മമ്മൂട്ടിക്ക് പുതുജീവൻ പകർന്ന ന്യൂഡൽഹി

1 min read

സിനിമയുടെ പിന്നാമ്പുറ കഥകൾ : ന്യൂഡൽഹി

സൂപ്പർതാരങ്ങളുടെ പഞ്ച് ഡയലോഗുകൾക്ക് കയ്യടിക്കുന്ന പ്രേക്ഷകർ. അവരുടെ ആക്ഷനുകൾ കണ്ട് രോമാഞ്ചം കൊള്ളുന്ന യുവതലമുറ. ഡാൻസിനൊപ്പം നൃത്തം ചെയ്യുന്ന ആരാധകർ. ഇവരിൽ എത്രപേർക്കറിയാം ആ സിനിമയ്ക്ക് പിന്നിലെ പെടാപ്പാടുകൾ.. ഓരോ സിനിമയ്ക്കു പിന്നിലും ഒരുപാട് നൊമ്പരങ്ങളുണ്ടായിരിക്കും. പ്രേക്ഷകർ അറിയാറില്ലെന്നു മാത്രം. നമ്മുടെ മുന്നിലുള്ളത് താരങ്ങളും അവരുടെ പ്രകടനങ്ങളും മാത്രമാണ്. സിനിമയ്ക്കു പിന്നിലെ ഇത്തരം അണിയറക്കഥകളാണ് ഈ വീഡിയോയിൽ.. ന്യൂഡൽഹി എന്ന സിനിമയെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ഇത്തരത്തിൽ മുമ്പ് ചെയ്ത വീഡിയോകളുടെ ലിങ്ക് ഇതോടൊപ്പം ചേർത്തിട്ടുണ്ട്. അതുകൂടി കാണാൻ ശ്രമിക്കുമല്ലോ??

വൈഡ് റിലീസ് ഇല്ലാതിരുന്ന കാലത്ത് എ, ബി, സി എന്നിങ്ങനെ മൂന്ന് ക്ലാസുകളിലായി തിയേറ്ററുകളെ തരം തിരിച്ചിരുന്നു. എ ക്ലാസ് തിയേറ്ററുകളിലാണ് റിലീസ് പടങ്ങൾ എത്തുന്നത്. നാട്ടിൻപുറങ്ങളിലെ സി ക്ലാസ് തിയേറ്ററുകളിലേക്ക് പടം എത്തുമ്പോഴേക്കും പലപ്പോഴും ഒരു വർഷമൊക്കെ കഴിഞ്ഞിരിക്കും.. ജനപ്രിയ ചിത്രങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും… ഞങ്ങളുടെ നാട്ടിലേക്ക് സിനിമ എന്നു വരും എന്ന് കാത്തുകാത്തിരുന്ന നാളുകൾ.. അങ്ങനെ കാത്തു കാത്തിരുന്ന് കണ്ട സിനിമയാണ് ന്യൂഡൽഹി… 1 കോടി ക്ലബിലേക്ക് മലയാള സിനിമയ്ക്ക് ഇടം നേടിക്കൊടുത്ത ജോഷി ചിത്രം… നായകൻ മമ്മൂട്ടി.. ജോഷിയുടെ മാത്രമല്ല, മമ്മൂട്ടിയുടെ കരിയറിലെയും സുപ്രധാന വിജയമായിരുന്നു ന്യൂഡൽഹി. മമ്മൂട്ടിയെ തകർച്ചയിൽ നിന്നും കര കയറ്റിയ സിനിമ. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മമ്മൂട്ടി എന്ന നടനെ മെഗാ സ്റ്റാറാക്കിയ സിനിമ.

മമ്മൂട്ടിയുടെ പടങ്ങൾ തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരുന്ന സമയമായിരുന്നു അത്. തിയേറ്ററുകളിൽ മമ്മൂട്ടിയുടെ മുഖം കണ്ടാൽ ആളുകൾ കൂവുമായിരുന്നു.  അദ്ദേഹത്തെ വച്ച് സിനിമകൾ ചെയ്യാൻ പ്രൊഡ്യൂസർമാർ മടിച്ചു.. അടുപ്പമുള്ളവർ പോലും പുറം തിരിഞ്ഞു നടക്കുന്ന കാഴ്ച. ഡെന്നീസ് ജോസഫിന്റെയും ജോഷിയുടെയും കൂട്ടുകെട്ടിൽ എത്തിയ സിനിമകളും തിയേറ്ററുകളിൽ തകർന്നടിഞ്ഞു. ജോഷിയുടെ തന്നെ 4 പടങ്ങളാണ് പൊട്ടിയത്. നമ്മുടെയൊക്കെ കാലം കഴിഞ്ഞോ എന്ന് അവർ തന്നെ ഭയന്നു തുടങ്ങിയിരുന്നു. മമ്മൂട്ടിയുടെ പരാജയം നിർമ്മാതാവ് ജോയിയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതുപോലെ തന്നെ ജോഷിയെയും. ഒരു സൂപ്പർഹിറ്റിലൂടെ മമ്മൂട്ടിയെ തിരിച്ചുകൊണ്ടുവരാൻ അവർ രണ്ടുപേരും ആഗ്രഹിച്ചു. മമ്മൂട്ടിയോട് അവർക്കുള്ള ഇഷ്ടമായിരുന്നു അതിനു കാരണം. അതിനായി പല കഥകളും ആലോചിച്ചു. ഉദയായുടെ ബാനറിൽ വടക്കൻ പാട്ടിന്റെ പശ്ചാത്തലത്തിൽ പയ്യംപള്ളി ചന്തു സിനിമയാക്കാം എന്നായിരുന്നു അവരുടെ ചിന്ത. ആ സമയത്താണ് പ്രിയദർശൻ മോഹൻലാലിനെ വെച്ച് വലിയൊരു വടക്കൻപാട്ട് സിനിമ ചെയ്യാൻ ആലോചിക്കുന്നത്. അതോടെ പയ്യംപള്ളി ചന്തു വേണ്ടെന്നുവച്ചു. ആ സമയത്താണ് ഡൽഹിയുടെ പശ്ചാത്തലത്തിലുള്ള ഒരു കഥയുമായി ഡെന്നീസ് ജോസഫ് വരുന്നത്. പ്രതികാരദാഹിയായ ഒരു പത്രപ്രവർത്തകന്റെ കഥ…

കാർട്ടൂണിസ്റ്റും ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുമായ ജി.കൃഷ്ണമൂർത്തി എന്ന ജികെ.. അദ്ദേഹത്തിന്റെ കാമുകിയാണ് നർത്തകിയായ മരിയ ഫെർണാണ്ടസ്. രാഷ്ട്രീയക്കാരായ സി.ആർ പണിക്കരും ശങ്കറും റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് ഹോട്ടലിൽ മരിയയുടെ ഒരു ഷോ ബുക്ക് ചെയ്യുന്നു. ആ ഹോട്ടൽ മുറിയിൽ വെച്ച് ഇരുവരും അവളെ മൃഗീയമായി പീഡിപ്പിക്കുന്നു. സംഭവം റിപ്പോർട്ട് ചെയ്യാൻ ജികെ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ചീഫ് എഡിറ്റർ അതിന് തയ്യാറായില്ല. മാത്രമല്ല അദ്ദേഹം ഈ വിവരം പണിക്കരെയും ശങ്കറിനെയും അറിയിച്ചു.. വ്യാജകുറ്റങ്ങൾ ചുമത്തി അവർ ജികെയെ അറസ്റ്റ് ചെയ്യിച്ചു.. തന്റെ മകളെ ആരും ഉപദ്രവിച്ചിട്ടില്ലെന്ന് മരിയയുടെ പിതാവിനെക്കൊണ്ടു തന്നെ കള്ള സാക്ഷി പറയിച്ചു. മാനസിക വൈകല്യമുള്ളവനാണ് ജികെ എന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ 1 വർഷത്തെ മനോരോഗ ചികിത്സയ്ക്കും 5 വർഷത്തെ തടവിനും വിധിച്ചു. സമാനതകളില്ലാത്ത പീഡനമാണ് ജികെയ്ക്ക് അനുഭവിക്കേണ്ടി വന്നത്. ഷോക്ക് ട്രീറ്റ്‌മെന്റ് നൽകുക, നടക്കാൻ വയ്യാത്ത വിധം കാല് തല്ലിയൊടിക്കുക ഇങ്ങനെ പോകുന്നു പീഡനങ്ങൾ.. ജയിലിൽവെച്ച് അനന്തൻ, സിദ്ദീഖ്, അപ്പു, സേലം വിഷ്ണു എന്നിവരുമായി പരിചയത്തിലാകുന്നു ജികെ. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ജികെയ്ക്കുവേണ്ടി ന്യൂഡൽഹി ഡയറി എന്ന പത്രവുമായി മരിയ കാത്തിരിക്കുകയായിരുന്നു. ജികെയുടെ സഹോദരി ഉമയും കാമുകൻ സുരേഷും അവിടുത്തെ ജീവനക്കാരായി. ഇവരൊക്കെ ഉണ്ടെങ്കിലും, സെൻസേഷണൽ വാർത്തകൾ നൽകാൻ വിശ്വനാഥ് എന്ന റിപ്പോർട്ടറെ നിയമിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ വാർത്ത കിട്ടിയതിനുശേഷം മാത്രം പത്രം ഇറക്കിയാൽ മതിയെന്നാണ് ജികെ നൽകുന്ന നിർദ്ദേശം. ജികെയ്ക്ക് ശിക്ഷ വിധിച്ച ജഡ്ജി കൊല്ലപ്പെടുന്നു.. ഈ വാർത്തയുമായി പിറ്റേ ദിവസം പത്രമിറങ്ങി. ന്യൂഡൽഹി ഡയറിയിൽ മാത്രമേ വാർത്ത വന്നുള്ളൂ. ഇതിനെത്തുടർന്ന് വലിയ സ്വീകരണമാണ് പത്രത്തിനു ലഭിച്ചത്. വിശ്വനാഥിന്റെ റിപ്പോർട്ടിൽ ഉമയ്ക്കും സുരേഷിനും സംശയമുണ്ട്. സി.ആർ പണിക്കരെ വൈദ്യുതാഘാതമേൽപ്പിച്ച്  കൊലപ്പെടുത്താനാണ് ജികെ നിർദ്ദേശിക്കുന്നത്. സുരേഷ് ഇതിനു സാക്ഷിയാകുന്നു. ഇത് സംബന്ധിച്ച ഫോട്ടോകളും അവന്റെ കൈവശമുണ്ട്. ജികെയുടെ നിർദ്ദേശപ്രകാരം സുരേഷും കൊല്ലപ്പെടുകയാണ്. ജികെയുടെ അവസാന ഇര കേന്ദ്രമന്ത്രി ശങ്കറായിരുന്നു. ഇതിനിടയിൽ ജികെയുടെ സംഘാംഗങ്ങളിൽ ഒരാളായ സിദ്ദീഖ് കൊല്ലപ്പെടുകയും അപ്പു പൊലീസ് പിടിയിലാവുകയും ചെയ്യുന്നുണ്ട്. ശങ്കറിനെ കൊല്ലാൻ അനന്തനും വിഷ്ണുവിനും നിർദ്ദേശം നൽകി ജികെ. പക്ഷേ കനത്ത സുരക്ഷയെ തുടർന്ന് ശങ്കറിനെ കൊല്ലാൻ അവർക്കു ക ഴിഞ്ഞില്ല. പൊലീസുമായുള്ള എാറ്റുമുട്ടലിൽ ഇരുവരും കൊല്ലപ്പെടുന്നു. ശങ്കറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ജികെയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തുന്നു. പൊലീസ് ചുറ്റുമുണ്ടെന്ന ധൈര്യത്തിൽ കേന്ദ്രമന്ത്രി ശങ്കറും അദ്ദേഹത്തെ തേടി പത്രമോഫീസിലെത്തുകയാണ്. ആ സമയത്ത് നാം കാണുന്നത് ശങ്കറിന്റെ മരണവാർത്തയുമായി പത്രം പ്രിന്റ് ചെയ്തു വരുന്നതാണ്. പ്രതികാരദാഹിയായ മരിയ ശങ്കറിനെ വെടിവെച്ചുകൊല്ലുന്നു.
ചിത്രത്തിൽ ജികെ എന്ന പത്രപ്രവർത്തകനായി വേഷമിട്ടത് മമ്മൂട്ടിയാണ്. സി.ആർ പണിക്കർ, ശങ്കർ എന്നീ വില്ലൻമാരായി ജഗന്നാഥ പണിക്കരും ദേവനും തകർത്താടി. ജികെയുടെ സംഘാംഗങ്ങൾ ത്യാഗരാജൻ, വിജയരാഘവൻ, സിദ്ദീഖ്, മോഹൻ ജോസ് എന്നിവരായിരുന്നു. മരിയയുടെ വേഷം ഗംഭീരമാക്കി സുമലത. ഉർവശിയും സുരേഷ് ഗോപിയും പത്രപ്രവർത്തകരായ ഉമയും സുരേഷുമായെത്തി.

കാൽ നഷ്ടപ്പെട്ട കൃഷ്ണമൂർത്തിയെ അവതരിപ്പിക്കാനായി മമ്മൂട്ടി വളരെ കഷ്ടപ്പെട്ടു.  ഒരുപാട് വേദനകൾ സഹിച്ചാണ് അദ്ദേഹം കൃഷ്ണമൂർത്തിയെ അവതരിപ്പിച്ചത്. പകൽ മുഴുവൻ ഒടിഞ്ഞ കാലിന് പിന്തുണ നൽകുന്ന ഉപകരണം വെച്ച് നടക്കുന്നതുകൊണ്ട് രാത്രിയിൽ മമ്മൂട്ടിയുടെ കാൽ കുഴമ്പിട്ട് തിരുമ്മേണ്ടി വന്നു. നിർമ്മാതാവ് ജോയ് തോമസ് തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

1987ൽ ന്യൂഡൽഹി റിലീസ് ചെയ്യുന്ന സമയത്ത് നായർസാബിന്റെ ഷൂട്ടിംഗിനുവേണ്ടി കാശ്മീരിലായിരുന്നു ജോഷിയും ടീമും. ഫോണിൽ പോലും ബന്ധപ്പെടാൻ ബുദ്ധിമുട്ടുള്ള കാലം. പ്രേക്ഷകർ ചിത്രം എങ്ങനെ സ്വീകരിച്ചു എന്നോർത്ത് ടെൻഷനടിച്ചു നിൽക്കുകയാണ് ജോഷിയും മറ്റും. 4 മണിയായതോടെ നായർസാബിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചു. കൃത്യം 7 മണിക്ക് നിർമ്മാതാവായ ജോയ് തോമസിന്റെ ഫോൺ വരുന്നു. മാറ്റിനി കഴിഞ്ഞ ഉടനെ അദ്ദേഹം ട്രങ്ക് കാൾ ബുക്ക് ചെയ്തതാണ്.. ഫോൺ എടുത്തത് ജോഷി.. സന്തോഷമടക്കാനാവാതെ ജോയ് തോമസ് പറഞ്ഞു ”പടം സൂപ്പർഹിറ്റ്.”  സമാധാനമായി ജോഷിക്ക്.. വിവരമറിഞ്ഞ മമ്മൂട്ടിയാകട്ടെ ജോഷിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. തിയേറ്റർ ഇളക്കി മറിച്ചു കാണികൾ.. ആദ്യഷോയിൽ തുടങ്ങിയ ആരവം ഒടുങ്ങാൻ 100 ദിവസം വേണ്ടി വന്നു.. മലയാളത്തിൽ ഒരു കോടിയിലധികം കളക്ഷൻ നേടിയ ആദ്യ മലയാളചിത്രവുമായി ന്യൂഡൽഹി.

വൻ വജയം നേടിയതിനു പിന്നാലെ തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. മൂന്ന് ഭാഷകളിലും ചിത്രം സംവിധാനം ചെയ്തത് ജോഷി തന്നെയായിരുന്നു. തെലുങ്കിൽ കൃഷ്ണരാജുവും ഹിന്ദിയിൽ ജിതേന്ദ്രയും കന്നഡയിൽ അംബരീഷുമാണ് നായക കഥാപാത്രമായ ജി.കെ.യെ അവതരിപ്പിച്ചത്. അന്തിമ തീർപ്പ് എന്നായിരുന്നു തെലുങ്കിൽ ചിത്രത്തിന്റെ പേര്. ഹിന്ദി, കന്നഡ ഭാഷകളിൽ ന്യൂഡൽഹി എന്ന പേരിൽ തന്നെയാണ് ചിത്രമിറങ്ങിയത്. ഉർവശി, സുമലത, ത്യാഗരാജൻ എന്നിവർ ഈ മൂന്നു ഭാഷകളിലും തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പ്രധാന വില്ലനായ സി.ആർ പണിക്കരായി ജോഷി കണ്ടത് ടിജി രവിയെ ആയിരുന്നു. ഇനി വില്ലൻ വേഷങ്ങൾ ചെയ്യില്ലെന്ന് ശപഥമെടുത്ത് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ടിജി രവി അന്ന്. അങ്ങനെ ആ വേഷം ജഗന്നാഥ വർമ്മയിലെത്തി. സേലം വിഷ്ണുവായി പരിഗണിച്ചത് തമിഴ് നടൻ സത്യരാജിനെയായിരുന്നു. തമിഴിലെ തിരക്ക് കാരണം അദ്ദേഹത്തിനെത്താൻ പറ്റിയില്ല. പകരം ത്യാഗരാജനാണ് ആ വേഷം ചെയ്തത്. ത്യാഗരാജൻ പിന്നീട് സേലം വിഷ്ണു എന്ന തമിഴ് സിനിമയുടെ നിർമ്മാതാവും സംവിധായകനുമായി. അതിൽ അദ്ദേഹത്തിന്റെ പ്രീക്വൽ കഥ പ്രദർശിപ്പിക്കുകയും ചെയ്തു. വൻഹിറ്റായിരുന്നു ചിത്രം.. തമ്പി കണ്ണന്താനത്തിന്റെ ശുപാർശയിലാണ് സിദ്ദീഖ് എത്തിയത്. ജോഷിയുടെ ക്ലാസ്‌മേറ്റ് ആയതുകൊണ്ട് വിജയരാഘവനും ചിത്രത്തിന്റെ ഭാഗമായി. 1987ലെ റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച ചിത്രീകരണം, ജോഷി എന്ന പ്രതിഭാധനൻ വെറും 22 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. പൂർണ്ണമായും ഡൽഹിയിൽ വെച്ചായിരുന്നു ഷൂട്ടിംഗ്.

അന്നത്തെ കാലത്ത് കേരളത്തിനു പുറത്ത് മലയാള സിനിമ അധികം ഓടുമായിരുന്നില്ല. രതിനിർവേദം ഇറങ്ങിയതോടെ ലൈംഗികതയൊക്കെ ഉണ്ടെങ്കിലേ ചിത്രം ഓടൂ എന്ന സ്ഥിതിയായി. അതിനൊരു മാറ്റം വരണമെന്ന് ആഗ്രഹിച്ച കാലത്താണ് ന്യൂഡൽഹി സംഭവിക്കുന്നത്. ഡൽഹിയിലെ മലയാള അസോസിയേഷൻ ജൂബിലിയുടെ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനത്തിനാണ് നിർമ്മാതാവ് ജോയ് തോമസ് ആദ്യമായി ഡൽഹിയിൽ എത്തുന്നത്. ഡൽഹി കണ്ടപ്പോൾ അവിടെവെച്ച് ഒരു സിനിമ ചെയ്യണമെന്ന് അദ്ദേഹത്തിന് മോഹം. ഡൽഹി പശ്ചാത്തലമായ സിനിമകൾ അക്കാലത്ത് മലയാളത്തിലുണ്ടായിരുന്നില്ല. ആ സമയത്താണ് ന്യൂഡൽഹിയുടെ കഥയുമായി ഡെന്നീസ് ജോസഫ് വരുന്നത്. ഇരുകയ്യും നീട്ടി സ്വീകരിച്ചു ജോയ് തോമസ്.

മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ ന്യൂഡൽഹിയുടെ കഥാതന്തു ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും രൂപം കൊണ്ടതാണ്. പത്രം നടത്തി പൊളിഞ്ഞുപോയ ഒരു ടാബ്ലോയ്ഡ് പത്രക്കാരൻ അമേരിക്കൻ പ്രസിഡന്റിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുക്കുന്നു. അയാൾക്കായി മാത്രം ഒരു വാർത്ത സൃഷ്ടിക്കാൻ വേണ്ടിയുള്ള ഭ്രാന്തമായ ചിന്തയായിരുന്നു അതിനു പിന്നിൽ. പ്രസിഡന്റിന്റെ മരണം സംഭവിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് മരണവാർത്തയുമായി അതിന് തലേദിവസം തന്നെ അയാൾ പത്രം പ്രിന്റ് ചെയതു. 2 മണിക്കാണ് വെടിവെപ്പ് പ്ലാൻ ചെയ്തിരുന്നത്. കൃത്യം രണ്ടര മണിക്ക് അയാൾ പത്രമിറക്കി. പക്ഷേ പ്ലാൻ ചെയ്തതുപോലെ വെടിവെപ്പ് നടന്നിരുന്നില്ല. ക്വട്ടേഷൻ ശ്രമം പരാജയപ്പെട്ടു. പൊലീസ് അയാളെയും സംഘത്തെയും അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പല നോവലുകളും ഉണ്ടായിട്ടുണ്ട്. ഇർവിങ് വാലസിന്റെ ദ ഓൾമൈറ്റി പോലുള്ള നോവലുകളിലെ കഥാതന്തുവും ഇതുതന്നെയായിരുന്നു. ഈ സംഭവത്തിൽ നിന്നാണ് ന്യൂഡൽഹി എന്ന എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ പിറക്കുന്നത്. സ്വന്തം പത്രത്തിന്റെ പ്രചാരണത്തിനായി വാർത്തകൾ സൃഷ്ടിക്കുന്ന ഒരു ക്രിമിനൽ ജീനിയസിന്റെ കഥ. പക്ഷേ മലയാളി പ്രേക്ഷകർ ആ കഥ അതുപോലെ സ്വീകരിക്കണമെന്നില്ല. അവർക്കൊരു കാരണവും കൂടി വേണം. അങ്ങനെയാണ് തന്നെ നശിപ്പിച്ചവരോട് പ്രതികാരം ചെയ്യാൻ ജി.കെ എന്ന നായകൻ തീരുമാനിക്കുന്നത്. ഇത്തരമൊരു കഥ കേരളത്തിൽ നടന്നു എന്നു പറഞ്ഞാൽ ആസുകൾ വിശ്വസിക്കില്ല എന്നു തോന്നി കഥാകൃത്തിന്.. കഥയുടെ പശ്ചാത്തലം ഡൽഹിയിലേക്ക് മാറ്റി അദ്ദേഹം.. ഇന്ദിരാഗാന്ധിവധം കഴിഞ്ഞ് അധികവർഷമായിട്ടില്ല. അതുകൊണ്ടു തന്നെ ഡൽഹിയിൽ ഇതൊക്കെ സംഭവിക്കും എന്ന കാഴ്ചപ്പാട് പ്രേക്ഷകർക്കുണ്ടായിരുന്നു. എാതായാലും സിനിമയിറങ്ങി… പിന്നെയെല്ലാം ചരിത്രം.. ഹർഷാരവത്തോടെ ജനങ്ങൾ ചിത്രത്തെ സ്വീകരിച്ചു. കേരളത്തിൽ ഒതുങ്ങി നിന്നിരുന്ന മലയാള സിനിമയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തി ന്യൂഡൽഹി. സിനിമ റിലീസ് ചെയ്യുന്ന കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്തവർ ഇന്നും സിനിമ കണ്ട് കയ്യടിക്കുന്നു. അത്രമാത്രം ജനപ്രീതി നേടാൻ ന്യൂഡൽഹിക്കും ജി.കെയ്ക്കും കഴിഞ്ഞു..

ന്യൂഡൽഹിയുമായി മുന്നോട്ടു പോകുമ്പോൾ പല വിമർശനങ്ങളും എാറ്റു വാങ്ങേണ്ടിവന്നിട്ടുണ്ട് അണിയറ പ്രവർത്തകർക്ക്. ഇത് സിനിമയാക്കിയാൽ ഓടില്ല എന്ന് പലരും പറഞ്ഞു. അടികൊള്ളുന്നവനാണ് നായകൻ. തിരിച്ചുകൊടുക്കുന്നില്ല. ഒരു പാട്ടോ കോമഡിയോ ഇല്ല. ഇതൊന്നുമില്ലാതെ സിനിമ എങ്ങനെ വിജയിക്കും? 8 നിർമ്മാതാക്കളാണ് കഥ കേട്ട് പിൻമാറിയത്. ഒടുവിലാണ് ജോയ് തോമസ് വരുന്നത്. മമ്മൂട്ടിയുടെ സിനിമയ്‌ക്കെല്ലാം പ്രേക്ഷകർ റീത്ത് വെയ്ക്കുന്ന കാലത്ത് മോഹൻലാലിനെ നായകനാക്കാം എന്ന് ചില നിർമ്മാതാക്കൾ പറയുകപോലുമുണ്ടായി. എന്നാൽ സിനിമയുടെ പ്രിവ്യൂ കണ്ട് ഒരാൾ മാത്രം പറഞ്ഞു സിനിമ വൻവിജയമാകുമെന്ന്. മറ്റാരുമല്ല, സാക്ഷാൽ പ്രിയദർശൻ. 100 ദിവസമാണ് ചിത്രം തിയേറ്ററുകളിൽ തകർത്തോടിയത്. അന്നേവരെ സൃഷ്ടിക്കപ്പെട്ട പല റെക്കോർഡുകളും തകർന്നുവീണു. ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. രജനീകാന്തു വരെ ഒരു മലയാള പടത്തിന്റെ ഹിന്ദി പതിപ്പിന് കോപ്പിറൈറ്റ് ചോദിച്ച് ചെന്നിട്ടുണ്ടെങ്കിൽ, ആ കാലത്ത് സൗത്ത് ഇന്ത്യയിൽ ഈ ചിത്രം ഉണ്ടാക്കിയ ഓളം എത്രമാത്രമാണെന്ന് ഊഹിക്കാമല്ലോ…

Related posts:

Leave a Reply

Your email address will not be published.