അംബാനിക്കും അമിതാഭ് ബച്ചനും ധർമേന്ദ്രക്കും വധഭീഷണി; വീടുകൾ ബോംബുവെച്ച് തകർക്കുമെന്ന് അജ്ഞാതൻ
1 min readമുംബൈ : വ്യവസായ പ്രമുഖൻ മുകേഷ് അംബാനിക്കും ഹിന്ദി ചലച്ചിത്ര താരങ്ങളായ അമിതാഭ്ബച്ചനും ധർമേന്ദ്രക്കും വധഭീഷണി. മൂവരുടെയും വീടുകൾ ബോംബുവെച്ച് തകർക്കുമെന്ന് മുംബൈ പൊലീസിന് അജ്ഞാതൻ ടെലിഫോണിലൂടെ അറിയിച്ചു.
പാൽഘറിലെ ശിവാജി നഗർ മേഖലയിൽ നിന്നാണ് ഭീഷണി കോളുകൾ എത്തിയിരിക്കുന്നത്. നാഗ്പൂരിലെ ലകഡ്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് കോൾ വന്നത്. മുംബൈയിലെ പ്രമുഖരായ വ്യക്തികളെ വധിക്കാൻ 25 പേരുടെ സംഘമാണ് എത്തിയിരിക്കുന്നതെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഇതിനെത്തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകാനുള്ള തീരുമാനം കഴിഞ്ഞദിവസം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. നിലവിൽ ഭീഷണി നിലനിൽക്കുന്നതിനാലാണിത്. സുരക്ഷയുടെ ചെലവ് അംബാനി തന്നെ വഹിക്കണം.