പേരു മാറ്റിയ മലയാള സിനിമകൾ

1 min read

വിവാദങ്ങളെ തുടർന്നാണ് ചിത്രത്തിന്റെ പേര് മാറ്റിയത്

വിവാദങ്ങളെ തുടർന്ന് പേരു മാറ്റിയ രണ്ടു മലയാള ചിത്രങ്ങളെക്കുറിച്ചു പറയാം. ആദ്യത്തേത് പൊൻമുട്ടയിടുന്ന താറാവാണ്. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് പൊൻമുട്ടയിടുന്ന താറാവ് . ശ്രീനിവാസൻ , ജയറാം, ഇന്നസെന്റ്, ഉർവശി, കെ.പി.എ.സി.ലളിത തുടങ്ങിയ താരങ്ങൾ അഭിനയിച്ച സിനിമ റിലീസ് ചെയ്തത് 1988 ലാണ്. തട്ടാൻ ഭാസ്കരനും സ്നേഹ ലതയും തമ്മിലുള്ള പ്രണയവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പൊൻമുട്ടയിടുന്ന തട്ടാൻ എന്നാണ് ചിത്രത്തിന് ആദ്യം നൽകിയ പേര്. പിന്നീടാണ് പൊൻമുട്ടയിടുന്ന താറാവ് എന്നാക്കി മാറ്റിയത്. തട്ടാൻ സമുദായത്തിന്റെ പ്രതിഷേധത്തെ തുടർന്നായിരുന്നു പേരു മാറ്റം. തട്ടാൻ ഭാസ്കരൻ കാമുകിക്ക് 5 പവന്റെ സ്വർണ മാല പണി തു നൽകുന്നു. എന്നാൽ ഗൾഫുകാരന്റെ ആലോചന വന്നതോടെ സ്നേഹലത കാലുമാറി. ഭർത്താവ് മാല പണയം വയ്ക്കാൻ ശ്രമിച്ചതോടെയാണ് അത് ചെമ്പായിരുന്നു എന്ന് തിരിച്ചറിയുന്നത്. ഭാസ്കരൻ സമ്മാനമായി നൽകിയ മാലയാണ് അത് എന്ന് സ്നേഹലതയുടെ ഭർത്താവും നാട്ടുകാരും അറിഞ്ഞു. സിനിമയുടെ പ്രമേയവും പൊൻമുട്ടയിടുന്ന തട്ടാൻ എന്ന പേരും തങ്ങളുടെ സമുദായത്തെ അവഹേളിക്കുന്നതാണ് എന്ന പരാതിയുമായി തട്ടാൻ സമുദായം രംഗത്തു വന്നു. അതോടെ സിനിമയുടെ പേര് മാറ്റി പ്രശ്നത്തിൽ നിന്നും തടി തപ്പി അണിയറ പ്രവർത്തകർ. അങ്ങനെ പൊൻമുട്ടയിടുന്ന തട്ടാൻ പൊൻമുട്ടയിടുന്ന താറാവായി.

വിവാദത്തെ തുടർന്ന് പേരു മാറ്റിയ മറ്റൊരു സിനിമയാണ് രാക്ഷസ രാജാവ്. മമ്മൂട്ടിയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത സിനിമ 2001 ലാണ് റിലീസ് ചെയ്തത്.. ചിത്രത്തിൽ രാമനാഥൻ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി വേഷമിട്ടത്. കൈക്കൂലിക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ. ചിത്രത്തിന് രാക്ഷസ രാമൻ എന്നായിരുന്നു പേരിട്ടിരുന്നത്. പുറമേ രാക്ഷസനെപ്പോലെ തോന്നുമെങ്കിലും, അടുത്തറിയുമ്പോൾ ശ്രീരാമനെപ്പോലെ നൻമയുള്ളവനാണ് നായകൻ. അതുകൊണ്ടാണ് ചിത്രത്തിന് രാക്ഷസ രാമൻ എന്ന് പേരിട്ടത്.. പക്ഷേ ചിത്രത്തിന്റെ പേര് ശ്രീരാമനെ അവഹേളിക്കുന്നതാണ് , അത് ശ്രീരാമഭക്തർക്ക് വിഷമമുണ്ടാക്കുന്നു തുടങ്ങിയ പരാതികൾ ഉയർന്നു. 

ഇതിനെ തുടർന്നാണ് വിനയൻ ചിത്രത്തിന്റെ പേര് രാക്ഷസ രാജാവ് എന്നു മാറ്റിയത്. ഒരു വിഭാഗത്തിന്റെ ആരാധനാ മൂർത്തിയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ല. നായകന്റെ നൻമ വെളിപ്പെടുത്തുക മാത്രമേ ആ പേര് കൊണ്ട് ഉദ്ദേശിച്ചിരുന്നുള്ളൂ എന്നാണ് തിരക്കഥാകൃത്തും സംവിധായകനുമായ വിനയൻ വ്യക്തമാക്കിയത്.

Related posts:

Leave a Reply

Your email address will not be published.