കല്ലുകളില്‍ പല കാരണങ്ങളാല്‍ എഴുതപ്പെട്ട സിനിമാ പേരുകളില്‍ എപ്പോഴും ഓര്‍ത്തു വെയ്ക്കുന്ന ചില സിനിമകളില്‍ ഒന്നാണ് ഒരു വടക്കന്‍ വീരഗാഥ. ടെക്‌നിക്കല്‍ മികവിനൊപ്പം അതുവരെയുള്ള പീരിയ്ഡ് ഡ്രാമകളെ ആഖ്യാന രീതികൊണ്ട് കവച്ചു വെച്ച് പുതിയൊരു ചരിത്രം സൃഷ്ടിച്ച് കടന്നു വന്ന ചിത്രം.
16ാം നൂറ്റാണ്ടിലെ വടക്കന്‍ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചന്തു ചേകവരായി മമ്മൂട്ടിയും ആരോമല്‍ ചേകവരായി സുരേഷ് ഗോപിയും ഉണ്ണിയാര്‍ച്ചയായി മാധവിയും തകര്‍ത്തഭിനയിച്ചു. 1989ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രമായ ചന്തുവിനെ അവതരിപ്പിച്ചത് മമ്മൂട്ടി ആയിരുന്നു. പിന്നീട് ഇത്തരം ഫ്രയിമുകളില്‍ വന്ന സിനിമകള്‍ക്ക് ഒരു മാതൃകയായി മാറുകയും അതേസമയം ഒരു വെല്ലുവിളിയായി തീരുകയും ചെയ്ത പടം.
ചിത്രത്തില്‍ ചന്തുവായി അരങ്ങു തകര്‍ക്കുവാന്‍ മമ്മൂട്ടി വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ആരും എടുത്തു നോക്കുമെന്ന് ഉറപ്പുള്ള ഒരു ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. തിരക്കഥാകൃത്തായ എം.ടി വാസുദേവന്‍ പറയുന്നതിങ്ങനെ. ഒരു വിദേശി ഈ സിനിമ കണ്ടാല്‍ ഉറപ്പായും കരുതുക ചന്തുവിനെ അവതരിപ്പിക്കുന്ന ആള്‍ക്ക് കളരിപ്പയറ്റും മറ്റു അഭ്യാസങ്ങളും മുന്‍പരിചയം ഉള്ള വ്യക്തിയെന്നാകുമെന്നാണ്.
എം.ടി സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത ഡയലോഗുകള്‍ കേട്ട് പഠിച്ചാണ് മമ്മൂട്ടി വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ചതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു.
ഞാനും മമ്മൂട്ടിയും കൂടി ‘വടക്കന്‍ വീരഗാഥ’ എന്ന സിനിമ തുടങ്ങുന്നതിനു മുന്‍പ് എറണാകുളത്തു നിന്നും തൃശൂര്‍ക്ക് യാത്ര ചെയ്യുകയായിരുന്നു. രാത്രിയാണ്. ഞാന്‍ ഒരു ടാക്‌സി പിടിക്കാന്‍ നില്‍കുമ്പോള്‍ പുള്ളി പറഞ്ഞു ഞാന്‍ ആ വഴിക്കാണ്, ഞാന്‍ നിങ്ങളെ വിടാമെന്ന്. ഞങ്ങള്‍ രണ്ടാളും കാറില്‍ പോകുമ്പോള്‍ പുള്ളി പറഞ്ഞു ”ഞാന്‍ എംടി യുടെ ഒരു പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. അത് കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. കഥാപാത്രം ചന്തു ആണ്. ഞാന്‍ കോഴിക്കോട് പോയി പുള്ളിയെക്കൊണ്ട് എന്റെ ഭാഗം മുഴുവന്‍ റെക്കോര്‍ഡ് ചെയ്യിച്ചു. എന്നിട്ട് അത് കാസറ്റില്‍ ഇട്ടു. ഞാന്‍ യാത്ര ചെയ്യുമ്പോള്‍ അത് കേട്ട് പഠിക്കും.” വടക്കന്‍ വീരഗാഥ തുടങ്ങുന്നതിന് എത്രയോ മുന്‍പ് ആ കാസറ്റ് കേട്ടിട്ട് മമ്മൂട്ടി ആ ഡയലോഗ് പറഞ്ഞു പഠിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ‘ഇരുമ്പാണി തട്ടി മുളയാണി..’ എന്നൊക്കെയുള്ള എംടിയുടെ ഡയലോഗ്.
അപ്പോള്‍ അത്തരം നിശബ്ദമായ പഠനങ്ങളിലൂടെയാണ് ഇവരൊക്കെ വലിയ ആള്‍ക്കാരായിട്ടുള്ളത്. സത്യന്‍ അന്തിക്കാട് പറഞ്ഞു.