2023നെ ഇളക്കിമറിച്ച സിനിമകൾ part 2

1 min read

2023ലെ മലയാളത്തിലെ വിജയചിത്രങ്ങളെക്കുറിച്ച് മുൻപൊരു വീഡിയോ ചെയ്തിരുന്നു. അതിന്റെ തുടർച്ചയാണിത്. ആദ്യ വീഡിയോയിൽ പറയാതെ പോയ മറ്റ് ചില സിനിമകളാണ് ഇതിന്റെ ഉള്ളടക്കം. ഈ വീഡിയോ കാണുന്നവർ മറക്കാതെ ഒന്നാം ഭാഗവും കാണുമല്ലോ?

കണ്ണൂർ സ്വാഡ്

ഛായാഗ്രാഹകനായ റോബി രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. മുഹമ്മദ് ഷാഫിയും റോണി ഡേവിഡും ചേർന്നൊരുക്കിയ തിരക്കഥ. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവി. എ.എസ്.ഐ ജോർജ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ മമ്മൂട്ടി. റോണി ഡേവിഡ്, അസീസ്, ശബരീഷ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. കാസർഗോഡ് നടക്കുന്ന ഒരു കൊലപാതകത്തിലെ പ്രതികളെ തേടി ഉത്തർപ്രദേശ് വരെയെത്തുന്ന പൊലീസ് സംഘത്തിന്റെ കഥയാണ് കണ്ണൂർ സ്‌ക്വാഡ്. മുന്നിലുള്ളത് 10 ദിവസം മാത്രം. ഭാഷയറിയാത്ത നാട്ടിലൂടെ കൊടും കുറ്റവാളികളെത്തേടിയുള്ള യാത്ര. കുറ്റവാളികളെ പിടികൂടിയപ്പോൾ കയ്യടി നേടിയത് മമ്മൂട്ടിയും സംഘവും മാത്രമല്ല, കേരള പൊലീസിലെ ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് കൂടിയായിരുന്നു. നായികയില്ലെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ഗരുഡൻ

മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതിയ ചിത്രം.  നവാഗതനായ അരുൺ വർമയുടെ സംവിധാനം. പ്രഖ്യാപനം മുതൽക്കേ വൻ പ്രതീക്ഷ നൽകിയ ഇൻവസ്റ്റിഗേറ്റീവ് സ്റ്റോറി. ഡി.സി.പി ഹരീഷ് മാധവനായി സുരേഷ് ഗോപിയും, നിശാന്ത് എന്ന കോളേജ് പ്രഫസറായി ബിജു മേനോനും നിറഞ്ഞാടി.  ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകൾ കൊണ്ടും വൈകാരിക രംഗങ്ങൾ കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തി ഗരുഡൻ. കൊച്ചി നഗരത്തിൽ നടക്കുന്ന ഒരു പ്രമാദമായ കുറ്റകൃത്യത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്.  തുടർന്ന് നടക്കുന്ന അന്വേഷണത്തിലൂടെ പുരോഗമിക്കുന്ന ചിത്രം വൈകാതെ മറ്റൊരു ട്രാക്കിലേയ്ക്ക് കടക്കുന്നു.  ബിജു മേനോന്റെ കരിയറിലെ വ്യത്യസ്ത വേഷപ്പകർച്ച കൂടിയാണ്. ഹരീഷ് മാധവനെയും നിശാന്തിനെയും ഒരുപോലെ സ്വീകരിച്ചു ്രേപക്ഷകർ.

കാതൽ: ദി കോർ

മെഗാസ്റ്റാർ മമ്മുട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം. സംവിധാനം ജിയോ ബേബി. നിർമ്മാണം മമ്മൂട്ടി കമ്പനി.  മാത്യു ദേവസ്സി എന്ന സവർഗാനുരാഗിയായാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കുടുംബകഥകൾ പലതുവന്നിട്ടുള്ള മലയാള സിനിമയിൽ ധീരമായൊരു ചുവടുവെയ്പ്പാണ് കാതൽ. ദാമ്പത്യ ജീവിതത്തിലെ എണ്ണിയാലൊടുങ്ങാത്ത ഇണക്കങ്ങളും പിണക്കങ്ങളും കണ്ട മലയാളി പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു ദൃശ്യാനുഭവം. മമ്മൂട്ടിയെപ്പോലൊരു താരം ഇത്തരമൊരു വിഷയം തെരഞ്ഞെടുത്തു എന്നതു തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ഇന്റിമേറ്റ് രംഗം പോലുമില്ലാതെ കയ്യടക്കത്തോടെ ഈ വിഷയം കൈകാര്യം ചെയ്ത സംവിധായകനെ അഭിനന്ദിക്കാതെ വയ്യ.

ഫാലിമി

യാത്ര പോകാൻ ആഗ്രഹിക്കുന്ന 82 കാരന്റെയും അയാളുടെ കുടുംബത്തിന്റെയും രസകരമായ കഥ. തലതിരിഞ്ഞൊരു കുടുംബം. നിതീഷ് സഹദേവിന്റെ സംവിധാനം. ഒരു ഓഫ് ബീറ്റ് ഫൺ ഫിലിം! അൽപസ്വൽപം ബാധ്യതകളും അതിനേക്കാളേറെ ഈഗോയും കൊണ്ടുനടക്കുന്ന ഒരു ശരാശരി മലയാളി കുടുംബത്തിന്റെ നേർപതിപ്പാണ് ഫാലിമിയിലെ ചന്ദ്രന്റെ കുടുംബം. ഒരു മേൽക്കൂരയ്ക്കു കീഴിൽ കഴിയുന്നുണ്ടെങ്കിലും കുടുംബാംഗങ്ങൾ തമ്മിൽ വലിയ ഇഴയടുപ്പമില്ല. എവിടെയോ എന്തോ തകരാറുണ്ടെന്ന് അവർക്കെല്ല.ാം അറിയുകയും ചെയ്യാം. പ്രത്യേക സാഹചര്യത്തിൽ കുടുംബാംഗങ്ങളെല്ലാവരും ചേർന്നൊരു യാത്ര പോകുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. അഭിനേതാക്കളുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായ സിനിമ.  ആദ്യകാഴ്ചയിൽ സിനിമയിലെ നായകൻ ബേസിലിന്റെ അനൂപ് ചന്ദ്രനാണെന്ന് തോന്നിക്കുമെങ്കിലും യഥാർത്ഥ നായകനെ തിരിച്ചറിയുന്നത് പിന്നീടാണ്. മീനരാജ് പള്ളുരുത്തി അവതരിപ്പിക്കുന്ന അപ്പൂപ്പനാണ് സിനിമയിലെ യഥാർത്ഥ താരം.

നേര്

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും പ്രതീക്ഷയായിരുന്നു. ഇത്തവണയും പ്രതീക്ഷ തെറ്റിയില്ല. ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമ. കെട്ടുറപ്പുള്ള തിരക്കഥ. പ്രേക്ഷകന്റെ മനസ്സിനെ സ്പർശിക്കുന്ന ചിത്ര. ഒരു പെൺകുട്ടി പീഡനത്തിന് ഇരയാകുന്നതും തുടർന്നുണ്ടാകുന്ന പോലീസ് അന്വേഷണത്തിലൂടെയുമാണ് ചിത്രം ആരംഭിക്കുന്നത്. പ്രതിസ്ഥാനത്ത് ഒരു പ്രമുഖ വ്യവസായിയുടെ മകനാകുന്നതോടെ കേസിൽ അനധികൃതമായ ഇടപെടലുകൾ സംഭവിക്കുകയാണ്. അഭിഭാഷകരെ വിലയ്‌ക്കെടുത്തും സാക്ഷികളെ സ്വാധീനിച്ചും കേസ് ദുർബലപ്പെടുത്താൻ പ്രതിഭാഗം ശ്രമം നടത്തുന്നു. തുടർന്നാണ് കേസിൽ മോഹൻലാൽ അവതരിപ്പിക്കുന്ന സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹന്റെ രംഗപ്രവേശം. വലിയ താൽപര്യമില്ലാതെ, അപ്രതീക്ഷിതമായി കേസിന്റെ ഭാഗമാകുന്ന വിജയമോഹൻ പെൺകുട്ടിക്ക് നീതി നേടിക്കൊടുക്കാൻ വേണ്ടി നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രം.

240ൽ അധികം ചിത്രങ്ങൾ പോയ വർഷം റിലീസ് ചെയ്‌തെങ്കിലും, വിജയം നേടിയത് വിരലിൽ എണ്ണാവുന്നവ മാത്രമായിരുന്നു. നല്ല പ്രമേയമായിരുന്നിട്ടും പല ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയി എന്ന്് പറയാതെ വയ്യ. സൂപ്പർ താരങ്ങളുടെ വമ്പൻ ചിത്രങ്ങളാണ് 2024ൽ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ആകാംക്ഷയോടെ അവയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.

Related posts:

Leave a Reply

Your email address will not be published.