ചരിത്രം പറഞ്ഞ മലയാള സിനിമകള്‍
1 min readമലയാള വെള്ളിത്തിരയില്‍ ചരിത്രം പറഞ്ഞ സിനിമകള്‍ ഒട്ടനവധിയാണ്. താരമൂല്യത്തേക്കാളുപരി ചരിത്ര സിനിമ എന്ന ഫാക്ടര്‍ മാത്രം പരിഗണിച്ച് എത്ര സിനിമാസ്വാദകര്‍ ഇത്തരം സിനിമകള്‍ കാണുന്നുണ്ട്. സംവിധായകര്‍ ചരിത്ര സിനിമകള്‍ ഒരുക്കുമ്പോള്‍ ആദ്യം പരിഗണിക്കുന്നത് തന്നെ താരമൂല്യമുള്ള അഭിനേതാക്കളെ ആണ്. ഇന്നോളം പ്രേക്ഷകരിലേക്കെത്തിയ ചരിത്രം പറഞ്ഞ മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം…..
പഴശ്ശിരാജ
മലബാറിലെ ഇതിഹാസ രാജാവായ കേരള വര്‍മ്മ പഴശ്ശിരാജയുടെ ജീവിതകഥയെ ആസ്പദമാക്കി 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പഴശ്ശിരാജ. ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമില്‍ മമ്മൂട്ടിയാണ് പഴശ്ശിരാജ എന്ന കേന്ദ്ര കഥാപാത്രമായി എത്തിയത്. ശരത് കുമാര്‍, മനോജ് കെ.ജയന്‍, പത്മപ്രിയ, കനിഹ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തങ്ങളുടെ രാജ്യം രക്ഷിക്കാന്‍ ശക്തരായ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഒരു രാജാവും അനുയായികളും നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ഈ സിനിമ പറഞ്ഞത്. ചിത്രം ബോക്‌സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു. മലയാളത്തിലെ മികച്ച ഫീച്ചര്‍ ഫിലിം , മികച്ച പശ്ചാത്തല സംഗീതം , മികച്ച ഓഡിയോഗ്രഫി, എന്നിവയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ഈ ചിത്രം നേടി . എട്ട് കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡുകളും ഏഴ് ഫിലിം ഫെയര്‍ അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും സിനിമയ്ക്കു ലഭിച്ചു. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്.
ഉറുമി
പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമയാണ് ഉറുമി. ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്റെ ആവിര്‍ഭാവവും അവരെ എതിര്‍ക്കാനുള്ള ചില നാട്ടുകാരുടെ പോരാട്ടവുമാണ് ഈ സിനിമ ആവിഷ്‌കരിത്തിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം പ്രഭുദേവ, ആര്യ, ജെനീലിയ ഡിസൂസ, വിദ്യാ ബാലന്‍, നിത്യ മേനോന്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരന്ന സിനിമയാണ് ഉറുമി. സന്തോഷ് ശിവന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയായിരുന്നു സിനിമയുടെ വലിയ ആകര്‍ഷണങ്ങളിലൊന്ന്. ദീപക് ദേവിന്റെ മികച്ച പശ്ചാത്തല സംഗീതവും സിനിമയുടെ വലിയ സവിശേഷതയായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ സിനിമ ആ വര്‍ഷത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു.
വീരപുത്രന്‍
സ്വാതന്ത്ര്യ സമര സേനാനിയായ മുഹമ്മദ് അബ്ദുര്‍ റഹിമാന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയിട്ടുള്ള ഐതിഹാസിക ചിത്രമാണ് വീരപുത്രന്‍. മലബാറില്‍ നിന്നുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പല സന്ദര്‍ഭങ്ങളും ഈ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തില്‍ അബ്ദുര്‍ റഹിമാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നരേനാണ്, ഭാര്യയായി എത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ നടി റൈമ സെന്നാണ്. ചിത്രം നിരവധി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു, എന്നാല്‍ സിനിമയ്ക്ക് ഒരുപാട് നല്ല നിരൂപണങ്ങളും പ്രശംസയും ലഭിച്ചിരുന്നു. തിയേറ്ററുകളില്‍ ഈ സിനിമ വലിയ ലാഭം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും സ്വാതന്ത്ര്യ സമര സേനാനിയായ മുഹമ്മദ് അബ്ദുര്‍ റഹിമാന്റെ ജീവിതകഥയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയ അവതരണമായിരുന്നുവെന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടിരുന്നു.
യുഗപുരുഷന്‍
കേരളത്തില്‍ ഏറെ പിന്തുടര്‍ച്ചക്കാരുള്ള സാമൂഹിക പരിഷ്‌കര്‍ത്താവായ ശ്രീനാരായണ ഗുരുവിന്റെ ജീവിതകഥ പറഞ്ഞ ചിത്രമാണിത്. ആര്‍. സുകുമാരനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. തലൈവാസല്‍ വിജയ് ആണ് കേന്ദ്രകഥാപാത്രമായ ശ്രീനാരായണ ഗുരുവായി ഈ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ മുന്‍നിരതാരങ്ങളായ മമ്മൂട്ടി, കലാഭവന്‍ മണി, നവ്യ നായര്‍ തുടങ്ങിയ നിരവധി പ്രതിഭകളും ഈ സിനിമയില്‍ അണിനിരന്നിരുന്നു. ഈ സിനിമയിലൂടെ ഗുരുവിന്റെ ഉപദേശങ്ങളും പ്രബോധനങ്ങളും പ്രചരിപ്പിക്കാന്‍ കൂടിയാണ് ശ്രമിച്ചത്. കേരളത്തിലെ ഉയര്‍ന്ന ജാതീയവും പുരുഷാധിപത്യപരവുമായ സമൂഹത്തോടുള്ള ശക്തമായ വെറുപ്പും ഈ സിനിമയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രം തീയേറ്ററുകളില്‍ അമ്പേ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
സെല്ലുലോയ്ഡ്
മലയാള സിനിമയുടെ ചരിത്രം പറഞ്ഞ സിനിമയാണ് സെല്ലുലോയിഡ്. 1930 കളിലെ മലയാളസിനിമയുടെ വേരുകള്‍ സെല്ലുലോയിഡ് എന്ന സിനിമയിലൂടെ കമല്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയേലിന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. പൃഥ്വിരാജും മംമ്ത മോഹന്‍ദാസുമാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2012ല്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് ഈ സിനിമയ്ക്കായിരുന്നു. നിരവധി വിവാദങ്ങള്‍ക്കിടയിലും സെല്ലുലോയിഡ് ബോക്‌സ് ഓഫീസില്‍ ഹിറ്റായി മാറി. ഏകദേശം നാല് കോടിയോളം രൂപ സെല്ലുലോയിഡിലൂടെ നിര്‍മ്മാതാക്കള്‍ ലാഭം കൊയ്തു.
ഒരു വടക്കന്‍ വീരഗാഥാ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഐതിഹാസിക കഥകളിലൊന്നായി കണക്കാക്കപ്പെടുന്ന സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടി, സുരേഷ് ഗോപി, മാധവി എന്നിവരാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 1989ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിരവധി വീരകഥകളിലൂടെയാണ് ചന്തുവിന്റെയും ആരോമല്‍ ചേകവരുടെയും കഥ കേരളത്തില്‍ പ്രചാരം നേടിയത്. എതിരാളിയുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടായിരുന്നു ഒരു വടക്കന്‍ വീരഗാഥ ഈ കഥ അവതരിപ്പിച്ചത്. ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഈ ചിത്രം നാല് ദേശീയ അവാര്‍ഡുകളും ആറ് സംസ്ഥാന അവാര്‍ഡുകളും കരസ്ഥമാക്കിയിരുന്നു. 97 ലക്ഷം രൂപ മുതല്‍ മുടക്കിലൊരുക്കിയ സിനിമ 6.8 കോടി രൂപ തീയേറ്റര്‍ കളക്ഷനായി സ്വന്തമാക്കി.
കാലാപാനി
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയാണ് കാലാപാനി. മലയാള സിനിമയ്ക്ക് മികച്ച ഫ്രെയിമുകള്‍ സമ്മാനിച്ച ചിത്രം. മോഹന്‍ലാല്‍, പ്രഭു, അംരീഷ് പുരി, തബു എന്നിവരായിരുന്നു ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ സെല്ലുലാര്‍ ജയിലിലെ തടവുകാരുടെ അവസ്ഥയാണ് ഈ സിനിമയിലൂടെ ആവിഷ്‌കരിച്ചിരുന്നത്. ഇന്ത്യയില്‍ തങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചവരോട് ബ്രിട്ടീഷുകാര്‍ കാണിക്കുന്ന ക്രൂരതയൊക്കെയായിരുന്നു കാലാപാനിയിലൂടെ അവതരിപ്പിച്ചത്. ചിത്രത്തിന് മൂന്ന് ദേശീയ അവാര്‍ഡുകളും ആറ് സംസ്ഥാന അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളാണ് ലഭിച്ചത്. തമിഴിലും ഹിന്ദിയിലും ചിത്രം എത്തിയിരുന്നു. തീയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു ചിത്രം കരസ്ഥമാക്കിയത്. അന്നത്തെക്കാലത്ത് രണ്ടരക്കോടി രൂപ മുതല്‍ മുടക്കിയാണ് ചിത്രം ഒരുക്കിയത്. സന്തോഷ് ശിവനായിരുന്നു സിനിമാട്ടോഗ്രഫി ചെയ്തത്. മലയാള സിനിമയ്ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര തരത്തിലുള്ള മേക്കിങ്ങായിരുന്നു കാലാപാനിയുടേത്. എന്നാല്‍ അതേ സമയം തന്നെ തീയേറ്ററുകളില്‍ മമ്മൂട്ടി ചിത്രം ഹിറ്റ്‌ലറും എത്തിയത് കാലാപാനിയുടെ കളക്ഷന്‍ കുറയാന്‍ കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്.
രക്ത സാക്ഷികള്‍ സിന്ദാബാദ്
മോഹന്‍ലാല്‍, സുരേഷ് ഗോപി, മുരളി, സുകന്യ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വേണു നാഗവള്ളി സംവിധാനം ചെയ്ത സിനിമയാണ് രക്തസാക്ഷികള്‍ സിന്ദാബാദ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ പൊട്ടിത്തെറിയെ കുറിച്ചുള്ള കൃത്യമായ വിവരണമായിരുന്നു രക്തസാക്ഷികള്‍ സിന്ദാബാദ് നല്‍കിയത്. സാമൂഹിക അസമത്വത്തിനും അനീതിക്കുമെതിരായ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ പ്രതിഷേധമായിരുന്നു ഈ സിനിമയില്‍ പ്രേക്ഷകര്‍ കണ്ടത്. ചിത്രം തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഈ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി യുവാക്കളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി മാറിയിരുന്നു. പുന്നപ്രവയലാറിലെ വീരപോരാട്ടത്തിന്റെ അമ്പത്തിരണ്ടാം വാര്‍ഷികത്തിലാണ് 1998 ഒക്‌ടോബര്‍ 30 ന് ‘രക്തസാക്ഷികള്‍ സിന്ദാബാദ്’ എന്ന ചിത്രം തീയറ്ററുകളില്‍ എത്തിയത്. കമ്യൂണിസ്റ്റ് അനുഭാവികളൊന്നടങ്കം ഈ സിനിമ തീയേറ്ററുകളില്‍ ഏറ്റെടുക്കുകയായിരുന്നു. വാണിജ്യപരമായും സിനിമ വിജയമായിരുന്നു.
1921
1921ല്‍ മുസ്ലീങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കും ഹിന്ദുക്കള്‍ക്കും എതിരെ നയിച്ച മാപ്പിള പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിന്റെ കഥ പറഞ്ഞ സിനിമയാണ് 1921. സ്വാതന്ത്ര്യ സമര കാലത്തെ നിരവധി ചരിത്ര സംഭവങ്ങളും ഈ സിനിമയില്‍ ആവിഷ്‌കരിച്ചിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, മധു, ഉര്‍വ്വശി എന്നിവരായിരുന്നു 1921ലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഐ വി ശശി സംവിധാനം ചെയ്ത ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. 100 ദിവസം പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമ തീയേറ്റര്‍ വിട്ടത്.
തലപ്പാവ്
കേരളത്തിലെ നക്‌സലൈറ്റ് വിപ്ലവത്തെ കുറിച്ചുള്ള കഥ പറഞ്ഞ സിനിമയാണ് തലപ്പാവ്. പൃഥ്വിരാജ്, ലാല്‍, അതുല്‍ കുല്‍ക്കര്‍ണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധുപാല്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ വലിയ രീതിയില്‍ കൈയ്യടി നേടിയിരുന്നു. നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സിനിമ തീയേറ്ററുകളില്‍ വേണ്ടത്ര തിളങ്ങിയില്ല. നക്‌സല്‍ വര്‍ഗീസിനെ കേന്ദ്രീകരിച്ച് കേരളത്തിലെ നക്‌സലൈറ്റ് വിപ്ലവത്തെക്കുറിച്ചായിരുന്നു തലപ്പാവ് പറഞ്ഞത്. ഈ ചിത്രത്തിലൂടെ നക്‌സലൈറ്റുകളുടെ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളും അവരുടെ നല്ല വശങ്ങളും പ്രേക്ഷകരിലേക്കെത്തിക്കാനുള്ള ശ്രമം സംവിധായകന്‍ നടത്തിയിരുന്നു. രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ തലപ്പാവ് സ്വന്തമാക്കിയിട്ടുമുണ്ട്.
പെരുന്തച്ചന്‍
തിലകന്‍, പ്രശാന്ത്, വിനയ പ്രസാദ്, മനോജ് കെ. ജയന്‍, മോനിഷ ഉണ്ണി, നെടുമുടി വേണു, ബാബു നമ്പൂതിരി, എം.എസ്. തൃപ്പുണിത്തുറ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് പെരുന്തച്ചന്‍. എം.ടി. വാസുദേവന്‍ നായര്‍ രചന നിര്‍വ്വഹിച്ച ഈ ചിത്രം പ്രേക്ഷകരോട് സംവദിച്ചത് പറയിപെറ്റ പന്തിരുകുലത്തിലെ ഒരാളായ പെരുന്തച്ചനും, മകനും തമ്മിലുള്ള ഉള്‍സംഘര്‍ഷങ്ങളായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ സിനിമ മികച്ച നടനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. തീയേറ്ററുകളില്‍ മികച്ച പ്രതികരണവും മോശമല്ലാത്ത തീയേറ്റര്‍ കളക്ഷനും ചിത്രം സ്വന്തമാക്കിയിരുന്നു.
വെളുത്തമ്പിദളവ
1962ല്‍ വേലുത്തമ്പി എന്ന കരുത്തനായ ഭരണാധികാരിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് വേലുത്തമ്പി ദളവ. എസ്.എസ്. രാജനും ജി. വിശ്വനാഥനും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയ്ക്കായി തിരക്കഥയും സംഭാഷണവും ഒരുക്കിയത് ജഗതി എന്‍.കെ. ആചാരി ആയിരുന്നു. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, പി.കെ. സത്യപാല്‍, എന്‍.എന്‍. പിള്ള, ആര്‍.എന്‍. നമ്പ്യാര്‍, കെടാമംഗലം സദാനന്ദന്‍ എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. 1962 ഫെബ്രുവരി 23നായിരുന്നു റിലീസ്. തീയേറ്ററുകളില്‍ വേണ്ടത്ര തിളങ്ങാന്‍ സിനിമയ്ക്കായിരുന്നില്ല.