ശ്രീലങ്കയില്‍ കൂളായി മമ്മൂക്ക

1 min read

മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയാണ്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സിനുവേണ്ടി നിര്‍മ്മിക്കുന്ന ആന്തോളജിക്കുവേണ്ടിയുള്ള ചിത്രമാണിത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ആണ്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം ശ്രീലങ്കയിലെ ചിത്രീകരണാനുഭവത്തെക്കുറിച്ചുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് ഛായാഗ്രാഹകനായ സുജിത്ത് വാസുദേവ്.

എന്നെ സംബന്ധിച്ച് ശ്രീലങ്കയില്‍ സംഭവബഹുലമായ ഒരു ദിവസമായിരുന്നു അത്. കടുഗണ്ണാവ ദിനങ്ങള്‍. ജോലി സംബന്ധമായ ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും വളരെ കൂള്‍ ആയിരുന്നു മമ്മൂക്ക. മമ്മൂക്ക, ശങ്കര്‍ രാമകൃഷ്ണന്‍, കലാസംവിധായകന്‍ പ്രശാന്ത് മാധവ് ഇവര്‍ക്കെല്ലാം ഒപ്പമുള്ള അനുഭവം ഗംഭീരമായിരുന്നു, ചിത്രങ്ങള്‍ക്കൊപ്പം സുജിത്ത് വാസുദേവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ശ്രീലങ്കയില്‍ മമ്മൂട്ടിയുടെ ആതിഥേയനായപ്പോഴത്തെ ചിത്രം മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയും നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മലയാളത്തിലെ മുതിര്‍ന്ന നടന്‍ മമ്മൂട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. സര്‍, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍താരമാണ്. ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി. എല്ലാ ഇന്ത്യന്‍ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദര്‍ശിക്കാനായി ഞാന്‍ ക്ഷണിക്കുന്നു’, ജയസൂര്യ ട്വിറ്ററില്‍ കുറിച്ചിരുന്നു.

എംടിയുടെ ‘കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ എന്ന കഥയിലാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണ് ഇത്. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മയാണ് ‘കടുഗണ്ണാവ’. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് അത്. പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാള്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ്. ഈ കഥാപാത്രത്തെയാവും മമ്മൂട്ടി അവതരിപ്പിക്കുന്നത്. എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‌കാരമായ ആന്തോളജിയില്‍ മറ്റ് പ്രമുഖ സംവിധായകരും അണിനിരക്കുന്നുണ്ട്. പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവര്‍ക്കൊപ്പം എംടിയുടെ മകള്‍ അശ്വതിയും ഒരു ചിത്രം ഒരുക്കുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.