അവന് എനിക്കെന്നും മമ്മൂഞ്ഞാണ്
1 min readഎന്റെ സിനിമകളില്‍ ഏറ്റവും ഇഷടപ്പെട്ട സിനിമയേതെന്ന് ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തും. അത്രയ്ക്കും പാവമായിരുന്നു ഉമ്മ
മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മയിലിന്റെ മരണത്തെ തുടര്‍ന്ന് ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധം പങ്കുവെച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ എന്നും പ്രചോദനമായിരുന്നു ഉമ്മ. ഫാത്തിമ ഇസ്മയിലിന്റെ ആറ് മക്കളില്‍ ഏറ്റവും മൂത്ത ആളാണ് മമ്മൂട്ടി.
വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനു ശേഷം ജനിച്ച മകനായതുകൊണ്ട് ഉമ്മയ്ക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയോടായിരുന്നു. ഉമ്മ സ്ഥിരം നെയ്യ് കഴിച്ച് മകന് നെയ്യുണ്ട പോലെയായി എന്ന് ഉമ്മ തമാശയായി പറയുമായിരുന്നിവത്രേ. വല്യുപ്പയുടെ പേരായിരുന്നു മുഹമ്മദ്കുട്ടി എന്നത്. അതേ പേരു തന്നെയാണ് അവര്‍ മകനുമിട്ടത്. പിന്നീട് സിനിമയില്‍ വന്നതോടെ മമ്മൂട്ടി എന്ന് പേര് മാറ്റി. മുഹമ്മദ്കുട്ടി എന്ന പേര് മാറ്റിയപ്പോള്‍ പിണങ്ങുകയും വഴക്കു പറയുകയുമൊക്കെ ചെയ്തിട്ടുണ്ട് ആ ഉമ്മ. മകന് പ്രശസ്തനായതോടെ ആ പേരില്‍ ഒരുപാട് അഭിമാനിക്കുകയും ചെയ്തു ഉമ്മ. എങ്കിലും അവന് എനിക്കെന്നും എന്റെ മമ്മൂഞ്ഞ് തന്നെയാണ് എന്നാണ് ഉമ്മ പറയാറുണ്ടായിരുന്നത്.
ഉമ്മയുമായി വല്ലാത്തൊരു ആത്മബന്ധമായിരുന്നു മമ്മൂട്ടിക്ക്. സിനിമയിലെ തിരക്കിനിടയിലും സമയം കിട്ടുമ്പോഴെല്ലാം ഉമ്മയെ കാണാന്‍ ഓടിയെത്തുമായിരുന്നു മമ്മൂട്ടി എന്ന മകന്. ഉമ്മയോടൊപ്പം ചെലവഴിക്കുന്നതും ഉമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതും പ്രത്യേകമായൊരു ആനന്ദം തന്നെയായിരുന്നു ആ മകനും. മകന് എത്താന്‍ കഴിഞ്ഞില്ലെങ്കിലും പരിഭവമുണ്ടായിരുന്നില്ല ഉമ്മയ്ക്ക്. വിരലൊന്നമര്‍ത്തിയാല്‍ കണ്മുന്നില് മകനെ കാണാനാവുമല്ലോ എന്ന ആശ്വാസമായിരുന്നു അവര്‍ക്ക്. മകന്റെ സിനിമകള്‍ കണ്ട് ചെമ്പിലെ അവന്റെ കുട്ടിക്കാലത്തെ കുസൃതികളും മറ്റും ഓര്‍ത്ത് അവരിരിക്കും.
ചെറുപ്പം മുതലേ മമ്മൂട്ടിയുടെ മനസ്സില്‍ സിനിമയായിരുന്നു എന്നാണ് ഉമ്മ പറയുന്നത്. ആദ്യമായി സിനിമ കാണിച്ചു കൊടുത്തത് ബാപ്പയായിരുന്നു. ചെമ്പിലെ തിയേറ്ററില്‍ കൊണ്ടുപോയാണ് സിനിമ കാണിച്ചത്. പിന്നീട് അനിയന്മാരുടെ കൂടെ പോകാന്‍ തുടങ്ങി. ഒരു സിനിമയും ഒഴിവാക്കുമായിരുന്നില്ല. കോളേജില്‍ എത്തിയപ്പോഴേക്കും അഭിനയിച്ചു തുടങ്ങിയെന്നും ഉമ്മ ഓര്‍ക്കുന്നു. മകന് അഭിനയിച്ച എല്ലാ സിനിമകളും ഇഷ്ടമാണെന്നും ഉമ്മ പറഞ്ഞിരുന്നു.
മമ്മൂട്ടി തന്റെ ഉമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളും വളരെ ശ്രദ്ധേയമാണ്. ”എന്റെ ഉമ്മ വളരെ പാവമാണ്. സിനിമയില്‍ എന്റെ കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്നെ ആരെങ്കിലും അടിച്ചാലോ ഉമ്മ കരയാന്‍ തുടങ്ങും. എന്റെ സിനിമകളില്‍ ഏറ്റവും ഇഷടപ്പെട്ട സിനിമയേതെന്ന് ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തും. അത്രയ്ക്കും പാവമായിരുന്നു ഉമ്മ”.
മക്കളും കൊച്ചുമക്കളും സിനിമാക്കാരായപ്പോഴും നാട്യങ്ങളൊന്നുമില്ലാതെ ചെമ്പിലെ വീട്ടില്‍ വെറുമൊരു സാധാരണക്കാരിയായി തന്നെയാണ് ഫാത്തിമ ഇസ്മയില്‍ ജീവിച്ചത്. തന്റെ നാടിനോട് മമ്മൂട്ടിക്കും പ്രത്യേക മമതയായിരുന്നു. സിനിമയില്‍ എത്തിയതോടെ പലരും മദ്രാസിലേക്കും മറ്റും താമസം മാറ്റിയെങ്കിലും തന്റെ നാട് വിട്ടു പോകാന്‍ മമ്മൂട്ടി തയ്യാറായില്ല. കുടുംബവുമായി മമ്മൂട്ടിക്കുള്ള ആത്മബന്ധം തന്നെയായിരുന്നു കാരണം.