300 ദിവസം തിയേറ്ററില്‍ ഓടിയ മലയാള സിനിമകള്‍
1 min read1980-90കള്‍ മലയാളസിനിമയുടെ സുവര്‍ണകാലമായിരുന്നു. ചിത്രത്തിന്റെ വിജയപരാജയങ്ങള്‍ തീരുമാനിച്ചിരുന്നത് എത്ര ദിവസം തിയേറ്ററുകളില്‍ ഓടി എന്നതും. അക്കാലത്ത് ഇറങ്ങിയ പല ചിത്രങ്ങളും 200ഉം 300ഉം ദിവസങ്ങളൊക്കെ തുടര്‍ച്ചയായി തിയേറ്ററുകളില്‍ നിറഞ്ഞോടിയിരുന്നു. ഒടിടിയില്‍ സിനിമകള്‍ ഇറങ്ങുന്ന ഇക്കാലത്ത് ബോക്സ് ഓഫീസ് കണക്കുകളെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. 300 ദിവസത്തിലധികം തിയേറ്ററുകളില്‍ ഓടിയ മലയാള ചിത്രങ്ങളെക്കുറിച്ചാണ് ഈ വീഡിയോ.
ചിത്രം
1988ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാതാവ് പി.കെ.ആര്‍.പിള്ളയായിരുന്നു. 365 ദിവസമാണ് സിനിമ തിയേറ്ററുകളില്‍ ഓടിയത്. എാറ്റവും കൂടുതല്‍ ദിവസം ഓടിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ റെക്കോര്‍ഡാണ് ഇവിടെ തകര്‍ന്നു വീണത്. മോഹന്‍ലാലും രഞ്ജിനിയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍.. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രം ഒടുവില്‍ അവന്റെ കണ്ണുകളെ ഈറനണിയിച്ചു.. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുളിലൊന്നായ ചിത്രം 6 കോടിയിലേറെയാണ് ഗ്രോസ് കളക്ഷനായി തിയേറ്ററുകളില്‍ നിന്നും നേടിയത്. ഈ കളക്ഷനും അക്കാലത്തെ റെക്കോര്‍ഡായിരുന്നു.
ഒരു വടക്കന്‍ വീരഗാഥ
വടക്കന്‍പാട്ടിനെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ഒരു വടക്കന്‍ വീരഗാഥ. എം.ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം 1989ലാണ് റിലീസ് ചെയ്തത്. വടക്കന്‍ വീരഗാഥയിലെ ചന്തു എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മുതല്‍ക്കൂട്ടാണെന്നും പറയാം. വടക്കന്‍ പാട്ടുകളില്‍ ചതിയനായി മാത്രം കണ്ടിരുന്ന ചന്തുവിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി എം.ടിയും മമ്മൂട്ടിയും. 4 ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയത്. മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ജേതാവുമായി. 300 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം 6 കോടിയിലധികം കളക്ഷന്‍ കൊയ്തു. ചിത്രത്തിന്റെ നിര്‍മ്മാണ ചെലവാകട്ടെ 97 ലക്ഷം രൂപയും.
ഗോഡ്ഫാദര്‍
എാറ്റവും കൂടുതല്‍ കാലം തിയേറ്ററുകളില്‍ ഓടിയ മലയാള സിനിമയെന്ന ചരിത്രനേട്ടം ഗോഡ്ഫാദറിന് അവകാശപ്പെട്ടതാണ്. 405 ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടിയത്. സിദ്ദീഖ്-ലാലിന്റെ കൂട്ടുകെട്ടിലൊരുങ്ങിയ എാറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഗോഡ്ഫാദര്‍. 1991ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടി. 1991ല്‍ എാറ്റവും കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു ഗോഡ്ഫാദര്‍. രണ്ട് കുടുംബങ്ങളുടെ കുടിപ്പകയുടെ കഥ പറഞ്ഞ ചിത്രത്തില്‍ മുകേഷും കനകയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. പക്ഷേ ചിത്രത്തില്‍ കൂടുതല്‍ ശ്രദ്ധ നേടിയത് എന്‍.എന്‍.പിള്ളയുടെ അഞ്ഞൂറാനും ഫിലോമിനയുടെ ആനപ്പാറ അച്ചാമ്മയുമായിരുന്നു. തിലകന്‍, ഇന്നസെന്റ്, ഭീമന്‍ രഘു, സിദ്ദീഖ്, ഹരിശ്രീ അശോകന്‍, ജഗദീഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ഗോഡ്ഫാദറിന്റെ വിജയത്തെ തുടര്‍ന്ന് പ്രിയദര്‍ശന്‍ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.
കിലുക്കം
വേണു നാഗവള്ളിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിലുക്കം 365 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു.. മലയാളത്തിലെ എാറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന കിലുക്കം.. മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രേവതിയുടെ നന്ദിനി തമ്പുരാട്ടിയും ജഗതിയുടെ നിശ്ചല്‍ എന്ന ഫോട്ടോഗ്രാഫറും ഇന്നസെന്റിന്റെ കിട്ടുണ്ണിയും നമ്മെ ചിരിപ്പിച്ചത് കുറച്ചൊന്നുമല്ല. ജഗതി ശ്രീകുമാറിന് 1991ലെ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്‌കാരവും നേടിക്കൊടുത്തു കിലുക്കം. ശരത് സക്സേന, ഇന്നസെന്റ്, തിലകന്‍, മുരളി, തിക്കുറിശ്ശി, ഗണേഷ്, ജഗദീഷ് തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ടായിരുന്നു.
മണിച്ചിത്രത്താഴ്
മികച്ചൊരു സൈക്കോളജിക്കല്‍ ത്രില്ലറാണ് ഫാസിലിന്റെ സംവിധാനത്തില്‍ വിരിഞ്ഞ മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, ശോഭന, സുരേഷ്ഗോപി എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.. മലയാളത്തിലെ എാറ്റവും വലിയ ഈ ക്ലാസിക് ചിത്രം 365 ദിവസമാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. സാധ്യമായ എല്ലാ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. രണ്ട് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയത്. 1993ലെ മികച്ച ജനപ്രിയചിത്രവും മികച്ച നടിയും.. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ആദ്യമായി ശോഭനയെ തേടിയെത്തിയത് മണിച്ചിത്രത്താഴിലൂടെയാണ്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു.
ഹിറ്റ്ലര്‍
പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ് സിദ്ദീഖ് സംവിധാനം ചെയ്ത ഹിറ്റ്ലര്‍.. 1996ല്‍ റിലീസ് ചെയ്ത ചിത്രം 300 ദിവസത്തിലധികം ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടര്‍ന്നു. 8 കോടിയിലധികമാണ് ചിത്രം തിയേറ്ററുകളില്‍ നിന്ന് നേടിയത്. തന്റെ 5 സഹോദരിമാരുടെ സംരക്ഷകനായ മാധവന്‍കുട്ടിയാണ് ചിത്രത്തിലെ കേന്ദ്രബിന്ദു. കര്‍ക്കശ സ്വാഭാവക്കാരനായ മാധവന്‍കുട്ടി, യുവാക്കള്‍ക്കിടയില്‍ ഹിറ്റ്ലര്‍ എന്ന ഇരട്ടപ്പേരിലാണ് അറിയപ്പെടുന്നത്. ഹിറ്റ്ലര്‍ മാധവന്‍കുട്ടിയായി തകര്‍ത്തഭിനയിച്ചു മമ്മൂട്ടി. മുകേഷ്, ശോഭന, ജഗദീഷ്, സായ്കുമാര്‍, വാണി വിശ്വനാഥ് തുടങ്ങിയ താരങ്ങളും തങ്ങളുടെ പ്രകടനം കൊണ്ട് ഗംഭീരമാക്കി ചിത്രത്തെ.